| Sunday, 29th May 2022, 10:54 am

റിയലിസ്റ്റിക് പോലീസ് സിനിമകൾ

അനുപമ മോഹന്‍

മാസ് ഡയലോഗ്, ഫിറ്റായ ബോഡി, കാണികളിൽ രോമാഞ്ചം ഉണ്ടാക്കുന്ന ബി.ജി.എം, കുറ്റവാളികളുമായുള്ള മാരക സ്റ്റണ്ട് മലയാള സിനിമകളിലെ ആദ്യകാല പൊലീസ് കഥാപത്രങ്ങൾക്ക് ഇത്രയും എലമെൻറ്സ് മസ്റ്റായിരുന്നു. ബ്രില്ലിയന്റ് ആയ സൂപ്പർ ഹീറോ പൊലീസ്കാരിൽ നിന്നും ഇന്നത്തെ മലയാള സിനിമ എത്രയോ മുന്നിലാണ്.

അമാനുഷികരായ പൊലീസുകാരിൽ നിന്നും മലയാള സിനിമ എപ്പോഴാണ് മാറി തുടങ്ങിയത്?
ഈ മാറ്റങ്ങൾക്ക് കാരണമായ സിനിമകൾ ഏതൊക്കെയാണ്?
കുറ്റവും ശിക്ഷയും സാധാരണക്കാരായ പൊലീസ്കാരെ പോട്രെയ്റ്റ് ചെയ്യുന്ന ഗ്രാഫിൽ എവിടെ പ്ലേസ് ചെയ്യാം?

ബിജു പൗലോസ് എന്ന സബ് ഇൻസ്‌പെക്ടർ ആയി നിവിൻ പോളി മികച്ച പെർഫോമൻസ് കാഴ്ച വെച്ച സിനിമയായിരുന്നു ‘ആക്ഷൻ ഹീറോ ബിജു’. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ഈ സിനിമ ഏറെ ശ്രദ്ധിക്കപെട്ടു. സ്ഥിരം പൊലീസ് വേഷങ്ങളുടെ പതിവ് പാറ്റേൺ ബ്രേക്ക് ചെയ്തുകൊണ്ടാണ് ഈ സിനിമ ചെയ്തിരുന്നത്. പൊലീസ് സ്റ്റേഷന്റെ അകവും അതിനകത്തെ പൊലീസുകാരുടെ കമ്മ്യൂണിക്കേഷനും കോമഡിയും സിനിമയിൽ നല്ല രീതിയിൽ വർക്ക് ഔട്ട് ആയിരുന്നു. റോഡിൽ നഗ്ന പ്രദർശനം നടത്തിയ ഒരാളെ പിടിച്ചുകൊണ്ട് വന്നു സ്റ്റേഷനിലിരുത്തി പാട്ടുപാടിക്കുന്നതും ചീട്ട് കളിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കുന്നതുമെല്ലാം സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം നിലനിർത്തി. ചെറിയ ചെറിയ കേസുകളും പരാതികളും പരിഗണിക്കുന്ന, നടപടിയെടുക്കുന്ന പൊലീസുകാരായിരുന്നു ഈ സിനിമയിൽ. ഹെൽമെറ്റ് വെക്കാത്തതിന് പൊലീസ് പിടിക്കുന്നതും ഭാര്യ വേറെ ഒരാളുടെ കൂടെ ജീവിക്കാൻ പോകുമ്പോൾ മകളെ വിട്ടുതരാൻ വേണ്ടി പരാതി കൊടുക്കുന്നതുമെല്ലാം ഒരു സാധാരണ പൊലീസ് സ്റ്റേഷനിൽ നടക്കുന്ന കാര്യങ്ങളായി പ്രേക്ഷകർക്ക് അനുഭവപെട്ടു. വലിയ മാസ് സ്റ്റണ്ടുകളോ നെടുനീളൻ ഡയലോഗുകളോ സിനിമയിൽ ഉപയോഗിക്കാതിരുന്നത് സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം നിലനിർത്തി എന്ന് വേണം പറയാൻ.

റിയലിസ്റ്റിക് സിനിമകൾ മലയാളത്തിൽ വരാൻ തുടങ്ങിയത് മുതൽ പ്രേക്ഷകരും വലിയ രീതിയിൽ മാറി. അവരുടെ ആസ്വാദന തലത്തിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ തുടങ്ങി. റിയലിസ്റ്റിക് മൂവി ഗണത്തിൽ ഏറെ ആഘോഷിക്കപ്പെട്ട സിനിമയാണ് 2017 ഇൽ പുറത്തിറങ്ങിയ ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ സിനിമയിൽ പോലീസുകാരുടെ മാസ് എൻട്രിയോ സ്റ്റണ്ട് സീനുകളോ കാണാൻ കഴിയില്ല. ഓടി രക്ഷപെടാൻ നോക്കുന്ന പ്രതിക്ക് പിന്നാലെ പൊലീസുകാർ ഓടുന്നതും തളരുന്നതും തികച്ചും സാധാരണമായേ അനുഭവപ്പെടുന്നുള്ളൂ. ഈ സിനിമ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ഇറങ്ങുന്നതെങ്കിൽ ഒരു പക്ഷെ ആ പ്രതിയെ പൊലീസ് ജീപ്പിൽ കിടിലൻ ബി.ജി.എം ഒക്കെ ഇട്ട് ചേസ് ചെയ്ത് പിടിക്കുന്നതായിട്ടാവും കാണിക്കുക. ഹീറോയുടെ കയ്യിൽ നിന്നും ഒരു പ്രതിയും രക്ഷപെടാൻ സാധ്യയുണ്ടാവില്ലായിരുന്നു.

