| Monday, 19th November 2018, 9:12 pm

ഇതാണ് ആ യഥാര്‍ത്ഥ കുപ്രസിദ്ധ പയ്യന്‍

ഷഫീഖ് താമരശ്ശേരി

നസ്സിനകത്ത് അനേകം സംഘര്‍ഷങ്ങളും പേറിയാണ് ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയും കണ്ട് പുറത്തിറങ്ങിയത്. ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുന്ന അനാഥനായ ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതത്തില്‍ പൊലീസുകാര്‍ വിതച്ച ദുരിതങ്ങളെയും പിന്നീടയാളെത്തിപ്പെട്ട ജീവിത സാഹചര്യങ്ങളെയും അത്രമേല്‍ തീവ്രമായിട്ടായിരുന്നു സിനിമ അവതരിപ്പിച്ചത്. പഴയ പത്രവാര്‍ത്തകള്‍ മനസ്സിലേക്കോര്‍മ്മ വന്നു.

പ്രമാദമായിരുന്ന സുന്ദരിയമ്മ കൊലക്കേസ്. കോഴിക്കോട്ടെ വട്ടക്കിണറില്‍ താമസിച്ചിരുന്ന ഇഡലി കച്ചവടക്കാരി സുന്ദരിയമ്മ ഒരു രാത്രിയില്‍ കൊലചെയ്യപ്പെടുന്നതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമായിരുന്നു സിനിമയുടെ ആധാരം. അതുകൊണ്ട് തന്നെ സിനിമയില്‍ മുഖ്യകഥാപാത്രമായി അവതരിപ്പിക്കപ്പെട്ട കോഴിക്കോട് ചക്കുംകടവ് സ്വദേശി ജയേഷിനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു…

പഴയ വാര്‍ത്തകളില്‍ നിന്നും അദ്ദേഹത്തിന്റെ വിവരങ്ങള്‍ തപ്പിയെടുത്തു. എന്നാല്‍ അന്വേഷിച്ചെത്തിയ സ്ഥലങ്ങളിലൊന്നും ജയേഷ് ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ക്കോ, കൂട്ടുകാര്‍ക്കോ, ബന്ധുക്കള്‍ക്കോ ആര്‍ക്കും തന്നെ ജയേഷ് എവിടെയാണെന്ന് അറിയുമായിരുന്നില്ല. കേസിനു ശേഷം ഇവിടേക്കൊന്നും ഞങ്ങള്‍ അടുപ്പിച്ചിട്ടേയില്ലെന്ന് ചിലര്‍. വല്ലപ്പോഴും നഗരത്തിലെവിടെയെങ്കിലുമൊക്കെവെച്ച് കാണാറുണ്ടെന്ന് മറ്റു ചിലര്‍. എന്തായാലും ജയേഷിനെ കാണണമെന്ന് തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

ALSO READ: ഒരു കുപ്രസിദ്ധ പയ്യന്‍- നിഷ്‌കളങ്കഥയിലെ നിസ്സഹായത

കൊലപാതകം നടക്കുന്ന സമയത്ത് ജയേഷ് ജോലി ചെയ്തിരുന്ന മീഞ്ചന്തയിലെ സിറ്റിലൈറ്റ് ഹോട്ടലില്‍ നിന്ന് തുടങ്ങിയ അന്വേഷണം നഗരത്തിന്റെ വിവിധയിടങ്ങളിലായി മൂന്ന് ദിവസത്തോളം തുടര്‍ന്നു. പഴയൊരു വാര്‍ത്തയോടൊപ്പം കിട്ടിയ ഫോട്ടോ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. അതുമായി ഞങ്ങള്‍ നഗരം മുഴുവന്‍ കറങ്ങി. ഒടുവില്‍ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ വലിയങ്ങാടിക്കടുത്തുള്ള ഒരു പെട്ടിക്കടക്കാരന്‍ വഴി ഞങ്ങള്‍ ഗുജറാത്തി സ്ട്രീറ്റിലെത്തി.

അവിടെ ഒരു ഹോട്ടലില്‍ ശുചീകരണത്തൊഴിലാളിയാണ് ജയേഷ് ഇപ്പോള്‍. ഹോട്ടിലിനടുത്തുള്ള ഇടവഴിയില്‍ വെച്ച് ഞങ്ങള്‍ ജയേഷിനെ കണ്ടു. പൊലീസുകാരല്ലാത്ത ആരും തന്നെ തേടിയെത്താറില്ലാത്തതിനാല്‍ അല്‍പം ഭീതിയോടെയാണ് ജയേഷ് ഞങ്ങളെ എതിരേറ്റത്. ഞങ്ങളെയും കൂട്ടി അദ്ദേഹം താമസസ്ഥലത്തേക്ക് നീങ്ങി. മാലിന്യക്കൂമ്പാരങ്ങള്‍ക്ക് നടുവില്‍ ഏത് നിമിഷവും ഇടിഞ്ഞ് വീണേക്കവുന്ന ആ പഴയ കെട്ടിടത്തിനകത്ത് വെച്ച് ജയേഷ് തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി….

