ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലോവ് സ്വന്തമാക്കിയ തിബോ കുര്‍ട്ടോയെ സ്പാനിഷ് വമ്പന്‍ മാരായ റയല്‍ മാഡ്രിഡ് ഉടന്‍ ക്യാംപില്‍ എത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി കുര്‍ട്ടോയുടെ പകരക്കാരനെ കണ്ടെത്താന്‍ കാത്തിരിക്കുകയാണ് റയല്‍ എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ കോസ്റ്ററിക്കന്‍ ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസിനെ മാറ്റാന്‍ ഏറെക്കാലമായി റയല്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ അനുയോജ്യനായ പകരക്കാരനായി തിബോ കുര്‍ട്ടോയെ റയല്‍ കണ്ടെത്തിയിരിക്കുകയാണ്.
റയല്‍ കോച്ച് സിദാന്റെ എതിര്‍പ്പുകളാണ് നവാസ് ഇത്രയും കാലം റയലില്‍ തുടരാന്‍ ഇടയാക്കിയത്. സിദാന്‍ പോയതോടെ നവാസിന് റയലില്‍ ഉള്ള സ്ഥാനവും പോയി. ലോകകപ്പില്‍ മികച്ച പ്രകടനമാണ് നവാസ് നടത്തിയതെങ്കിലും, താരത്തിന് ഇനി പുതിയ ക്ലബ്ബ് കണ്ടെത്തേണ്ടി വരും
നേരത്തെ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ മികച്ച ഫോമില്‍ കളിച്ച കുര്‍ട്ടോയുടെ കുടുംബം മാഡ്രിഡിലാണ്. ഇതും താരത്തെ റയലിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കും.
45 മില്യണ്‍ ഡോളര്‍ വരെ കുര്‍ട്ടോക്ക് വേണ്ടി മുടക്കാന്‍ റയല്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ചെല്‍സിയുടെ തന്നെ ഏദന്‍ ഹസാര്‍ഡിനെയും റയല്‍ ക്യാംപില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹസാര്‍ഡിനായി ബാഴ്‌സിലോണയും രംഗത്തുണ്ട്.