FB Notification
കര്‍ണന്‍ സിനിമയിലെ പൊടിയങ്കുളം ഒരു സാങ്കല്‍പിക ഗ്രാമമല്ല, തമിഴ്‌നാട്ടില്‍ അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്
അനുരാജ് ഗിരിജ കെ.എ
2021 Apr 12, 07:14 am
Monday, 12th April 2021, 12:44 pm

തമിഴ്നാട്ടില്‍ കൊടിയങ്കുളം എന്നൊരു ഗ്രാമത്തില്‍ 1995ല്‍ ഒരു പോലീസ് ആക്രമണം നടക്കുന്നുണ്ട്. കൊടിയങ്കുളം പൂര്‍ണ്ണമായും ദളിതര്‍ താമസിച്ചിരുന്ന ഒരു ഗ്രാമമാണ്. അവിടുത്തെ ആളുകള്‍ ഗള്‍ഫിലും മറ്റും പോയി ജോലി ചെയ്ത് സാമൂഹികമായ പുരോഗതി ആര്‍ജിച്ചെടുത്തിരുന്നു. ഇത് പക്ഷെ മറ്റ് ഗ്രാമങ്ങളിലെ മറ്റ് സമുദായങ്ങളില്‍ പെട്ടിരുന്നവരെ ചൊടിപ്പിച്ചിരുന്നു.

ഒരു ദിവസം ബസില്‍ വെച്ച് ബസ് ജീവനക്കാരനും വിദ്യാര്‍ത്ഥിയും തമ്മില്‍ ഒരു വഴക്ക് നടക്കുന്നു. അതിന് പുറകെ തേവര്‍ സമുദായത്തിലെ പ്രധാനപ്പെട്ട ഒരു നേതാവിന്റെ പ്രതിമ തകര്‍ക്കപ്പെടുന്നു. അത് വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴി വെയ്ക്കുന്നു.

1995 ഓഗസ്റ്റ് 31ന് ഒരു കൊലപാതകത്തില്‍ സംശയിക്കുന്നവരെ തേടി 600 പേരടങ്ങുന്ന ഒരു പോലീസ് സംഘം കൊടിയങ്കുളത്ത് പ്രവേശിക്കുന്നു. പോലീസ് ആളുകളെ അന്വേഷിക്കുന്നതിന് പകരം ചെയ്തത് വെടിവെപ്പും, വീടുകള്‍ അടിച്ച് തകര്‍ക്കുകയും, കിണറ്റില്‍ പെട്രോള്‍ പോലെയുള്ള ദ്രാവകങ്ങള്‍ ഒഴിച്ച് ഉപയോഗശൂന്യമാക്കുകയും, അവിടെയുള്ള വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കീറി കളയുകയുമൊക്കെയാണ്.

1996ല്‍ തമിഴ്നാട് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പക്ഷെ പോലീസ് നടപടിയെ ശരി വച്ചു. അങ്ങനെ വളരെ സ്വാഭാവികമായി മറവിയിലേക്ക് നീങ്ങി പോയിരുന്ന ഒരു സംഭവത്തെയാണ് കര്‍ണന്‍ സിനിമ അടയാളപ്പെടുത്തുന്നത്. എല്ലാം മറന്ന് കളയുന്നത് സൗകര്യമാക്കി എടുത്ത ഒരു സമൂഹത്തെ ഓര്‍മ്മകള്‍ കൊണ്ട് പ്രതിരോധിക്കുകയാണ് മാരി സെല്‍വരാജ്.

(NB: പേടിക്കേണ്ട, മുകളില്‍ ഉള്ളതൊന്നും സിനിമയുടെ സ്‌പോയിലറുകള്‍ അല്ല.)