ബി.ജെ.പിയുടെ സംസ്ഥാന ഘടകം പുറത്തിറക്കിയ ഒരു നോട്ടീസാണ് ഈ പോസ്റ്റിന് ആധാരം. കൂടാതെ സോഷ്യല്‍ മീഡിയയില്‍ പലയിടത്തും, സംഘികള്‍ ഈ നുണകള്‍ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. ഇതേ കുറിച്ച് പഠിച്ചിട്ടുള്ളവരെ പോലും തെറ്റിദ്ധരിപ്പിക്കുന്നതും കണ്ടു . പനികിടക്കയിലാണ്. എന്നാലും ഇത് എഴുതാതിരിക്കാന്‍ വയ്യ.
എന്‍.ആര്‍.സിയെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും അതിന്റെ ചട്ടങ്ങള്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സി.എ.എ യും എന്‍.ആര്‍.സിയും എന്‍.പി.ആറും ഒന്നും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും എല്ലാം വെവ്വേറെ നടപടിക്രമങ്ങള്‍ ആണെന്നുമാണ് സംഘ്‌കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു പെരുംകള്ളം.
എന്താണ് സത്യം? എന്‍.ആര്‍.സി എന്നത് 2003 ലെ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കികഴിഞ്ഞതാണ് . 2003 ലെ പൗരത്വ നിയമഭേദഗതിയിലൂടെ വാജ്പേയ് സര്‍ക്കാര്‍ പുതുതായി കൂട്ടി ചേര്‍ത്ത ക്ലോസ് 14 എ (1) ഇങ്ങനെ പറയുന്നു.
‘എല്ലാ പൗരന്മാരും നിര്‍ബന്ധമായും പൗരത്വം രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും’.
ശ്രദ്ധിക്കണം. Compulsorily register എന്നാണ് ഉപയോഗിച്ചിട്ടുള്ള പ്രയോഗം ഓപ്ഷണല്‍ അല്ല.
14 എ (2) എന്താണ് പറയുന്നത് എന്ന് നോക്കൂ.
‘ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഒരു ദേശീയ പൗരത്വ പട്ടിക ഉണ്ടാക്കും (National Register of Indian Citizens). അതിന്റെ നടത്തിപ്പിനായി ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ അതോറിറ്റി സ്ഥാപിക്കുകയും ചെയ്യും’.
ഈ ഭേദഗതിയോടനുബന്ധിച്ച് 2003-ല്‍ പുറത്തിറക്കിയ ചട്ടങ്ങളിലാണ് എന്‍.പി.ആര്‍ കടന്ന് വരുന്നത്. എന്‍.ആര്‍.സി എന്താണെന്നും എങ്ങനെ നടപ്പിലാക്കണമെന്നും കൂടുതല്‍ വിശദമായി ഈ ചട്ടങ്ങളില്‍ (Citizenship Rules 2003) പറയുന്നു . ഒരു പ്രദേശത്തു ആറ് മാസമോ അതില്‍ കൂടുതലോ ആയി താമസിച്ചു വരുന്ന ആളുകളെ ആണ് എന്‍.പി.ആറില്‍ ഉള്‍പ്പെടുത്തുക എന്ന് ഈ ചട്ടങ്ങളില്‍ പറയുന്നു.
വാജ്പേയ് സര്‍ക്കാര്‍ ഇത് നിയമമാക്കിയെങ്കിലും ഇത് നടപ്പിലാക്കിയത് യു.പി.എ സര്‍ക്കാരാണ് എന്നതും എടുത്തു പറയണം. എന്‍.പി.ആറിന്റെ ഒന്നാംഘട്ട വിവര ശേഖരണം 2010 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നടപ്പിലാക്കി. പക്ഷേ, അപ്പോഴും, ഇത് പൗരത്വം മതാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള കുല്‍സിത നീക്കത്തിന്റെ മുന്നോടിയാണ് എന്നറിഞ്ഞു കൊണ്ടല്ല അവര്‍ അത് ചെയ്തത്.
കോണ്‍ഗ്രസ്സിന് അത് മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയത്, അപര വിദ്വേഷത്തില്‍ അധിഷ്ഠിതമായ അക്രമോല്‍സുക ദേശീയതാസങ്കല്‍പ്പത്തില്‍ നിന്ന് ഒരു ചുവട് മുന്നോട്ട് വെക്കാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലാത്തത് കൊണ്ടാണ്.
