| Tuesday, 11th June 2019, 4:58 pm

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതിക്കും കഴിയില്ല; പ്രതി കേന്ദ്രസര്‍ക്കാര്‍

ഹരിമോഹന്‍

എറണാകുളം മരടില്‍ ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാതെ തത്സ്ഥിതി തുടരട്ടെയെന്ന് സുപ്രീംകോടതി ഉത്തരവിട്ടുകഴിഞ്ഞു. ആറാഴ്ചത്തേക്ക് പൊളിക്കേണ്ടെന്നാണ് ഉത്തരവ്. ഫ്‌ളാറ്റുകളിലെ താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജിയും ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയത്.

എന്നാല്‍ ആറാഴ്ചയ്ക്കുശേഷം ഈ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുമ്പോള്‍ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന തീരുമാനമെടുക്കാന്‍ സുപ്രീംകോടതിക്കു കഴിയില്ല. അതിനു കാരണം ഇതാണ്…

1991-ലാണ് തീരദേശ നിയന്ത്രണ മേഖല സംബന്ധിച്ച ആദ്യ വിജ്ഞാപനം (സി.ആര്‍.സെഡ്) വരുന്നത്. അതനുസരിച്ച് അപേക്ഷന്റെ ഉത്തരവാദിത്വമല്ല സി.ആര്‍.സെഡ് ക്ലിയറന്‍സ് എടുക്കുകയെന്നത്. കെട്ടിട നിര്‍മാണത്തിന് അനുമതി തേടിയുള്ള അപേക്ഷ നല്‍കിയാല്‍, അതിനു ബന്ധപ്പെട്ട അതോറിറ്റി അതു പരിശോധിച്ച് ക്ലിയറന്‍സ് നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കുകയാണ് ചെയ്യേണ്ടത്.

എന്നാല്‍ മരടില്‍ സംഭവിച്ചതു നഗ്നമായ ചട്ടലംഘനമാണ്. പരിസ്ഥിതിലോല പ്രദേശമായതിനാല്‍ നിര്‍മാണം സാധിക്കാത്ത ‘സോണ്‍ ത്രീ’ മേഖലയിലാണ് ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനുള്ള അനുമതിയുമായി ഉടമകള്‍ പഞ്ചായത്തിനെ സമീപിച്ചത്. നോ ഡെവലപ്‌മെന്റ് സോണായ (എന്‍.ഡി.സെഡ്) സോണ്‍ ത്രീയിലുള്ള കാര്യങ്ങളില്‍ പഞ്ചായത്താണു തീരുമാനമെടുക്കേണ്ടത്. സോണ്‍ ത്രീയിലുള്ള മേഖലകളില്‍ തീരപ്രദേശത്തു നിന്ന് 200 മീറ്റര്‍ പരിധിയില്‍ നിര്‍മാണം പാടില്ല. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നവും ചട്ടവും മറികടന്ന് പഞ്ചായത്ത് സെക്രട്ടറി ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കുകയായിരുന്നു. 1996-2000 കാലഘട്ടത്തിലാണ് അനുമതി നല്‍കുന്നതും നിര്‍മാണം നടക്കുന്നതും.

പക്ഷേ കണ്‍സ്ട്രക്ടഡ് ഏരിയയായ ‘സോണ്‍ ടു’ ആണെങ്കില്‍ നിര്‍മാണം അനുവദനീയമാണ്. ജനസാന്ദ്രതയേറിയ മേഖലകളെയാണ് സോണ്‍ ടുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപ്രകാരം തീരപ്രദേശത്തു നിന്ന് 50 മീറ്റര്‍ പരിധിയില്‍ നിര്‍മാണം പാടില്ല.

എന്നാല്‍ ഈ ഫ്‌ളാറ്റുകള്‍ സോണ്‍ ത്രീയിലാണ് നിര്‍മാണം ആരംഭിച്ചതും ഈവര്‍ഷം ഫെബ്രുവരി വരെ നിലനിന്നതും. എന്നാല്‍ അതിനുശേഷം ഒരു സംഭവമുണ്ടായി. അതാണിപ്പോള്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം കോടതി മരവിപ്പിക്കാന്‍ കാരണവും.

വെള്ളം ചേര്‍ക്കുന്ന പരിസ്ഥിതി നിയമങ്ങള്‍

ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ ഫ്‌ളാറ്റുകളുടെ നിര്‍മാണമാണ് ഈ പ്രശ്‌നമുണ്ടാക്കിയിരിക്കുന്നത്. സോണ്‍ ത്രീയിലുള്‍പ്പെട്ട മേഖലയിലായിരുന്നു 1996 മുതല്‍ 2000 വരെ നീണ്ടുനിന്ന ഫ്‌ളാറ്റ് നിര്‍മാണം നടന്നത്.

