| Monday, 12th December 2016, 5:51 pm

കഴിഞ്ഞ ദിവസം മോദിയുടെ ഹെലികോപ്റ്റര്‍ ബഹ്‌റായിച്ചില്‍ ഇറങ്ങാതിരുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ബഹ്‌റായിച്ചില്‍ ഇറങ്ങാനായില്ലെന്നാണ് പാര്‍ട്ടി പറഞ്ഞത്. എന്നാല്‍ സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരുടെ കുറവാണ് മോദി ബഹ്‌റായിച്ചില്‍ ഇറങ്ങാതിരിക്കാന്‍ കാരണമായതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


ലക്‌നൗ: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചില്‍ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മേളനസ്ഥലത്തേക്ക് എത്താനായിരുന്നില്ല.

മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് ബഹ്‌റായിച്ചില്‍ ഇറങ്ങാനായില്ലെന്നാണ് പാര്‍ട്ടി പറഞ്ഞത്. എന്നാല്‍ സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരുടെ കുറവാണ് മോദി ബഹ്‌റായിച്ചില്‍ ഇറങ്ങാതിരിക്കാന്‍ കാരണമായതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് മോദി ഫോണിലൂടെയാണ് ഇവിടെ ഉദ്ഘാടനപ്രസംഗം നടത്തിയത്. ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജില്‍ സമ്മേളനത്തിന്റെ ചിത്രങ്ങളുണ്ട്. വളരെ കുറച്ച് ആളുകളാണ് ഇവിടെ എത്തിയതെന്ന് ചിത്രങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. കൂടുതലും ഒഴിഞ്ഞ കസേരകളായിരുന്നു റാലി നടക്കുന്ന സ്ഥലത്തുണ്ടായിരുന്നത്.

ആളുകളുടെയും ബി.ജെ.പി പ്രവര്‍ത്തകരുടെയും ഭാഗത്തു നിന്നുള്ള ഈ മോശം പ്രതികരണമാണോ മോദി ബഹ്‌റായിച്ചില്‍ ഇറങ്ങാതിരിക്കാനുണ്ടായ കാരണമെന്നാണ് ഉയരുന്ന ചോദ്യം.


Don”t Miss: നോട്ടുനിരോധനം; ബി.ജെ.പിയില്‍ ഭിന്നത


നോട്ട് നിരോധനം യു.പിയില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യതയ്ക്ക് കനത്ത തിരിച്ചടിയായെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്ന സാഹചര്യത്തിലാണ് ബി.ജെ.പിക്കായി ഏറ്റവും വലിയ വോട്ട് സമാഹരിക്കാന്‍ കഴിയുന്ന ആളിന്റെ പരിപാടിക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ തന്നെ അഭാവമുണ്ടായിരിക്കുന്നത്.

എന്നാല്‍ ഫോണിലൂടെ റാലി ഉദ്ഘാടനം ചെയ്ത മോദി നോട്ട് വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവരാണ് പാര്‍ലമെന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കള്ളപ്പണം ഒളിപ്പിച്ചുവച്ചവരെ പിടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം. പക്ഷേ, രാജ്യത്തെ വികസനത്തിലേക്ക് നയിക്കുമ്പോള്‍ ഇത്തരം ജനങ്ങളും ബുദ്ധിമുട്ട് നേരിടേണ്ടി വരും. നോട്ട് അസാധുവാക്കിയതിലൂടെ സമാജ്‌വാദി, ബി.എസ്.പി പാര്‍ട്ടികള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയെ തുടര്‍ന്ന് ആളുകുറയുമെന്ന ഭയത്താല്‍ ഡിസംബര്‍ 24ന് ലക്‌നൗവില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ടിയിരുന്ന റാലി ബി.ജെ.പി റദ്ദാക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ ഈമാസം ആരംഭിച്ച ബി.ജെ.പിയുടെ നാലു പരിവര്‍ത്തന്‍ യാത്രകളുടെ സമാപന സമ്മേളനമായാണ് ഡിസംബര്‍ 24ലെ പരിപാടി നിശ്ചയിച്ചിരുന്നത്.

നവംബര്‍ 20ന് ആഗ്രയില്‍ പ്രധാനമന്ത്രി പങ്കെടുത്ത റാലിയിലും പൊതുജനസാന്നിധ്യം താരതമ്യേന വളരെക്കുറവായിരുന്നു. ഇതും ലക്‌നൗവിലെ റാലി റദ്ദാക്കാന്‍ കാരണമായി.

We use cookies to give you the best possible experience. Learn more