കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും നേരിടുന്നത് കാരണം തെരുവിലിറങ്ങിയിരിക്കുകയാണ് നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലെ ജനങ്ങള്‍.
പ്രസിഡന്റ് ഗോതബയ രജപക്‌സെ, പ്രധാനമന്ത്രി മഹീന്ദ്ര രജപക്‌സെ, ധനമന്ത്രി ബാസില്‍ രജപക്‌സെ- എന്നിങ്ങനെ രജപക്‌സെ കുടുംബം ശ്രീലങ്കയെ ‘ഭരിച്ച് മുടിച്ചിരിക്കുകയാണ്’ എന്ന് വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഭരണകൂടത്തിന്റെ ഇക്കണോമിക് പ്ലാനിങ്ങോ രാജ്യത്തിന്റെ കയറ്റുമതി – ഇറക്കുമതി ബാലന്‍സിങ്ങില്‍ വന്ന പിഴവോ അല്ല മറിച്ച് ചൈനയില്‍ നിന്നും എടുത്തിട്ടുള്ള കടമാണ് ശ്രീലങ്കയെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത് എന്നാണ് പല മാധ്യമങ്ങളിലൂടെയും, പ്രത്യേകിച്ചും പാശ്ചാത്യ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഒരു നരേറ്റീവ്. കടം കൊടുത്തുകൊണ്ട് ചൈന ശ്രീലങ്കയെ കുടുക്കി (debt trap) എന്നാണ് ഈ നരേറ്റീവ്.
എന്നാല്‍ സത്യാവസ്ഥ ഇതാണോ? ചൈന നല്‍കിയ കടമാണോ ശ്രീലങ്കയുടെ ഇന്നത്തെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം? ഡൂള്‍ എക്സ്പ്ലെയ്നര്‍ പരിശോധിക്കുന്നു.
2021ല്‍ ജി.ഡി.പിയുടെ 119% ശതമാനമായിരുന്നു ശ്രീലങ്കയുടെ പൊതുകടം. ഇതിന്റെ പത്ത് ശതമാനം മാത്രമാണ് ചൈനയില്‍ നിന്നും ശ്രീലങ്ക വാങ്ങിയ കടം.
ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഓസ്‌ട്രേലിയന്‍ സ്റ്റഡി സെന്ററിന്റെ കണക്കുകളില്‍ ശ്രീലങ്ക ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുമാണ് കടം സ്വീകരിച്ചിട്ടുള്ളതെന്നും ഇതിന്റെ തോത് എത്രത്തോളമാണെന്നും പറയുന്നുണ്ട്.
ശ്രീലങ്ക അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ വിറ്റ കടപ്പത്രങ്ങള്‍ ആകെ കടത്തിന്റെ 47% വരും. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, വേള്‍ഡ് ബാങ്ക്, മറ്റ് വെസ്റ്റേണ്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ളതാണ് അടുത്ത 22% കടം വരുന്നത്. ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും വാങ്ങിയ കടം പത്ത് ശതമാനം വീതമാണ്. ബാക്കിയുള്ളത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണെന്നാണ് ഈ കണക്ക് പറയുന്നത്.
അതില്‍ തന്നെ ചൈന നല്‍കിയിരിക്കുന്ന ലോണുകളില്‍ 60%വും കണ്‍സെഷണല്‍ ലോണുകളാണ്, അതായത് ചെറിയ പലിശ മാത്രം ഈടാക്കുന്നവ. മാത്രമല്ല ഈ ലോണുകളൊന്നും ചൈന ശ്രീലങ്കക്ക് അങ്ങോട്ട് വാഗ്ദാനം ചെയ്തതല്ല, മറിച്ച് ശ്രീലങ്കയുടെ ആവശ്യപ്രകാരം ചൈന അനുവദിച്ചതാണ്. 2022 മാര്‍ച്ച് 17ന് ഒരു ബില്യണ്‍ ഡോളറിന്റെ ഹ്രസ്വകാല കണ്‍സെഷണല്‍ ലോണ്‍ ഇന്ത്യയും ലങ്കക്ക് അനുവദിച്ചിരുന്നു.