ഫ്‌ളാറ്റുകള്‍ നിര്‍മിച്ചതിനുശേഷം 1991-ലെ ചട്ടം 2011-ല്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. സോണ്‍ ടു, സോണ്‍ ത്രീ മേഖലകള്‍ മാറ്റിനിശ്ചയിക്കപ്പെട്ടു. അതിനുവേണ്ട മാപ്പിങ് വര്‍ഷങ്ങളോളം നീളുകയും ചെയ്തു. ഏതൊക്കെ സ്ഥലങ്ങള്‍ ഏതൊക്കെ സോണിലാണ് വരേണ്ടതെന്നതു സംബന്ധിച്ച മാപ്പിങ് നടത്തേണ്ടത് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ്. മാപ്പിങ് പൂര്‍ത്തിയായതാകട്ടെ, ഈവര്‍ഷം മാര്‍ച്ചിലും.

മാപ്പിങ് പൂര്‍ത്തിയായപ്പോള്‍ ഫ്‌ളാറ്റുകള്‍ നില്‍ക്കുന്ന സ്ഥലം സോണ്‍ ടുവിലായി മാറി. അതായത്, നിര്‍മാണം അനുവദനീയമായ മേഖലയില്‍. ഇപ്പോള്‍ സുപ്രീംകോടതി വരെയെത്തിനില്‍ക്കുന്ന കേസില്‍ ഫ്‌ളാറ്റ് ഉടമകള്‍ക്കും താമസക്കാര്‍ക്കും പിടിവള്ളിയായിരിക്കുന്നത് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി മാപ്പിങ് വൈകിപ്പിച്ചതും ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന കേന്ദ്ര നിലപാടുമാണ്.

ഇപ്പോള്‍ ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരേ നിലപാടെടുത്തിരിക്കുന്ന കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിക്കു പോലും ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന അഭിപ്രായമില്ല.

എന്നാല്‍ തീരദേശ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് മരടിലെ നിര്‍മാണമെന്ന് അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോടതി, കെട്ടിടം നിലനില്‍ക്കുന്നത് സോണ്‍ ടുവിലാണോ ത്രീയിലാണോ എന്നു ചോദിച്ചിരുന്നു. അപ്പോള്‍ സോണ്‍ ത്രീയിലാണെന്ന് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി കോടതിയെ അറിയിച്ചു. അപ്പോഴാണ് ഫ്‌ളാറ്റുകള്‍ റെഗുലറൈസ് ചെയ്യാന്‍ സാധിക്കില്ലെന്നും പൊളിച്ചുനീക്കണമെന്നും കോടതി ഉത്തരവിട്ടത്. കേന്ദ്രം ചട്ടം ഭേദഗതി ചെയ്ത കാര്യം കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി കോടതിയെ അറിയിച്ചിരുന്നില്ല.

എന്നാല്‍ കോടതിയെ തെറ്റായ വിവരമാണു ധരിപ്പിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഫ്‌ളാറ്റ് ഉടമകള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സോണ്‍ ടുവിലാണെങ്കില്‍ പൊളിക്കേണ്ട ആവശ്യമില്ല. പിഴയടച്ച് റെഗുലറൈസ് ചെയ്താല്‍ മതിയെന്നാണ് ഹര്‍ജിക്കാരുടെ വാദം.

പൊളിച്ചാലും പണിയാം; ചട്ടത്തില്‍ കുരുക്ക്; പരിസ്ഥിതിക്ക് അടി

നിര്‍മാണം നടന്ന സമയത്ത് ഈ പ്രദേശം സോണ്‍ ത്രീയിലായിരുന്നെങ്കിലും ഇപ്പോള്‍ സോണ്‍ ടുവിലേക്കു മാറിയതിനാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കോടതിക്ക് ഉത്തരവിടാനാകില്ല. അഥവാ ഉത്തരവിട്ടാല്‍പ്പോലും നിലവില്‍ ഈ പ്രദേശം സോണ്‍ ടുവിലാണെന്നതിനാല്‍ പൊളിച്ചുമാറ്റിയാല്‍പ്പോലും വീണ്ടും ഫ്‌ളാറ്റുകള്‍ പണിയാന്‍ ഇവര്‍ക്കുതന്നെ അനുമതിക്കു സമീപിക്കാം.

