തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപമുള്ള മറ്റൊരു ക്ഷേത്രമായ തിരുവെങ്കിടം ക്ഷേത്രഭൂമിയില്‍ അതിക്രമിച്ചു കയറി പ്രസംഗിക്കുന്നതില്‍ നിന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ പൊലീസ് തടഞ്ഞു. ക്ഷേത്രത്തിന് സമീപം മൈക്ക് ഉപയോഗിക്കരുതെന്നാണ് പൊലീസ് പറഞ്ഞത്.
തിരുവെങ്കിടം പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ ഇവിടെ തുടരുകയാണ്.
ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ന് കെ.പി ശശികലയാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ പ്രസംഗിക്കാനൊരുങ്ങവെ പൊലീസ് ശശികലയെ തടയുകയായിരുന്നു.
നേരത്തേയും ഇവിടെ മൈക്ക് ഉപയോഗിക്കുന്നത് പൊലീസ് വിലക്കിയിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താനായി നാളെ സ്റ്റേഷനില്‍ എത്താനായി ഭാരവാഹികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ഭാരവാഹികള്‍ പ്രസംഗത്തിന് ശേഷം ശശികലയെ അറിയിച്ചു. തുടര്‍ന്ന് ശശികല ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്നു നാമജപം നടത്തി പ്രതിഷേധിച്ചു.
Don”t Miss: ചെഗുവേരയും ഭാരതവുമായി എന്താണ് ബന്ധമെന്ന് ഫേസ്ബുക്കില്‍ ചോദിച്ച കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് അസഭ്യവര്‍ഷം
ക്ഷേത്രത്തിന് മുന്നിലെ ഭൂമിയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി മൈക്ക് വെച്ച് പ്രസംഗിക്കുന്നതിനെതിരെ ഭക്തര്‍ തന്നെ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് മലബാര്‍ ദേവസ്വംബോര്‍ഡ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
ഇതേ തുടര്‍ന്ന് മൈക്ക് വെച്ച് പ്രതിഷേധം നടത്തുന്നതിന് അനുമതി നല്‍കിയിരുന്നില്ല. അതംഗീകരിക്കാതെ മൈക്ക് ഉപയോഗിച്ചതിനെ തുടര്‍ന്ന് ദേവസം അധികൃതര് വീണ്ടും പൊലീസില്‍ പരാതി നല്‍കി. സമരം നടത്തുന്നവരോട് സ്‌റ്റേഷനില്‍ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എത്തിയ ശശികലയുള്‍പ്പെടെയുള്ള സംഘം അവിടെ നാമജപം നടത്തുകയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ നടത്തിയ നാമജപത്തിനെതിരായി ഭക്തര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉന്നയിച്ച് സി.ഐ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ മറ്റു മാര്‍ഗമില്ലാതായ ശശികലയും കൂട്ടരും സ്‌റ്റേഷനില്‍ നിന്ന്് സ്ഥലം വിടുകയായിരുന്നു.
ഇതിന് പിന്നാലെ ബി.ജെ.പി മുഖപത്രമായ ജന്മഭൂമി ശശികലയെ അറസ്റ്റ് ചെയ്തതായി തങ്ങളുടെ വെബ്സൈറ്റില്‍ വാര്‍ത്ത നല്‍കി. എന്നാല്‍ അടിസ്ഥാന രഹിതമായ ഈ വാര്‍ത്ത നല്‍കി നിമിഷങ്ങള്‍ക്കകം ജന്മഭൂമിയ്ക്ക് അത് പിന്‍വലിക്കേണ്ടി വന്നു.