ഇതിന് പുറമെ മാര്‍ക്കറ്റില്‍ നിന്നും വലിയ പലിശക്ക് കടമെടുത്തതും അതിലൂടെ വിദേശകടം വര്‍ധിച്ചതും ശ്രീലങ്കന്‍ സാമ്പത്തികനിലയെ ബാധിച്ചിട്ടുണ്ട്. എന്നിട്ടും ശ്രീലങ്കന്‍ തകര്‍ച്ചയുടെ മുഴുവന്‍ പഴിയും ചൈനയ്ക്ക് മേല്‍ വെച്ചു കെട്ടുന്നത് തികച്ചും വികലമായ അപഗ്രഥനമാണ്.
ശ്രീലങ്കയുടെ പതനത്തിലേക്ക് നയിച്ചതിന് വ്യക്തമായ നിരവധി കാരണങ്ങളുണ്ട്.
കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള ബാലന്‍സിങ്ങില്‍ വലിയ അസന്തുലിതാവസ്ഥയാണ് ശ്രീലങ്കയിലുണ്ടായത്. കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ രാജ്യത്ത് ഡോളറിന് വലിയ ക്ഷാമം നേരിട്ടു. ഡോളര്‍ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും പരിഹാരിക്കാനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം സര്‍ക്കാര്‍ 36 ശതമാനം കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു.
ഇപ്പോള്‍ ഡോളറിന് 290 ശ്രീലങ്കന്‍ രൂപ എന്ന നിലയിലാണ് മൂല്യമെത്തി നില്‍ക്കുന്നത്. ഇത് ഇനിയും തകര്‍ന്നടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോളറിന് 76 ഇന്ത്യന്‍ രൂപയാണ് മൂല്യമെന്ന് കൂടി താരതമ്യം ചെയ്യുമ്പോഴാണ് ശ്രീലങ്ക ഇന്ന് എത്തിനില്‍ക്കുന്ന ഭീകരമായ അവസ്ഥ കൂടുതല്‍ മനസിലാകാകുക.
കര്‍ശന ഉപാധികളോടെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്നും കടമെടുക്കുന്നതിനുള്ള നീക്കവും ശ്രീലങ്ക ആരംഭിച്ചിട്ടുണ്ട്. ഇതിനായായിരുന്നു ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് അവരുടെ രൂപയുടെ മൂല്യം ഒറ്റയടിക്ക് 15 ശതമാനം ഇടിച്ചത്. മാര്‍ച്ച് എട്ടിന് പുറത്തുവന്ന റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഐ.എം.എഫില്‍ നിന്നും കിട്ടിയേക്കാവുന്ന കടം മുന്നില്‍കണ്ടാണ് ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഈ നീക്കം.
വിദേശ രാജ്യങ്ങള്‍, ഐ.എം.എഫ് പോലുള്ള സംഘടനകള്‍ തുടങ്ങിയ വിവിധ സ്രോതസുകളില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുള്ള വലിയ തുക കടങ്ങള്‍ മുന്നില്‍ കണ്ട്, ശ്രീലങ്ക എടുത്തിട്ടുള്ള എടുത്തുചാട്ട തീരുമാനങ്ങള്‍ ഇന്ന് കാണുന്ന ശ്രീലങ്കയിലേക്കുള്ള ദൂരം കുറക്കുന്നതിന് കാരണമായി. വന്‍ തുക ലഭിക്കുമെങ്കില്‍ വലിയ പലിശയ്ക്കാണെങ്കില്‍ പോലും ശ്രീലങ്ക കടം വാങ്ങിയിരുന്നു.
അതേസമയം കടമെടുപ്പ് മാത്രമാണ് ശ്രീലങ്ക സാമ്പത്തികമായി തകരാന്‍ കാരണം എന്ന വാദവും പൂര്‍ണമായും ശരിയല്ല.
