ലാ ലിഗയില്‍ റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടാനിരിക്കെ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറെ പുകഴ്ത്തി റയല്‍ സോസിഡാഡ് കോച്ച് ഇമ്മാനുവല്‍ അല്‍ഗ്വാസില്‍. കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ വിനി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹമൊരു പ്രത്യേക കളിക്കാരനാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും അല്‍ഗ്വാസില്‍ പറഞ്ഞു.
‘വിനീഷ്യന്‍ ഡിഫറനസ് മേക്കറാണെന്ന് കാണിച്ചുകൊണ്ടിരിക്കുകയാണ്. ചില സമയത്ത് അവനുണ്ടെങ്കിലും മറ്റ് താരങ്ങള്‍ വിജയിക്കാറുണ്ട്. എന്നാലും വിനീഷ്യസിന് ഇത് മികച്ച സീസണ്‍ ആണെന്ന് ഇതിനോടകം വ്യക്തമാണ്,’ അദ്ദേഹം പറഞ്ഞു.
മത്സരത്തിനിറങ്ങുന്നതിന് മുമ്പ് റയല്‍ സോസിഡ് താരങ്ങള്‍ക്ക് അല്‍ഗ്വാസില്‍ ഉപദേശവും നല്‍കി. റയല്‍ മാഡ്രിഡ് എല്ലാം നേടണമെന്ന് ആഗ്രഹിക്കുന്ന ടീമാണെന്നും ഏതെങ്കിലുമൊരു താരം കളത്തിലിറങ്ങിയില്ലെങ്കിലും മത്സരിച്ച് ജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സീസണില്‍ റയല്‍ മാഡ്രിഡിനായി ഇതുവരെ കളിച്ച മത്സരങ്ങളില്‍ 22 ഗോളും 20 അസിസ്റ്റുകളുമാണ് വിനീഷ്യസ് അക്കൗണ്ടിലാക്കിയത്.
ലാ ലിഗയില്‍ അല്‍മിറക്കെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ കരിം ബെന്‍സെമയുടെ ഹാട്രിക്കും റോഡ്രിഗോയുടെ ഒരു ഗോളുമാണ് റയലിനെ വിജയത്തിലേക്ക് നയിച്ചത്.
ലാ ലിഗയില്‍ ഇതുവരെ കളിച്ച 32 മത്സരങ്ങളില്‍ നിന്ന് 21 ജയവും 68 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. 11 പോയിന്റ് വ്യത്യാസത്തില്‍ ബാഴ്സലോണ എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.
മെയ് മൂന്നിന് റയല്‍ സോസിഡാഡുമായാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.