പാരിസ്ഥിതികമായി കെട്ടിടം നില്‍ക്കാന്‍ പാടില്ല എന്നു കണ്ടെത്തുമ്പോള്‍ മാത്രമാണല്ലോ പൊളിക്കാന്‍ ഉത്തരവിടുന്നത്. അതാണ് ആദ്യഘട്ടത്തില്‍ കോടതി ചെയ്തതും. പക്ഷേ ഇപ്പോള്‍ അവ നിയമപരമായി നിലനില്‍ക്കുന്നതാണ്. ഫലത്തില്‍ കേന്ദ്രം തന്നെ ഓരോ 10 വര്‍ഷം കൂടുമ്പോഴും സി.ആര്‍.സെഡില്‍ വെള്ളം ചേര്‍ക്കുകയാണ്. സി.ആര്‍.സെഡിന്റെ ഉദ്ദേശ്യശുദ്ധി നിലനില്‍ക്കണമെങ്കില്‍ 1991-ലെ ആദ്യ വിജ്ഞാപനം അങ്ങനെതന്നെ നിലനില്‍ക്കണമെന്ന് പരിസ്ഥിതിപ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

1991-ലെ ചട്ടം പരിസ്ഥിതിസൗഹൃദം

1991-ലെ ആദ്യ സി.ആര്‍.സെഡ് ചട്ടം പരിസ്ഥിതിസൗഹൃദമാണ്. ഈ ചട്ടത്തിലെവിടെയും റെഗുലറൈസേഷനുള്ള വകുപ്പില്ല. പരിസ്ഥിതിനിയമം സംരക്ഷിച്ചാല്‍ പൊളിക്കുക എന്നുള്ളതാണ് അതില്‍ പറയുന്നത്. ആഘാതമുണ്ടാക്കിയിട്ട് പണം നല്‍കി പരിഹരിക്കാനാവില്ലാത്തതിനാലാണിത്.

ഈ ചട്ടം നിലനില്‍ക്കുന്ന സമയത്താണ് സമാനമായ കേസുകള്‍ തമിഴ്‌നാട്ടില്‍ വന്നത്. അപ്പോള്‍ സുപ്രീംകോടതി പറഞ്ഞത്, നിര്‍മാണപദ്ധതിക്കു ചെലവാക്കിയതിന്റെ അഞ്ചുശതമാനം തുക മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നല്‍കണമെന്നാണ്. അതുമാത്രം അഞ്ഞൂറ് കോടിയോളം രൂപ വന്നിരുന്നു. ആ അഞ്ചുശതമാനം കോര്‍പറേറ്റ് എന്‍വയോണ്‍മെന്റ് റെസ്‌പോണ്‍സിബിലിറ്റി പദ്ധതിക്കുള്ളതാണ്. അതുവഴി തീരദേശമേഖലയില്‍ ഫ്‌ളാറ്റുകള്‍ മൂലം വരുത്തിയ മാലിന്യപ്രശ്‌നം അടക്കമുള്ളവ പരിഹരിക്കാനായി.

എന്നാല്‍ ചട്ടം ഭേദഗതി ചെയ്തശേഷം സമീപകാലത്തൊന്നും ഇത്തരം പ്രശ്‌നം ഉയര്‍ന്നിട്ടില്ല. അതിനാല്‍ത്തന്നെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഇപ്പോള്‍ ഫ്‌ളാറ്റ് ഉടമകള്‍ കോടതിയില്‍ ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമാണ്. ‘ഇങ്ങനെ വെള്ളം ചേര്‍ത്തുകൊണ്ടിരിക്കുന്ന ഒരു ചട്ടപ്രകാരം തങ്ങളുടെ ഫ്‌ളാറ്റുകള്‍ മാത്രം പൊളിക്കുന്നതില്‍ അര്‍ഥമില്ല. പൊളിച്ചിട്ട് വീണ്ടും പണിയാമെന്നാണെങ്കില്‍ പരിസ്ഥിതിക്ക് എന്തുപ്രശ്‌നം വരുമെന്നാണ് പറയുന്നത്?’ എന്നാണ് അവര്‍ കോടതിയില്‍ ചോദിച്ചത്.

ചുരുക്കത്തില്‍ അനധികൃത നിര്‍മാണത്തേക്കാള്‍ പ്രശ്‌നം, ഇത്തരത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടിരിക്കുന്ന ചട്ടങ്ങളാണ്. അനധികൃത നിര്‍മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിനു താങ്ങാനാകില്ലെന്ന് ഈ കേസില്‍ത്തന്നെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. അതാദ്യം മനസ്സിലാക്കേണ്ടതു കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്ന യാഥാര്‍ഥ്യമാണ് മരട് പ്രശ്‌നത്തില്‍ക്കൂടി വെളിപ്പെടുന്നത്.

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more