ഈ എന്‍.പി.ആറും എന്‍.ആര്‍.സിയും ആധാറും വരെ ഉടലെടുത്തത് ‘പാകിസ്ഥാന്‍ ഭീതി’യില്‍ നിന്നാണ്. യുദ്ധാനന്തരം, കാര്‍ഗില്‍ ഡിഫന്‍സ് റിവ്യൂ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ആധാറിനും എന്‍.പി.ആറിനുമൊക്കെ ജന്മം കൊടുത്തത്. അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റം ചെറുക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പൗരന്മാരുടെ കണക്കെടുപ്പ് വേണം എന്ന ശുപാര്‍ശയെ വലിച്ചു നീട്ടിയാണ്, യുദ്ധഭീതി മുതലെടുത്ത് അത് രാജ്യമൊട്ടാകെ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള പഴുതായി വാജ്പേയ് സര്‍ക്കാര്‍ ഉപയോഗിച്ചത്.
ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും നേരെ നിശിതവിമര്‍ശനം ഉള്ള റിപ്പോര്‍ട്ടായിരുന്നു ഇത് എന്നതാണ് അതിന്റെ ഐറണി. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത് എന്നായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനപരമായ കണ്ടെത്തല്‍ എന്നും ഓര്‍ക്കണം.
ഇനി വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മാത്രം നടപ്പിലാക്കേണ്ട ഒരു മുന്‍കരുതല്‍ നടപടി എന്നതില്‍ കവിഞ്ഞു രാജ്യമൊട്ടാകെ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഒരു രാജ്യത്തെ സാമൂഹ്യ സുരക്ഷയെയും ക്രാനുഗതമായ ജനസംഖ്യാ വളര്‍ച്ചയെയും അട്ടിമറിക്കുന്ന തരത്തില്‍ നുഴഞ്ഞു കയറ്റം നടക്കുന്നുണ്ട് എന്ന് തെളിയിക്കാന്‍ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയല്‍ പോരാ.
ഹിന്ദുരാഷ്ട്ര നിര്‍മിതിയുടെ വക്താക്കള്‍ നിരന്തരം ഉല്‍പ്പാദിപ്പിക്കുന്ന മുസ്ലിം വിദ്വേഷം അല്ലാതെ ഇത്തരം അപര ഭീതികള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ല. രാജ്യത്ത് വന്‍തോതില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെങ്കില്‍ അത് പ്രതിഫലിക്കേണ്ടത് സെന്‍സസിലാണ്. നാളിതുവരെ അത്തരത്തിലുള്ള യാതൊരു ഡാറ്റയും സെന്‍സസില്‍ നിന്ന് ലഭിച്ചിട്ടില്ല.
എന്‍.ആര്‍.സി കോണ്‍ഗ്രസ്സിന്റെ കുട്ടിയാണ് എന്നാണ് മറ്റൊരു സംഘി പ്രചാരണം. അസമില്‍ രാജീവ് ഗാന്ധിയുടെ കാലത്ത് ഒപ്പ് വെച്ച അസം കരാര്‍ ചൂണ്ടിക്കാട്ടിയാണ് ഈ പ്രചാരണം. അസമിലെ സവിശേഷമായ ആഭ്യന്തരസാഹചര്യത്തിന്റെ വെളിച്ചത്തിലാണ് അത്തരമൊരു തീരുമാനം എടുത്തത്. പക്ഷേ അപ്പോഴും ഓര്‍ക്കേണ്ട സുപ്രധാന കാര്യം അവിടെ മതം ഒരു മാനദണ്ഡം അല്ലായിരുന്നു എന്നുള്ളതാണ്.
ഇനി വരാനിരിക്കുന്ന എന്‍.പി.ആര്‍ എങ്ങനെയാണ് കൂടുതല്‍ ഭീഷണിയാകുന്നത് എന്ന് നോക്കാം. എന്‍.പി.ആര്‍ കണക്കെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഇല്ലാതിരുന്ന കുറച്ചു പുതിയ ചോദ്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കളുടെ ജനനസ്ഥലവും അതുമായി ബന്ധപ്പെട്ട രേഖകളും ആണ് ഈ പുതിയ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിങ്ങള്‍ രേഖകള്‍ കൊടുത്താലും ഇല്ലെങ്കിലും നിങ്ങള്‍ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടണമോ വേണ്ടയോ എന്ന് ഭരണകൂടം തീരുമാനിക്കും.
