കോഴിക്കോട്: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം വീണ്ടും ആശങ്കയിലാഴ്ന്നിരിക്കുകയാണ്.
കേരളജനത മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയം പോലും വ്യാജപ്രചാരണങ്ങള്‍ ഉണ്ടാവുന്നതിനെ കഴിഞ്ഞദിവസം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രോഗം സ്ഥിരീകരിക്കാന്‍ വൈകിയതിനെക്കുറിച്ചാണ് ഇത്തരത്തിലുണ്ടാവുന്ന ഏറ്റവും പ്രധാന പ്രചാരണങ്ങളിലൊന്ന്. അതിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്..
എറണാകുളത്ത് ചികിത്സയില്‍ക്കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ വൈറസ് ബാധയുണ്ടെന്ന് രണ്ടാംതീയതി ബെംഗളൂരുവിലെ സ്വകാര്യലാബില്‍ നിന്നും പിന്നീട് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും റിപ്പോര്‍ട്ട് വന്നതിനുശേഷവും എന്തുകൊണ്ടാണ് ഇന്നലെവരെ സര്‍ക്കാര്‍ സ്ഥിരീകരണം വൈകിച്ചത് ?
ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കണമെങ്കില്‍ ആദ്യം ലോകാരോഗ്യ സംഘടനയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (ആര്‍ ആന്‍ഡ് ഡി) ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുള്ള ഒരു പട്ടിക ശ്രദ്ധിക്കേണ്ടതുണ്ട്.
ഏതൊക്കെ രോഗങ്ങളും പകര്‍ച്ചവ്യാധികളുമാണോ പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും ബാധിക്കുന്നതും, അടിയന്തരമായി പരിശോധനയും ഗവേഷണവും മറ്റും നടത്തേണ്ടതെന്നതും സംബന്ധിച്ച് ഈ പട്ടികയില്‍ കൃത്യമായി പറയുന്നുണ്ട്. അതനുസരിച്ച് എട്ട് രോഗങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ ഇന്ന് കേരളത്തില്‍ ഭീതി പരത്തുന്ന നിപ വൈറസും ഉള്‍പ്പെട്ടിട്ടുണ്ട്. ആ പട്ടിക ഇതാ:
1) കോംഗോ പനി
2) എബോള വൈറസ്
3) ലാസാ പനി
4) മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം കൊറോണവൈറസ്
5) നിപാ വൈറസ്
6) റിഫ്റ്റ് വാലി ഫീവര്‍
7) സിക
എട്ടാമത്തെ രോഗമായി പട്ടികയിലുള്ളത് ‘ഡിസീസ് എക്സ്’ എന്നാണ്. ഇത് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നാല്‍ അതു ചെയ്യുന്നതിനു വേണ്ടിയാണ്. 2018-ലെ ലോകാരോഗ്യ സംഘടനയുടെ വാര്‍ഷികയോഗത്തിലാണ് പട്ടിക ഏറ്റവും അവസാനമായി പുതുക്കിയത്.
പട്ടിക പ്രകാരം ഈ ഏഴു രോഗങ്ങള്‍ (എട്ടാമത്തേത് ‘ഡിസീസ് എക്സ്’ ആയതിനാല്‍) മറ്റേതു രോഗത്തിനു നല്‍കുന്നതിനേക്കാളും പ്രാമുഖ്യം നല്‍കിയാവണം ചികിത്സിക്കേണ്ടതെന്നും പഠനം നടത്തേണ്ടതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇതിനായി നിരീക്ഷണവും ഡയഗ്‌നോസിസും അടക്കമുള്ളവ നടത്തണം.
അത്തരത്തില്‍ സൂക്ഷ്മതയോടെ ഗവേഷണം നടത്തിയതിനു ശേഷമാവണം രോഗം സ്ഥിരീകരിക്കാന്‍. അപൂര്‍വമായുണ്ടാകുന്ന രോഗങ്ങളെന്ന സാധ്യതകൂടി കണക്കിലെടുത്താണിത്.
