| Friday, 4th December 2020, 5:41 pm

ഒരു ഗ്രാമം ചോദിക്കുന്നു ഇത് കെട്ടിച്ചമച്ച കേസോ; യു.പിയിലെ ആദ്യ ലൗ ജിഹാദ് കേസിന്റെ യഥാര്‍ത്ഥ്യങ്ങളും അപകടങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലൗ ജിഹാദിനെ നിയമപരമായി നേരിടണമെന്ന ആവശ്യം ഉയര്‍ത്തി വലതുപക്ഷ രാഷ്ടീയത്തെ പ്രതിനിധാനം ചെയ്യുന്ന നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. കോടതികള്‍ പോലും കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത ലൗ ജിഹാദിനായി യു.പിയിലെ ആദിത്യനാഥ് സര്‍ക്കാര്‍ നിയമം കൊണ്ടുവരികയും, ഗവര്‍ണറുടെ അനുമതി പ്രസ്തുത നിയമത്തിന് ലഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തില്‍ ഈ നിയമത്തിന്റെ അപകടങ്ങളും യു. പി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ സംഭവിക്കുന്നതെന്തെന്നും പരിശോധിക്കുകയാണ് ഡൂള്‍ എക്‌സ്പ്ലയിനര്‍.

ലൗ ജിഹാദെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിയമ പ്രകാരം ആദ്യ അറസ്റ്റ് നടക്കുന്നത് നവംബര്‍ 29നാണ്. അതായത് യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കി മണിക്കൂറുകള്‍ക്കകം യു.പിയില്‍ ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു.

ഒവൈസ് അഹമ്മദ് എന്ന യുവാവിന് നേരെ പുതിയ ആന്റി കണ്‍വേര്‍ഷന്‍ നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിര്‍ബന്ധിതമായി മകളെ മതപരിവര്‍ത്തനം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലായിരുന്നു കേസ്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ആദിത്യനാഥ് സര്‍ക്കാരിന്റെ ആന്റി കണ്‍വേര്‍ഷന്‍ നിയമത്തിലെ അപകടവും ഈ നിയമം എത്തരത്തിലാണ് പ്രയോഗിക്കപ്പെടാന്‍ പോകുന്നത് എന്നതും ചര്‍ച്ചയാകുകയാണ്.

ഒവൈസ് അഹമ്മദിന്റെ കുടുംബത്തിന്റെ പ്രതികരണം

ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒവൈസി അഹമ്മദിനെ അറസ്റ്റ് ചെയ്യുന്നത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് മേലുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. ഏപ്രിലിലാണ് ഒരു ഹിന്ദു യുവതിയുമായി ഒവൈസിന്റെ വിവാഹം നടക്കുന്നത്.

ഒവൈസിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നുവെന്നും ഒവൈസ് അഹമ്മദിന്റെ 70കാരനായ അച്ഛന്‍ റഫീഖ് പറയുന്നു.

ഒവൈസിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം ചുമത്തിയ കേസ് അത്യന്തം വേദനാജനകം മാത്രമല്ല ഭയപ്പെടുത്തുന്നതുമാണെന്നും ഒവൈസിന്റെ കുടുംബം പറയുന്നു.

പെണ്‍കുട്ടിയുടെ കുടുംബവും തങ്ങളും തമ്മില്‍ ഒരു വിധ പ്രശ്‌നങ്ങളുമില്ല. നിലവില്‍ പൊലീസ് തന്റെ മകനു നേരെ ചുമത്തിയ എഫ്.ഐ.ആറില്‍ മകന്റെ ഭാര്യയുടെ കുടുംബത്തിന് ബന്ധമൊന്നുമില്ല എന്നാണ് ഒവൈസിന്റെ അച്ഛന്‍ പറയുന്നത്.

കേസില്‍ തങ്ങളോടൊപ്പം തന്നെ നില്‍ക്കുമെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു എന്നുള്ള ഒവൈസിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവം നിറഞ്ഞതാണ്.

പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ കേസില്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് പറഞ്ഞെന്നാണ് ഒവൈസിന്റെ അച്ഛന്‍ പറയുന്നത്. പൊലീസിന് പ്രശംസ ലഭിക്കാനാണ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതെന്നും എഫ്.ഐ.ആറിട്ടതെന്നും അദ്ദേഹം പറയുന്നു.

പൊലീസ് തന്നെ മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ കുടുംബത്തോടും ഇത് തന്നെ ചെയ്തിരിക്കാമെന്നുമാണ് റഫീഖ് പറയുന്നത്. ഈ വാദങ്ങളെല്ലാം തന്നെ നിശ്ചയമായും അന്വേഷിക്കേണ്ടതാണ്. മാത്രവുമല്ല മുസ്ലിങ്ങളെ വേട്ടയാടാനും സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ഈ നിയമം ഉപയോഗിക്കപ്പെടുമെന്നത് കൂടിയാണ് ഒവൈസിന്റെ അച്ഛന്റെ വെളിപ്പെടുത്തില്‍ വ്യക്തമാക്കുന്നതാണ്.

ഒവൈസിന്റെ വീട്ടില്‍ നിന്ന് കേവലം 100 മീറ്റര്‍ അകലെ മാത്രമാണ് പെണ്‍കുട്ടിയുടെ വീട്. ഇന്ത്യന്‍ എക്‌സ്പ്രസ് ടീം അവിടെയെത്തുമ്പോള്‍ വീടടച്ചു പൂട്ടി വീട്ടുകാര്‍ അകത്തിരുന്നുവെന്നും സംസാരിക്കാന്‍ വിസമ്മതിച്ചുവെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊലീസിന്റെ വാദം

കേസില്‍ പൊലീസിന്റെ വാദം തങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചതല്ലെന്നും നവംബര്‍ 27ന് മാത്രമാണ് പരാതി തങ്ങള്‍ക്ക് ലഭിച്ചതെന്നാണ്. ഈ സമയത്ത് തന്നെ നിയമം പാസായതുകൊണ്ടാണ് ലൗ ജിഹാദ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസായി ഇത് മാറിയതെന്നും ഡി.ഐ.ജി രാജേഷ് പാണ്ഡേ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പെണ്‍കുട്ടിയും ഒവൈസും തമ്മില്‍ ഒളിച്ചോടി വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും യു.പി സര്‍ക്കാര്‍ നിയമം പാസാക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് എങ്ങിനെ അത്തരത്തിലൊരു പരാതി പരസ്പരം പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന കുടുംബങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവെന്നത് അന്വേഷിക്കപ്പെടേണ്ടതാണ്.

പൊലീസ് ഭീഷണിപ്പെടുത്തിയാണോ പെണ്‍കുട്ടിയുടെ കുടുംബത്തെ കൊണ്ട് പരാതി രജിസ്റ്റര്‍ ചെയ്യിപ്പിച്ചതെന്നും അന്വേഷിക്കപ്പെടണം. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഒവൈസും പെണ്‍കുട്ടിയും ഒളിച്ചോടി വിവാഹം ചെയ്തതിന് പിന്നാലെ ഒവൈസിനെതിരെ കിഡ്‌നാപ്പിങ്ങ് കേസും പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി തട്ടികൊണ്ടുപോയി എന്ന പരാതി നിഷേധിക്കുകയും തനിക്ക് ഒവൈസിനൊപ്പം തന്നെ പോകണമെന്ന് പറയുകയുമാണുണ്ടായത്. ഇത് പൊലീസും സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവരുടെ വിവാഹം കഴിയുന്നത്.