1980കളില്‍ തുടങ്ങിയ വംശീയ സംഘര്‍ഷങ്ങള്‍ മുതല്‍ തന്നെ ശ്രീലങ്കയുടെ സാമ്പത്തിക രംഗത്തിന്റെ ഗ്രാഫ് താഴേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി ലങ്കയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുത്തനെ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2015 മുതല്‍ ഇത് അഞ്ച് ശതമാനത്തില്‍ താഴെയാണ്. 2019ല്‍ ഗോതബയ രജപക്‌സെ അധികാരത്തില്‍ വന്നതോടെ തകര്‍ച്ചയുടെ ആക്കം ഒന്നുകൂടെ കൂടുകയായിരുന്നു.
2021ല്‍ ശ്രീലങ്കയുടെ റെമിറ്റന്‍സ്, 5.49 ബില്യണ്‍ ഡോളര്‍ എന്ന പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു. കൊവിഡായിരുന്നു ഇതിന് പ്രധാന കാരണം. ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ലങ്കയുടെ ഫോറിന്‍ റിസര്‍വ് അഥവാ വിദേശ കരുതല്‍ നാണ്യം 2.36 ബില്യണ്‍ എന്ന പരിതാപകരമായ അവസ്ഥയിലെത്തി.
സാമ്പത്തിക പരിഷ്‌കരണം എന്ന പേരില്‍ രജപക്‌സെ ഭരണകൂടം കൊണ്ടുവന്ന നികുതി ഇളവ് രാജ്യത്തിന്റെ വരുമാനം കുത്തനെ ഇടിയുന്നതിന് കാരണമായി. 2019 നവംബറില്‍ അധികാരമേറ്റതിന് പിന്നാലെ എല്ലാ വാറ്റ് നികുതികളും 15 ശതമാനത്തില്‍ നിന്ന് 8 ശതമാനമായും 2 ശതമാനമായിരുന്ന ബില്‍ഡിംഗ് ടാക്‌സ് പൂജ്യമായും രജപക്‌സെ കുറച്ചു.
ഇതോടെ 2019 ഡിസംബറില്‍ 9.7 ബില്യണ്‍ ഡോളറായിരുന്ന രാജ്യത്തിന്റെ നികുതി വരുമാനം 2020 ഡിസംബറില്‍ 6.6 ബില്യണ്‍ ഡോളറായി ചുരുങ്ങി. അതായത്, തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിനെ ജനപ്രിയമാക്കാന്‍ രാജ്യത്തെ നികുതി വെട്ടിക്കുറച്ചു, ഇതോടെ സര്‍ക്കാരിന്റെ വരുമാനം ഇടിയുകയും ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു.
ഇതിന് പുറമെ കൊവിഡ് കാരണം ലോകമെമ്പാടുമുണ്ടായ സാമ്പത്തിക പ്രതിസന്ധി സ്വാഭാവികമായും ലങ്കയെയും ബാധിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ടൂറിസം, കാര്‍ഷിക, കയറ്റുമതി മേഖലകളെ. ശ്രീലങ്കയുടെ പ്രധാന വരുമാന മാര്‍ഗമായിരുന്ന ടൂറിസത്തിലുണ്ടായ ക്ഷീണം രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ ജി.ഡി.പിയുടെ 12 ശതമാനവും, അതായത് വര്‍ഷം തോറും ഏകദേശം 9 ബില്യണ്‍ ഡോളര്‍ വരുന്നത് ടൂറിസം മേഖലയില്‍ നിന്നാണ്. വിദേശ നാണയത്തിന്റെ പ്രധാന സ്രോതസായ ടൂറിസം മേഖലയുടെ തകര്‍ച്ചയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീലങ്ക നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന്. 2019ലെ ഈസ്റ്റര്‍ ബോംബിങ് മുതല്‍ കൊവിഡ് വരെ രാജ്യത്തെ ടൂറിസം മേഖലയെ പിന്നോട്ടടിച്ച കാരണങ്ങളാണ്.