ഈ മാനദണ്ഡങ്ങള്‍ കണക്കിലെടുത്തായിരുന്നു കഴിഞ്ഞപ്രാവശ്യം നിപ വൈറസ് ബാധ വന്നപ്പോഴും ഇത്തവണയും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്.
കഴിഞ്ഞതവണ സ്ഥിരീകരണത്തിന് എടുത്തത് 36 മണിക്കൂര്‍
രാജ്യത്ത് ആദ്യമായാണ് നിപ വൈറസ് ബാധ എത്തുന്നതെങ്കിലും കഴിഞ്ഞതവണ 36 മണിക്കൂറിനുള്ളില്‍ത്തന്നെ രോഗം സ്ഥിരീകരിക്കാനായിട്ടുണ്ടെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. എ.എസ് അനൂപ് കുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
കഴിഞ്ഞതവണ നിപ വൈറസ് തിരിച്ചറിയാനും നേരത്തേതന്നെ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാമ്പിള്‍ അയച്ചു സ്ഥിരീകരിക്കാനും പകര്‍ച്ചവ്യാധി മഹാമാരിയായി പടരാതിരിക്കാനും സഹായിച്ചത് അനൂപ് അടക്കമുള്ള ഡോക്ടര്‍മാരുടെ ഇടപെടലാണ്.
അന്ന് ആദ്യം മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ച് പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. അതും നേരിട്ട് ഒരാളുടെ കൈവശം സാമ്പിള്‍ നല്‍കി മണിപ്പാലിലേക്ക് അയക്കുകയായിരുന്നു. അവിടെനിന്ന് പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചശേഷം പുണെയിലേക്ക് അയക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു.
ഇത്തവണ ആദ്യം ബെംഗളൂരുവിലെ സ്വകാര്യ ലാബിലേക്കാണ് അയച്ചത്. അവിടെനിന്ന് നിപ വൈറസ് സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചു. അവിടെനിന്നും സ്ഥിരീകരണമുണ്ടായി. തുടര്‍ന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകാനും ലോകാരോഗ്യ സംഘടന പറയുന്ന ഗവേഷണങ്ങളും പരിശോധനകളും പൂര്‍ത്തിയാകുന്നതിനും വേണ്ടിയാണ് പുണെയിലേക്ക് അയക്കുന്നത്. അവിടെനിന്നും ഇന്നലെ ഫലം എത്തുകയും സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ ബെംഗളൂരുവിലെ റിപ്പോര്‍ട്ട് വന്നപ്പോള്‍ത്തന്നെ സര്‍ക്കാര്‍ ആവശ്യത്തിനു നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. സാധാരണ വാര്‍ഡില്‍ നിന്നും രോഗിയെ ഐസൊലേറ്റ് ചെയ്യാനായി എന്നതാണ് അതില്‍ പ്രധാനം.
ആദ്യം പുണെയിലേക്ക് അയച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമോ ?
ഇനി ആദ്യം പുണെയിലേക്ക് അയക്കാമായിരുന്നില്ലേ എന്ന ചോദ്യം ഉയര്‍ന്നാല്‍ അതിനും ഉത്തരമുണ്ട്. സാധാരണ ഒരു പനിക്കോ മറ്റോ സാമ്പിള്‍ പുണെയിലേക്ക് അയക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ അപൂര്‍വരോഗങ്ങള്‍ക്കു മാത്രമാണ് ആ പ്രവൃത്തി ചെയ്യാനാവുക.
അതിനാദ്യം വേണ്ടത് മണിപ്പാലിലെ ഫലമാണ്. ആ ഫലത്തോടൊപ്പമാണ് പുണെയിലേക്ക് അയക്കാന്‍ സാധിക്കുക. അതും സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടു മാത്രം. അല്ലെങ്കില്‍ പുണെ ഇന്‍സ്റ്റിറ്റ്യൂട്ട് ആ സാമ്പിള്‍ സ്വീകരിക്കില്ല. റിപ്പോര്‍ട്ട് ആയാലും അവര്‍ ആദ്യം അറിയിക്കുക സര്‍ക്കാരിനെത്തന്നെയാണ്.