“അനാഥനായി വളര്‍ന്ന ഞാന്‍ എന്റെ സ്വന്തം അമ്മയെപ്പോലെയാണ് സുന്ദരിയമ്മയെ കണ്ടിരുന്നത്. എനിക്കൊരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യത്തിനാണ് പൊലീസുകാര്‍ എന്നെ കുടുക്കിയത്. യഥാര്‍ത്ഥ പ്രതിയെ അന്വേഷിച്ചുകണ്ടുപിടിക്കാന്‍ സാധിക്കാത്ത അവര്‍ മുഖം രക്ഷിക്കാനായി എന്നെ ബലിയാടാക്കുകയായിരുന്നു. ഒരു തെറ്റും ചെയ്യാത്ത എന്റെ ജീവിതമാണ് അവര്‍ തകര്‍ത്തുകളഞ്ഞത്.

ALSO READ: വ്യവസ്ഥകളിലേക്ക് നോക്കുന്ന ക്രൈം സിനിമകള്‍; കുറ്റവാളികളുടെ രാഷ്ട്രീയ ശരീരങ്ങള്‍

പൊലീസ് സ്റ്റേഷനില്‍ വെച്ച് മൂന്നാംമുറയടക്കമുള്ള ക്രൂരമായ മര്‍ദനങ്ങള്‍ക്ക് അവരെന്നെ ഇരയാക്കി. സഹിക്കവയ്യാതെ ഒടുക്കം കുറ്റം ഞാന്‍ ഏറ്റെടുക്കുകയായിരുന്നു.” ജയേഷ് പറഞ്ഞു.

ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമ കേരളത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായി മാറിയതിന് ശേഷമാണ് ഞങ്ങള്‍ ജയേഷിനെ കാണാന്‍ ചെന്നത്. എന്നാല്‍ ജീവിതത്തില്‍ തനിക്ക് സംഭവിച്ചതെല്ലാം അതേരീതിയില്‍ വെള്ളിത്തിരയിലെത്തിയതും തന്റെ ജീവിതകഥ കേരളത്തിലെ തിയ്യേറ്ററുകളില്‍ വന്‍ ഹിറ്റായി മാറിയതും ജയേഷ് അറിഞ്ഞിരുന്നില്ല.

ഞങ്ങള്‍ ജയേഷിനെയും കൂട്ടി സിനിമ കാണാന്‍ പോയി. തന്റെ പൂര്‍വകാല ജീവിതം തിരശ്ശീലയില്‍ ഒരു ചലച്ചിത്രമായി കണ്ടിറങ്ങിയ ജയേഷ് നിയന്ത്രണം വിട്ട് കരഞ്ഞുപോയി. “സിനിമയായി കണ്ടപ്പോ സഹിക്കാന്‍ കഴിഞ്ഞില്ല, ഈ കഥ എല്ലാവരുമറിയണം. പൊലീസുകാര്‍ എന്നെ അത്രമാത്രം ദ്രോഹിച്ചിട്ടുണ്ട്.”നിറഞ്ഞ കണ്ണുകളോടെ ജയേഷ് പറഞ്ഞു.

സുന്ദരിയമ്മ കൊലക്കേസ്

2012 ജൂലൈ 21 ന് അര്‍ദ്ധരാത്രിയിലാണ് സുന്ദരിയമ്മ കൊല ചെയ്യപ്പെടുന്നത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ്സില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി. സുന്ദരിയമ്മയുടെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മകളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടു.

ഒടുവില്‍ കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അതോടെ കേസന്വേഷണ ചുമതല കസബ സി.ഐ പ്രമോദില്‍ നിന്നും ക്രൈം ബ്രാഞ്ച് സി.ഐ ഇ.പി പൃഥ്വിരാജിലേക്ക് മാറി. ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്ത് അധികം വൈകാതെ തന്നെ ജയേഷ് അറസ്റ്റ് ചെയ്യപ്പെടുകയാണുണ്ടായത്. ജബ്ബാര്‍ എന്ന ഒരു പുതിയ പേരും പോലീസുകാര്‍ ജയേഷിന് നല്‍കി.