ഗ്രാമത്തിലുള്ളവര്‍ക്കും സംശയം

ഒവൈസ് അഹമ്മദിനെതിരെ പൊലീസ് ചുമത്തിയ കേസില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല പരാതിയുള്ളത്. ഗ്രാമ മുഖ്യനായ ദ്രുവ് രാജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് പവന്‍ ശര്‍മ്മയുടെ അച്ഛന്‍ നവാല്‍ കിഷോര്‍ ശര്‍മ്മ, നാരായണ്‍ ദാസ് തുടങ്ങി പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത നിരവധി പേരും പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയാണോ ഒവൈസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സംശയിക്കുന്നുണ്ട്. ദ്രുവ് രാജിന്റെ നേതൃത്വത്തിലാണ് മുന്‍പ് ഇവരുടെ വിവാഹ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതും.

ഒവൈസിന്റെയും പെണ്‍കുട്ടിയുടെയും വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതുകൊണ്ട് തന്നെ വീണ്ടും ഇത്തരത്തിലൊരു പരാതി വന്നതില്‍ പൊലീസിന്റെ ഇടപെടല്‍ പരിശോധിക്കണമെന്ന് ദ്രുവ് രാജ് പറയുന്നു.

പെണ്‍കുട്ടിയുടെ അച്ഛനെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് വിളിച്ചുകൊണ്ടു പോയെന്നാണ് നവാല്‍ കിഷോര്‍ പറയുന്നത്.

കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയുടെ സഹോദരന്‍ തന്നെ വന്ന് കണ്ട് ഒരു സംഘം പൊലീസുകാര്‍ അച്ഛനെ പിടിച്ചുകൊണ്ടുപോയെന്ന് പരാതിപ്പെട്ടതായാണ് നവാല്‍ കിഷോര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. പിന്നീട് താന്‍ കേള്‍ക്കുന്നത് ലൗ ജിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തയാണെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ഇപ്പോള്‍ ഇത്തരത്തിലൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്നാണ് ഗ്രാമത്തിലെ പലരും ഉയര്‍ത്തുന്ന നിര്‍ണായക ചോദ്യം.

ഒവൈസും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആരംഭിച്ചതാണെന്നാണ് സ്ഥലത്തെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ പറയുന്നത്.

ഒവൈസ് അഹമ്മദിന് പിന്നാലെ മുസഫര്‍പൂര്‍ ജില്ലയില്‍ നദീം, സുലൈമാന്‍ എന്നീ യുവാക്കള്‍ക്ക് നേരകൂടി നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഇത് വ്യക്തമാക്കുന്നത് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് പോലെ തന്നെ മുസ്‌ലിങ്ങളെ വേട്ടയാടാന്‍ മാത്രമായി ഈ നിയമം പ്രയോഗിക്കപ്പെട്ടേക്കാം എന്ന് തന്നെയാണ്.

യു.പി സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ഒരു സ്ത്രീ വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തിയാല്‍ ആ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. ആരെങ്കിലും അവരുടെ യഥാര്‍ഥ മതത്തിലേക്ക് മടങ്ങുകയാണെങ്കില്‍, അതു മതപരിവര്‍ത്തനമായി കണക്കാക്കില്ല.

മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണ്. നിയമലംഘനമുണ്ടായാല്‍, മതപരിവര്‍ത്തനത്തിന് ഇരയായയാള്‍ക്ക് പ്രതികള്‍ നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ വരെ നല്‍കേണ്ടിവരും. പിഴയ്ക്കു പുറമേയാണിത്. ഓര്‍ഡിനന്‍സിനുകീഴില്‍ മുമ്പ് ശിക്ഷിക്കപ്പെട്ടവരെ അതേ കുറ്റത്തിനു വീണ്ടും പിടികൂടിയാല്‍ അവര്‍ ഇരട്ട ശിക്ഷയ്ക്ക് വിധേയരാകും.

എന്നാല്‍ സര്‍ക്കാരിന്റെ നിയമം മതേതര ഇന്ത്യയുടെ അന്തസത്തെയെ തന്നെ ചോദ്യം ചെയ്യുമെന്നും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാം എന്നുള്ള വാദങ്ങള്‍ക്ക് ബലം നല്‍കുകയാണ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Reality behind UP’s first love jihad case

We use cookies to give you the best possible experience. Learn more