മരുഭൂമിയില്‍ അനുഭവിച്ച യാതനകളും വേദനകളും പങ്കുവെക്കുകയാണ് നജീബ്. മരുഭൂമിയില്‍ നിന്ന് പല തവണ രക്ഷപ്പെടാന്‍ നോക്കിയിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും നജീബ് പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട രണ്ടര വര്‍ഷത്തിനിടെ വെറും രണ്ട് തവണ മാത്രമാണ് താന്‍ കുളിച്ചതെന്നും പാമ്പ് കടിച്ചെങ്കിലും മരിക്കട്ടെയെന്ന് കരുതി പാമ്പുള്ള ഇടങ്ങളില്‍ പോയി നിലത്ത് കിടന്നുനോക്കിയിട്ടുണ്ടെന്നും നജീബ് പറയുന്നു.
അവിടെ എത്തിയ ശേഷം ഞാന്‍ പല തവണ രക്ഷപ്പെട്ടു പോകാന്‍ നോക്കി. പറ്റുന്നില്ല. ഏത് സമയവും അര്‍ബാബ് അവിടെയുണ്ട്. ഇത്രയും വര്‍ഷത്തിനിടെ അയാള്‍ എവിടേക്കും പോയിട്ടില്ല.
ഈ രണ്ടര വര്‍ഷത്തിനിടെ ആകെ കുളിച്ചത് രണ്ട് ദിവസമാണ്. നാട്ടില്‍ രണ്ട് നേരം കുളിക്കുന്ന ആളാണ്. ആറാട്ടുപുഴയുടെ നടുവില്‍ ജീവിച്ച ആളാണ്. കുളിക്കാത്തപ്പോഴൊക്കെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പൊടിക്കാറ്റും ചൂടും എല്ലാം.
ഞാന്‍ അവിടെ എത്തിയ ദിവസം ഒരാളെ കണ്ടിരുന്നു. താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി വല്ലാത്തൊരു രൂപത്തിലുള്ള ആള്‍. പിറ്റേ ദിവസം മുതല്‍ അയാളെ കണ്ടിട്ടില്ല. അയാള്‍ക്ക് പകരം ഞാന്‍ എത്തിയ പോലെയായിരുന്നു.
പിറ്റേ ദിവസം രാവിലെ എണീറ്റപ്പോള്‍ അറബി ഒരു കെറ്റില്‍ കൊണ്ടു തന്നു. ആടിനെ പിഴിയാന്‍ പറഞ്ഞു. പിഴിയാന്‍ നോക്കിയപ്പോള്‍ പാല്‍ വരുന്നില്ല. എനിക്ക് കറന്ന് പരിചയവുമില്ല. പാല്‍ വരുന്നില്ല. അയാള്‍ എന്തൊക്കെയോ തെറി പറഞ്ഞ് എന്റെ കയ്യില്‍ നിന്ന് കെറ്റില്‍ അയാള്‍ തട്ടിപ്പറിച്ചു.
അയാള്‍ക്ക് ഏകദേശം 50 വയസിന് മുകളിലുണ്ട്. കണ്ടാല്‍ പേടി തോന്നുന്ന രൂപമാണ്. മണ്ണെണ്ണ സ്റ്റൗ പോലുള്ള ഒന്നുണ്ട് അവിടെ. പാല്‍ അതില്‍ കാച്ചി അയാള്‍ കുടിക്കും. അന്ന് എനിക്ക് ഒരല്‍പ്പം തന്നു. ഞാന്‍ കുടിച്ചില്ല. ഉച്ചയ്ക്ക് കുബ്ബൂസ് തന്നു. എനിക്ക് കഴിക്കാനൊന്നും കഴിയുന്നില്ല. ഞാന്‍ പെട്ടുകിടക്കുകയല്ലേ. നാട്ടിലെ അവസ്ഥയറിയില്ല.
അറബി എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ഈ ജോലിക്കാണെന്ന് മനസിലായി. ആടിന് ഭക്ഷണം കൊടുക്കുന്നതാണ് പാട്. 200 എണ്ണത്തെ വെച്ച് ഓരോ കൂട്ടില്‍ ഇട്ടേക്കുവാണ്. ആദ്യം കുറച്ചെണ്ണത്തിനെ കുറച്ച് ദൂരം നടത്തിക്കണം. അതിന് ശേഷം അടുത്ത ട്രിപ്പിലുള്ളവരെ കൊണ്ടുപോകണം. പച്ചപ്പുല്ലൊന്നും അവിടെ ഇല്ലല്ലോ. ഒട്ടകത്തിന് നമ്മള്‍ ഒന്നും ചേയ്യേണ്ടതില്ല. ഗോതമ്പ് കൊടുത്താല്‍ മതി. അത് കഴിച്ച് പോയിക്കോളും.