മോഷണശ്രമത്തിനിടെ വെട്ടുകത്തികൊണ്ട് സുന്ദരിയമ്മയെ കൊലപ്പെടുത്തിയെന്ന കേസ്സില്‍ 2013 സെപ്തംബര്‍ 11 ന് ആണ് ക്രൈം ബ്രാഞ്ച് ജയേഷിനെ അറസ്റ്റ് ചെയ്യുന്നത്. തെളിവുകള്‍ക്കായി കൊലപാതകത്തിനുപയോഗിച്ചതെന്ന തരത്തില്‍ ഒരു കത്തിയും തൊണ്ടിമുതലുമെല്ലാം പോലീസ് തന്നെ നിര്‍മ്മിച്ചെടുക്കുകയായിരുന്നു.

ALSO READ: നേര്‍ക്കാഴ്ചയുടെ ഒരു ‘കുപ്രസിദ്ധ’ പയ്യന്‍

കൊലപാതകത്തിന് ജയേഷ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയ കത്തിയുടെ രാസപരിശോധനാ ഫലവും, കൊലപാതകം നടക്കുന്ന സമയത്ത് ജയേഷ് തന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നുവെന്ന ഹോട്ടല്‍ ഉടമ ജലീലിന്റെ മൊഴിയുമായിരുന്നു വിചാരണാവേളയില്‍ ഏറെ നിര്‍ണായകമായത്. 39 സാക്ഷികളെ വിസ്തരിച്ച ഈ കേസ്സില്‍ പ്രതിക്കുവേണ്ടി നിയമസഹായ പദ്ധതിപ്രകാരം നിയോഗിക്കപ്പെട്ട അഭിഭാഷകന്‍ എം. അനില്‍കുമാറിന്റെ കാര്യക്ഷമമായ ഇടപെടലുകളും സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാറിന്റെ ശ്രദ്ധേയമായ വിധിന്യാവും കേസ്സില്‍ ജയേഷിന് നീതിയുടെ വെളിച്ചമേകി.

നിരപരാധിയാമെന്ന് തെളിഞ്ഞ ജയേഷിനെ കോടതി നിരുപാധികം വെറുതെവിട്ടു എന്ന് മാത്രമല്ല, വ്യാജതെളിവുകള്‍ നിര്‍മ്മിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ജയേഷിന് നല്‍കണമെന്നും വിധിയിലുണ്ടായിരുന്നു.

ജയേഷിന്റെ ഇന്നത്തെ ജീവിതം

സിനിമയില്‍ ജയേഷ് ആയി അഭിനയിച്ച കഥാപാത്രത്തിന് തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചെങ്കിലും യഥാര്‍ത്ഥ ജയേഷിന് ജയില്‍ നിന്ന് പുറത്തുവന്നതിന് ശേഷമുള്ള തന്റെ ജീവിതം ക്രൂരമായ അനുഭവങ്ങളുടേതായിരുന്നു. കൊലപാതകിയെന്ന ആ പേര് ഒരിക്കലും മാഞ്ഞുപോയില്ല. അന്നോളമുള്ള എല്ലാ ജീവിതപരിസരങ്ങളില്‍ നിന്നും ജയേഷ് വീണ്ടും മാറ്റിനിര്‍ത്തപ്പെട്ടു.

പൊലീസുകാരും വെറുതെ വിട്ടില്ല. നഗരത്തില്‍ എവിടെയെങ്കിലും എന്തെങ്കില്‍ മോഷണമോ കൊലപാതകമോ നടന്നാല്‍ പോലീസ് ജയേഷിനെയും തേടിവരും. അതുകൊണ്ട് തന്നെ സ്ഥിരമായി ഒരിടത്ത് ജോലി ചെയ്യാന്‍ പോലും സാധിക്കില്ല. ഇതിനിടയില്‍ ഒരു മോഷണക്കേസില്‍ ജയേഷ് വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ ഈ കേസ്സിലും കോടതി ജയേഷിനെ വെറുതെവിട്ടു.

ജയേഷിന് നഷ്ട്പരിഹാരം നല്‍കാതിരിക്കാനായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പുനപരിശോധനാ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് ഈ അറസ്റ്റ് നടക്കുന്നതെന്ന് ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. പൊലീസ് മര്‍ദനത്തിന്റെ ആഘാതം ശരീരത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ കാര്യമായി ജോലിചെയ്യാന്‍ പോലും ഇന്ന് ജയേഷിന് സാധിക്കുന്നില്ല. അനാഥത്വവും ഏകാന്തതയുമായി ജയേഷ് ഓരോ ദിവസവും തള്ളിനീക്കുകയാണ്. വെറു മുന്നൂറ് രൂപ ദിവസക്കൂലിയില്‍…

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more