സിറ്റിസണ്‍ഷിപ്പ് റൂള്‍ 2003 യിലെ ചട്ടം 4 (4) പ്രകാരം നിങ്ങളെ Doubftul സിറ്റിസണ്‍ ആയി മാര്‍ക്ക് ചെയ്യാനുള്ള അധികാരം നിങ്ങളുടെ പ്രദേശത്തെ പൗരത്വപട്ടികയുടെ ചുമതല വഹിക്കുന്ന റെജിസ്ട്രാര്‍ക്ക് നല്‍കിയിരിക്കുന്നു. പിന്നീട് അത് തെളിയിക്കേണ്ടത് നിങ്ങളുടെ മാത്രം ബാധ്യതയാണ്. തെളിയിക്കാന്‍കഴിഞ്ഞില്ലെങ്കില്‍ നിങ്ങളീ രാജ്യത്തെ പൗരന്‍ അല്ലാതായി തീരും. ഇതൊക്കെ 2003ല്‍ തന്നെ തീരുമാനിച്ചു കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം. ഇതിലേക്ക് മതം കൊണ്ട് വന്നു എന്നതാണ് 2019 ലെ പൗരത്വ നിയമ ഭേദഗതിയിലൂടെ മോഡി സര്‍ക്കാര്‍ ചെയ്തത്.
അനധികൃത കുടിയേറ്റക്കാരായ മുസ്ലിങ്ങളെ മാത്രം ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാക്കാനുള്ള പണി കഴിഞ്ഞ മോഡി സര്‍ക്കാരിന്റെ കാലത്ത് തന്നെ നടപ്പിലാക്കിയിരുന്നു. 2015 ലും 2016 ലുമായി പാസ്‌പോര്‍ട്ട് ആക്റ്റിന്റേയും,ഫോറിനേഴ്‌സ് ആക്റ്റിന്റേയും ചട്ടങ്ങളില്‍ കൊണ്ട് വന്ന ഭേദഗതിയിലൂടെയാണ് മൂന്ന് രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ ഒഴിച്ചുള്ള ആറ് മതവിഭാഗങ്ങളില്‍ പെട്ട അനധികൃതകുടിയേറ്റക്കാരെ ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയത്.
മുസ്ലിം ജനതയെ ക്രിമിനലൈസ് ചെയ്യുക എന്ന ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പദ്ധതി തന്നെയാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .മുത്തലാഖ് നിയമം അതില്‍ രണ്ടാമത്തേത് ആയിരുന്നു. ഒന്നാമത്തേത് പാസ്‌പോര്‍ട്ട് ആക്ട്, ഫോറീനേഴ്സ് ആക്ട് ചട്ടങ്ങളില്‍ കൊണ്ട് വന്ന ഭേദഗതികള്‍ ആയിരുന്നു . ഇതൊക്കെ നടക്കുമ്പോള്‍ എവിടെയായിരുന്നു പ്രതിപക്ഷം എന്ന ചോദ്യം നമ്മള്‍ കരുതി വെക്കണം . മുന്നില്‍ കാണുന്ന ഓരോ കോണ്‍ഗ്രസ്സുകാരനോടും ചോദിക്കുകയും വേണം.
2019 ജൂലൈ 31 ന് ഇറങ്ങിയ ഗസറ്റ് വിജ്ഞാപനമനുസരിച്ച് 2020 ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് എന്‍.പി.ആറിന്റെ രണ്ടാം ഘട്ട വിവരശേഖരണം നടക്കുക. ഓര്‍ക്കുക, ഏതാണ്ട് ഇതേ കാലയളവില്‍ ആണ് സെന്‍സസ് പ്രവര്‍ത്തനങ്ങളും നടക്കേണ്ടത്. സെന്‍സസിനിടയിലൂടെ എന്‍.പി.ആര്‍ ഒളിച്ചു കടത്തുകയാണ് ലക്ഷ്യം. ജനങ്ങള്‍ സെന്‍സസിനോട് പോലും സഹകരിക്കാത്ത ഭീതിദമായ സാഹചര്യമാണ് രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നത് .
ട്രോളുകള്‍ വേണം. പക്ഷേ വസ്തുതകള്‍ മുന്നില്‍ വെച്ച് പ്രതിരോധം ശക്തമാക്കേണ്ട രണ്ടാംഘട്ടമായിരിക്കുന്നു അന്തിമ തീരുമാനം ജനങ്ങളുടെ കോടതിയില്‍ നിന്ന് തന്നെ ഉണ്ടാകേണ്ടി വരും. നുണകള്‍ കൊണ്ട് അവരെത്ര കൊട്ടാരം കെട്ടിപ്പടുത്താലും വസ്തുതകള്‍ നിരത്തി നമ്മള്‍ പ്രതിരോധിക്കും. അവസാനത്തെ ചിരി അവരുടെതാവില്ല, ഉറപ്പ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