രാസവളങ്ങളുടെ ഇറക്കുമതി നിര്‍ത്തലാക്കിയത്, തേയില കയറ്റുമതിയില്‍ വന്ന ഇടിവ്, ഗള്‍ഫില്‍ നിന്നുള്ള റെമിറ്റന്‍സ് കുറഞ്ഞത്- എന്നിവയൊക്കെ സാമ്പത്തികരംഗത്തെ വലിയ രീതിയില്‍ ബാധിച്ചിരുന്നു.
2021 ജൂണ്‍ മാസത്തിലാണ് എല്ലാ രാസവള ഇറക്കുമതികളും നിരോധിച്ചുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിറക്കിയത്. രാജ്യത്തെ കൃഷി രീതി 100 ശതമാനവും ഓര്‍ഗാനിക് ആക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.
എന്നാല്‍ ഇന്നും ആ തീരുമാനം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. രാജ്യത്തെ കൃഷിക്കാവശ്യമായ വളം നാട്ടില്‍ തന്നെ നിര്‍മിക്കേണ്ട സംവിധാനങ്ങളൊന്നുമുണ്ടാക്കാതെ ഒറ്റയടിക്ക് രാസവള ഇറക്കുമതി നിരോധിച്ചത് കര്‍ഷകര്‍ക്കിടയില്‍ തന്നെ പ്രതിഷേധത്തിന് കാരണമായിരുന്നു.
പിന്നീട് 2021 നവംബറില്‍, രാജ്യത്തെ സ്വകാര്യ മേഖലക്ക് രാസവളം ഇറക്കുമതി ചെയ്യാം എന്ന തരത്തില്‍ നിരോധനം ഭാഗികമായി പിന്‍വലിച്ചുവെങ്കിലും, വീണ്ടുവിചാരമില്ലാതെ എടുത്ത ആ തീരുമാനം ശ്രീലങ്കയുടെ കാര്‍ഷികരംഗത്തെ അപ്പോഴേക്കും തകര്‍ത്തിരുന്നു.
ഇതെല്ലാം പറയുമ്പോഴും, ജനാധിപത്യ ഭരണകൂടം തന്നെയാണോ ശ്രീലങ്കയിലുള്ളത് എന്ന് സംശയിപ്പിക്കുന്ന തരത്തില്‍ രാജ്യത്ത് നിലകൊള്ളുന്ന രജപക്‌സെ കുടുംബത്തിന്റെ ഭരണവാഴ്ചയും ഈ തകര്‍ച്ചക്ക് പിന്നിലെ പ്രധാന കാരണമാണെന്ന് പറയാതിരിക്കാനാവില്ല.
സഹോദരങ്ങളും അവരുടെ മക്കളുമെല്ലാം ചേര്‍ന്നുള്ള ഭരണവും വീണ്ടുവിചാരമില്ലാതെ അവര്‍ സ്വീകരിച്ച നിലപാടുകളും തന്നെയാണ് വലിയൊരു പരിധി വരെ അവിടെ ജനങ്ങള്‍ ഇന്ന് തെരുവിലിറങ്ങാന്‍ കാരണമായത്.
ചുരുക്കത്തില്‍, ശ്രീലങ്കയുടെ ഇന്നത്തെ പതനത്തിന് പിന്നില്‍ കുറെയേറെ വര്‍ഷങ്ങളായി അവിടെ നിലനില്‍ക്കുന്ന സാമൂഹ്യ – രാഷ്ട്രീയ സാഹചര്യങ്ങളും സര്‍ക്കാരുകളുടെ നയങ്ങളും നടപടികളുമെല്ലാം കാരണങ്ങളാണ്. എന്നാല്‍ അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ചൈനയില്‍ നിന്നുമെടുത്ത കടമാണ് എല്ലാത്തിനും കാരണമെന്ന വികലമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത് ആ രാജ്യത്തെ ജനങ്ങളെ ഒരു രീതിയിലും സഹായിക്കുന്നതായിരിക്കില്ല.
പകരം, ലങ്കയുടെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനും നടപ്പില്‍ വരുത്താനുമാണ് ശ്രമിക്കേണ്ടത്.
Content Highlight: Reality about the news that China’s debt is the reason behind the crisis in Sri Lanka