ഉപ്പുവെള്ളം ടാങ്കില്‍ കൊണ്ടുവന്ന് അടിക്കുകയാണ് ചെയ്യുക. അത് നമുക്ക് കുടിക്കാന്‍ കഴിയില്ല. ആടിനെ കൊണ്ടുപോകുന്ന സമയവും തിരിച്ചുവരുന്ന സമയവും ഒന്നും അറിയില്ല. മരുഭൂമി ഇങ്ങനെ പരന്ന് കിടക്കുകയല്ലേ. മിണ്ടാന്‍ ഒരാളില്ല. ചുറ്റുമുള്ളത് ആടുകള്‍ മാത്രമാണ്. ആടുകളോട് സംസാരിക്കാന്‍ തുടങ്ങി. ഓരോ പേരിട്ട് അവറ്റകളെ വിളിക്കാന്‍ തുടങ്ങി. എന്റെ മകന്റെ പേരൊക്കെ ഞാന്‍ ഒരാടിനെ വിളിച്ചിരുന്നു. നോവലില്‍ അത് നബീല്‍ എന്നാണ്.
രണ്ടാമത്തെ ദിവസം പാല്‍ കറന്നപ്പോള്‍ ഇത്തിരി പാല് കിട്ടി. അതോടെ അയാള്‍ എന്റഎ തലയില്‍ ഒരടിയടിച്ചു. മൂന്നാമത്തെ ദിവസം ദൈവങ്ങളെയൊക്കെ വിളിച്ച് ഞാന്‍ കറന്നു. അപ്പോള്‍ പാല്‍ കിട്ടി. കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അറബി പറയുന്നത് ചിലതൊക്കെ മനസിലായി. ഞാന്‍ അയാളോട് ഒന്നും സംസാരിക്കുന്നില്ല. മൂന്ന് മാസമെങ്കിലുമെടുത്തു അതുമായി പൊരുത്തപ്പെടാന്‍.
ഒരു ദിവസം ഒരു അറബി ആടിനുള്ള പുല്ലുമായി വന്നു. ഞാന്‍ അവിടെ നിന്നും ഒരു കത്ത് എഴുതിയിരുന്നു. അത് ഞാന്‍ ഇയാളെ പൊക്കി കാണിച്ചു. അയാളുടെ അടുത്തേക്ക് പോകാനൊന്നും അര്‍ബാബ് സമ്മതിച്ചിരുന്നില്ല. അപ്പുറത്തായി മണലില്‍ ഇട്ടോളാന്‍ ആ വന്നയാള്‍ എന്നോട് ആംഗ്യം കാണിച്ചു. ഞാന്‍ അതുപോലെ ചെയ്തു. ആ കത്തുമായി അയാള്‍ പോയി. സ്റ്റാമ്പ് ഒട്ടിച്ച് നാട്ടിലേക്ക് അയച്ചു.
ആ കത്ത് എന്റെ നാട്ടില്‍ കിട്ടി. കത്ത് കിട്ടിയപ്പോള്‍ ഞാന്‍ ജീവനോടെയുണ്ടല്ലോ എന്നോര്‍ത്ത് അവര്‍ക്ക് സമാധാനമായി. പെട്ടുപോയെന്നും ഏത് സ്ഥലമാണെന്നൊന്നും അറിയില്ലെന്നും ഇതൊരു മരുഭൂമിയാണെന്നും ഒരു ടെന്റുണ്ടെന്നും അറബിയുടെ കയ്യില്‍ തോക്കുണ്ടെന്നും രക്ഷപ്പെടാന്‍ പറ്റുമോ എന്നറിയില്ല എന്നൊക്കെയായിരുന്നു കത്തില്‍ എഴുതിയത്.
പിന്നേയും ഒരുപാട് തവണ കത്ത് എഴുതിയെങ്കിലും അതൊക്കെ അവര്‍ കാണുകയും വലിച്ചു കീറിക്കളയുകയും ചെയ്തു. കുറേ നാള്‍ കഴിഞ്ഞപ്പോഴേക്ക് ഞാന്‍ അസ്ഥിക്കൂടമായി. മീശയും താടിയും വളര്‍ന്ന് വല്ലാത്ത രൂപമായി. അന്ന് ഞാന്‍ കണ്ടയാളുടെ അതേ രൂപത്തിലേക്ക് എത്തി.
നാട്ടിലേക്ക് തിരിച്ചെത്തുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. നമ്മള്‍ ആടുമായി പോയാല്‍ അര്‍ബാബ് ബൈനോക്കുലര്‍ വെച്ച് നോക്കും. ഒരുപാട് ദൂരത്തേക്ക് പോകാന്‍ പറ്റില്ല. അല്‍പം താമസിച്ചാല്‍ അവര്‍ ജീപ്പോടിച്ച് വരും. എന്നെ കൊന്നാല്‍പോലും ആരും അറിയില്ലായിരുന്നു,’ നജീബ് പറഞ്ഞു.
Content Highlight: real najeeb about his survival and desert life aadujeevitham