ഇത്തവണ ആദ്യം മണിപ്പാലിനെ ആശ്രയിക്കാതെ ബെംഗളൂരുവിലെ സ്വകാര്യ ലാബിനെ ആശ്രയിച്ചതിനും കാരണമുണ്ട്. തലച്ചോറിനെ ബാധിക്കുന്ന ഇന്‍ഫക്ഷനായ വൈറല്‍ എന്‍സഫലൈറ്റിസ് കണ്ടെത്തിയാല്‍ അതേത് വൈറസാണെന്നു കണ്ടെത്താന്‍ ലാബിലേക്ക് ഒരു വൈറസ് പാനല്‍ അയക്കുകയാണു സാധാരണ ചെയ്യാറ്. അതിന് 28,000 രൂപ ചെലവ് വരുമെന്നതിനാല്‍ രോഗിക്കു താങ്ങാന്‍ കഴിയുന്നതാണെങ്കില്‍ മാത്രമേ ചെയ്യൂ.
കഴിഞ്ഞപ്രാവശ്യം കോഴിക്കോട് നിപ വരുന്നതിനു മുന്‍പുവരെ നിപ വൈറസ് ഈ വൈറസ് പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞപ്രാവശ്യം നിപ ബാധിച്ചതിനാല്‍ മാത്രമാണ് വൈറസ് പാനലില്‍ നിപയുടെ പേരുള്‍പ്പെടുത്തിയത്. ആ വൈറസ് പാനല്‍ ഉള്ളതുകൊണ്ടുതന്നെ ഈ പരിശോധന നടത്താന്‍ കഴിയുന്ന ഏത് ലാബിനെയും സമീപിക്കാനാവും. അതിനാലാണ് അത്യാധുനിക സജ്ജീകരണങ്ങളുള്ള ബെംഗളൂരുവിലെ സ്വകാര്യ ലാബിലേക്ക് അയച്ചത്.
കഴിഞ്ഞപ്രാവശ്യം നിപയുടെ സാന്നിധ്യം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ വൈറസ് പാനലില്‍ നിപ വൈറസ് ഉള്‍പ്പെടുത്തില്ലായിരുന്നു. അപ്പോള്‍ ആദ്യ ആശ്രയം മണിപ്പാലാകുമായിരുന്നു.
പുണെയില്‍ നിന്ന് റിപ്പോര്‍ട്ട് വേണ്ടത് ആദ്യതവണ മാത്രം
ഒരു രോഗമോ പകര്‍ച്ചവ്യാധിയോ ഉണ്ടെന്നു കണ്ടെത്താന്‍ വേണ്ടി മാത്രമാണ് പുണെയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആവശ്യമായുള്ളത്. കഴിഞ്ഞതവണ കോഴിക്കോട് ഒരു കുടുംബത്തിലെ മൂന്നുപേരുടെ സാമ്പിളുകളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകളെ ആശ്രയിച്ചത്. പിന്നീട് രോഗം കണ്ടെത്തിയ 15 പേരുടെയും സാമ്പിളുകള്‍ പരിശോധിച്ചതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും മറ്റ് ലാബുകളിലാണ്.
ഇത്തവണയും എറണാകുളത്തു ചികിത്സയില്‍ക്കഴിയുന്ന രോഗിയുടെ സാമ്പിള്‍ പരിശോധിച്ച് സ്ഥിരീകരണത്തിലെത്താന്‍ മാത്രമാണ് പുണെയുടെ സഹായം ആവശ്യമായിട്ടുള്ളത്. ബാക്കി നടപടിക്രമങ്ങളൊക്കെ ഇവിടെത്തന്നെ ചെയ്യാന്‍ കഴിയും.