സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നോക്കൂ, വര്‍ഗീയ, ജാതീയ സംഘര്‍ഷങ്ങള്‍ നോക്കൂ. അത്തരം അതിക്രമങ്ങള്‍ പരിശോധിച്ചാല്‍ ഇതെല്ലാം പെട്ടെന്നുള്ള സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളുടെ, നഗരവത്കരണത്തിന്റെ, ജനസംഖ്യാവര്‍ധനവിന്റെ അതുപോലുള്ള ഒരുപാട് മാറ്റങ്ങളുടെ ഫലമാണ്.
ന്യൂദല്‍ഹി: ഇന്ത്യ ഭീഷണി നേരിടുന്നത് ബാഹ്യശക്തികളായ പാകിസ്ഥാനില്‍ നിന്നോ ചൈനയില്‍ നിന്നോ അല്ലെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍. രാജ്യത്തിനുള്ളില്‍ തന്നെയുള്ള വര്‍ഗീയ, സാമൂഹിക അതിക്രമങ്ങളാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.
പി.ടി.ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനും ചൈനയും ഇന്ത്യയ്ക്ക് വെല്ലുവിളിയാണോ എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
” അല്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ യഥാര്‍ത്ഥ ഭീഷണി ആഭ്യന്തരമാണെന്നാണ് എനിക്കു തോന്നുന്നത്. നമ്മള്‍ രൂപീകരിക്കപ്പെട്ട 50കളില്‍ ഉണ്ടായിരുന്നതുപോലെ ഇന്ത്യയുടെ നിലനില്‍പ്പിന് ബാഹ്യമായ ഒരു ഭീഷണിയും ഇപ്പോഴില്ല. 60കളുടെ അവസാനം വരെ അതായിരുന്നു ഭീഷണി. പക്ഷെ അതിപ്പോഴില്ല.” അദ്ദേഹം പറഞ്ഞു.
ആഭ്യന്തര ഭീഷണി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു; ” ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും ഭീഷണിയുണ്ടെങ്കില്‍ ഇന്ത്യയെന്ന ആശയത്തിനാണ്. അതിന്റെ സമഗ്രതയ്ക്കാണ്. അത് രാജ്യത്തിനുള്ളില്‍ നിന്നുതന്നെയാണ്.”
” ഇന്ത്യയില്‍ നടന്ന അക്രമങ്ങള്‍ നോക്കുകയാണെങ്കില്‍ ഭീകരവാദത്തില്‍ നിന്നുള്ള മരണവും വലതുപക്ഷ തീവ്രവാദത്തില്‍ നിന്നുളളതും 21ാം നൂറ്റാണ്ടില്‍ 2014-2015 വരെ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പോലും ഭീകരവാദത്തിന്റെ, വലതുപക്ഷ തീവ്രവാദത്തിന്റെ അടിസ്ഥാന ട്രെന്റ്, കുറവാണ്. 2012 മുതല്‍ വര്‍ഗീയ സംഘര്‍ഷവും, സാമൂഹ്യ അതിക്രമങ്ങളും, ആഭ്യന്തര കലഹവും വര്‍ധിച്ചിട്ടുണ്ട്. ഇതു കൈകാര്യം ചെയ്യാനാണ് നമ്മളൊരു വഴി കണ്ടെത്തേണ്ടത്.” അദ്ദേഹം പറയുന്നു.
“പൊലീസിനും ഭരണകൂടത്തിനും കൈകാര്യം ചെയ്യാന്‍ കഴിയുന്ന പരമ്പരാഗതമായ ഒരു ക്രമസമാധാന പ്രശ്‌നമല്ല ഇത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നോക്കൂ, വര്‍ഗീയ, ജാതീയ സംഘര്‍ഷങ്ങള്‍ നോക്കൂ. അത്തരം അതിക്രമങ്ങള്‍ പരിശോധിച്ചാല്‍ ഇതെല്ലാം പെട്ടെന്നുള്ള സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളുടെ, നഗരവത്കരണത്തിന്റെ, ജനസംഖ്യാവര്‍ധനവിന്റെ അതുപോലുള്ള ഒരുപാട് മാറ്റങ്ങളുടെ ഫലമാണ്. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കേ നാലുവര്‍ഷക്കാലം ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ശിവശങ്കര്‍മേനോന്‍. വിദേശകാര്യ സെക്ട്രടറി, ശ്രീലങ്ക, ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹൈക്കമ്മീഷണര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.