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന സിനിമയിലും പൊലീസുകാരുടെ സ്ട്രഗിളും അവർ നേരിടുന്ന പ്രശ്നങ്ങളും കൃത്യമായി കാണിക്കുന്നുണ്ട്. കുറച്ച് പൊലീസുകാർ ചേർന്ന് ഒരു സ്ഥലത്തു ക്യാമ്പ് ചെയ്യുമ്പോൾ സംഭവിക്കാനിടയുള്ള വളരെ സാധാരണമായ കാര്യങ്ങൾ വരെ അവതരിപ്പിക്കാൻ ഉണ്ടക്ക് സാധിച്ചിട്ടുണ്ട്. വെടിവെപ്പ് ഉണ്ടാകുമ്പോൾ അവർ ഭയപ്പെടുന്നതും അവരുടെ അലച്ചിലുകളും മനുഷ്യർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം സിനിമ അഡ്രസ് ചെയ്യുന്നുണ്ട്. ഉണ്ട എന്ന സിനിമയുടെ ഈ റിയലിസ്റ്റിക് സ്വഭാവം കൊണ്ട് തന്നെയാണ് ഈ ചിത്രം ഏറെ ആഘോഷിക്കപ്പെട്ടതും. വെടിവെപ്പുകളെ പേടിക്കാതിരിക്കാൻ പൊലീസുകാർ സൂപ്പർ ഹീറോസ് അല്ലെന്ന സത്യം സിനിമ കൃത്യമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയും സഹപോലീസുകാരും തമ്മിലുണ്ടായ ചെറിയ തർക്കവും ഇതുവരെ മലയാള സിനിമ പേറിയ നായകൻ ചെയുന്ന കാര്യങ്ങൾ മാത്രമാണ് ശരിയെന്നും അയാളെ അനുസരിച്ചാണ് ബാക്കി പൊലീസുകാർ പെരുമാറേണ്ടതെന്നുമുള്ള ചിന്തയെ ബ്രേക്ക് ചെയ്യുന്നതായിരുന്നു.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ പോലീസുകാരുടെ അതിജീവനത്തെയാണ് കാണിക്കുന്നത്. എല്ലാ പ്രശ്നങ്ങളെയും നെഞ്ചും വിരിച്ച് നേരിടുന്ന പൊലീസ് കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു നായാട്ടിലെ പ്രവീണും മണിയനും സുനിതയും. എപ്പോഴും ബോൾഡായി പെരുമാറുന്ന അല്ലെങ്കിൽ ഹീറോയുടെ ഷാഡോ ആയി നിൽക്കുന്ന വനിതാ പൊലീസുകാരിൽ നിന്നും വേറിട്ട കഥാപാത്രമായിരുന്നു നായാട്ടിലെ നിമിഷ ചെയ്ത സുനിത. ഡ്യൂട്ടിയിലിരിക്കെ ഒരു ക്രൈം ചെയ്യുകയും രക്ഷപെടാനുള്ള മൂന്നു പൊലീസുകാരുടെ അതിജീവനമായി ഈ സിനിമയെ നമുക്ക് വിലയിരുത്താവുന്നതാണ്.

രാജീവ് രവി സംവിധാനം ചെയ്ത് ഇപ്പോൾ റിലീസായ ‘കുറ്റവും ശിക്ഷയും’ നമ്മൾ ഇതുവരെ പറഞ്ഞ റിയലിസ്റ്റിക് ആയ പൊലീസ് കഥ തന്നെയാണ് പറയുന്നത്. ചിത്രത്തിൽ മേലുദ്ദ്യോഗസ്ഥയായി എത്തിയ സ്ത്രീ പതിവ് പെൺ പോലീസുകാരിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ്. ബോഡി ഫിറ്റായ യൂണിഫോമിട്ട്, ഐ കാച്ചിയായി തോന്നിക്കുന്ന തരത്തിലല്ല അവരെ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ ചുറ്റിലും കാണുന്ന വനിതാ പൊലീസുകാരിയായി ഈ കഥാപാത്രത്തെ അനുഭവപ്പെടുന്നുണ്ട്. കഷ്ടപ്പെട്ട് പ്രതികളെ പിടിക്കുകയും എന്നാൽ ഈസിയായി അവർ കോടതിയിൽ നിന്നും ജാമ്യം വാങ്ങിക്കുമ്പോൾ പൊലീസുകാർ നേരിടുന്ന ആത്മ സംഘർഷവും നിരാശയും ഈ ചിത്രത്തിൽ കാണിക്കുന്നുണ്ട്. വളരെ സാധാരണക്കാരായ കുറച്ച് പൊലീസുകാരുടെ കഥ അതാണ് കുറ്റവും ശിക്ഷയും. അവർക്ക് പറയാൻ മാസ് ഡയലോഗോ പ്രതികളെ ഏതു വിധേനെയും പിടിക്കാനുള്ള അമാനുഷിക ശക്തിയോ ഇല്ല. മലയാള സിനിമയിലെ റിയലിസ്റ്റിക് പൊലീസ് സ്റ്റോറിയുടെ തുടർച്ചയായി കുറ്റവും ശിക്ഷയും അടയാളപ്പെടുത്താം

Content Highlight: Realistic police roles in malayalam cinema

അനുപമ മോഹന്‍