| Saturday, 30th March 2024, 10:14 am

എന്റെ കയ്യില്‍ നിന്ന് അയാള്‍ പാസ്‌പോര്‍ട്ട് വാങ്ങി, അയാളുടെ ആളാണെന്ന് പറഞ്ഞു; വണ്ടിയില്‍ വെച്ച് തന്നെ അപകടം മനസിലായി: നജീബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ പ്രതീക്ഷകളോടെ ഗള്‍ഫില്‍ വിമാനമിറങ്ങുമ്പോള്‍ നജീബിന് അറിയില്ലായിരുന്നു അദ്ദേഹത്തെ കാത്തിരിക്കുന്ന ആ വലിയ അപകടത്തെ കുറിച്ച്.

എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ തന്നെ കാത്ത് അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും പുറത്തിറങ്ങിയ തന്റെ കയ്യില്‍ നിന്നും ഒരു അറബി പാസ്‌പോര്‍ട്ട് വാങ്ങി അയാളുടെ ആളാണെന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയെന്നും നജീബ് പറയുന്നു. മണിക്കൂറുകളോളം മരുഭൂമിയിലൂടെ വണ്ടി ഓടിയെന്നും അപ്പോള്‍ തന്നെ കാത്തിരിക്കുന്നത് അപകടമാണെന്ന് തനിക്ക് തോന്നിയെന്നും നജീബ് പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നജീബ്.

‘എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന് കരുതിയാണ് ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചത്. ഒരു ബന്ധു വഴിയാണ് ഗള്‍ഫില്‍ പോകാനുള്ള കാര്യങ്ങള്‍ ശരിയാക്കിയത്. അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല ഇതൊന്നും സംഭവിച്ചത്. ബോംബെ വഴിയാണ് ഞാന്‍ പോയത്. സഹായത്തിന് ആരും ഉണ്ടായിരുന്നില്ല. എന്റെ അയലത്തുള്ള ഒരാള്‍ ആ ഫ്‌ളൈറ്റില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് വേറൊരു സ്ഥലത്തേക്കായിരുന്നു പോകേണ്ടിയിരുന്നത്. റിയാദ് എയര്‍പോര്‍ട്ടില്‍ ഞാന്‍ ഇറങ്ങിയിട്ടുണ്ടെന്ന കാര്യം അദ്ദേഹമാണ് എന്റെ വീട്ടില്‍ അറിയിച്ചത്. പിന്നെ യാതൊരു വിവരവും എന്നെ കുറിച്ച് ഉണ്ടായിരുന്നില്ല.

സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കായിട്ടുള്ള വിസയിലാണ് പോയത്. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ആരേയും കണ്ടില്ല. എന്റെ കയ്യില്‍ നമ്പര്‍ ഉണ്ടായിരുന്നു. പക്ഷേ വിളിക്കാനുള്ള സാഹചര്യം ഉണ്ടായില്ല. ഒരു അറബി അവിടെ നിന്ന് എന്നെ വിളിച്ചു. വണ്ടിയുടെ അടുത്ത് അയാള്‍ കാത്തുനില്‍ക്കുകയാണ്. വിസ ചെക്കിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കണ്ടത്. എന്റെ കയ്യില്‍ നിന്ന് പാസ്‌പോര്‍ട്ട് വാങ്ങിയിട്ട് അവന്റെ ആളാണെന്ന് പറഞ്ഞ് എന്നെ വണ്ടിയില്‍ കയറ്റി.

മരുഭൂമിയിലൂടെ കുറേ കിലോമീറ്ററുകള്‍ വണ്ടി ഓടി. രണ്ട് മണിക്കൂറെങ്കിലും ഓടിയിട്ടുണ്ട്. മരുഭൂമിയിലൂടെ വണ്ടി ഓടുമ്പോള്‍ ഞാന്‍ ഇങ്ങനെ നോക്കുന്നുണ്ട്. ഒരു ബില്‍ഡിങ്ങും കാണുന്നില്ല, ഒരു മനുഷ്യനേയും കാണുന്നില്ല. അപ്പോള്‍ എനിക്ക് എന്റെ മനസില്‍ പണ്ടൊക്കെ ഇതുപോലെ ആടുമേക്കാന്‍ ആള്‍ക്കാര്‍ പോയിട്ടുണ്ടല്ലോ എന്ന കാര്യമൊക്കെ വന്നു.

പിന്നെ മണിക്കൂറൊന്നും അറിയുന്നില്ല. കരച്ചില്‍ മാത്രമേയുള്ളൂ. രാത്രിയായിരുന്നു. പിക്കപ്പ് വണ്ടിയായിരുന്നു അത്. ആ വണ്ടിയില്‍ ഈ അറബി മാത്രമേയുള്ളൂ. അയാള്‍ ഒന്നും പറയുന്നില്ല. വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷ അറിയത്തില്ല ഒന്നും ചോദിക്കാന്‍ പറ്റുന്നില്ല, രാത്രിയായി അവിടെ ചെന്നിറങ്ങുമ്പോള്‍.

അവിടെ എത്തിയ ഞാന്‍ ഭയങ്കരമായി പേടിച്ചു, വിറച്ചുപോയി. ശരീരമൊക്കെ വിറക്കുകയാണ്. ജീവിതം അവസാനിച്ചെന്ന് തോന്നി. രക്ഷപ്പെടാന്‍ വഴിയില്ല. ഇയാള്‍ എന്തിനാണ് കൊണ്ടുവന്നതെന്ന് പോലും അറിയില്ല. പാസ്‌പോര്‍ട്ടും അയാളുടെ കയ്യിലാണ്. നോക്കാനും അന്വേഷിക്കാനുമൊന്നും ആരുമില്ല.

അന്ന് രാത്രി ഞാന്‍ അത്രയും ആടുകളെ കണ്ടില്ല. പിറ്റേ ദിവസം നോക്കിയപ്പോഴാണ് 700 ഓളം ആടുകളേയും 20 ഓളം ഒട്ടകത്തേയും അവിടെ കണ്ടത്.

അന്ന് കഴിക്കാന്‍ കുബ്ബൂസ് പോലുള്ള എന്തോ ഒന്ന് അവിടെയുണ്ട്. പക്ഷേ ഞാന്‍ ഒന്നും കഴിച്ചില്ല. കരച്ചില്‍ തന്നെയായിരുന്നു. അലറിക്കരയുകയാണ്. എന്റെ ജീവിതം പോയെന്ന് മനസിലായി. അര്‍ബാബ് എന്തൊക്കെയോ അവിടെ നിന്ന് പറയുന്നുണ്ട്. 29 വയസാണ് എന്റെ പ്രായം. അയാളല്ല എന്റെ സ്‌പോണ്‍സര്‍. അയാള്‍ക്ക് അതറിയാം. പാസ്‌പോര്‍ട്ട് നോക്കി നേരെ അങ്ങ് വണ്ടിയില്‍ കയറ്റിയതാണല്ലോ.

ഞാന്‍ ചെന്നിറങ്ങുമ്പോള്‍ അവിടെ ഭീകരരൂപിയെ പോലെ, വികൃതരൂപത്തില്‍ ഒരാളുണ്ടായിരുന്നു. താടിയും മുടിയുമൊക്കെ വളര്‍ന്ന ഒരാള്‍. അയാള്‍ അന്ന് ഒന്ന് മിണ്ടുന്നുപോലുമില്ല. പുറത്ത് രണ്ട് കട്ടിലുണ്ട്. ഞാന്‍ ചെന്നപ്പോള്‍ തന്നെ പുള്ളി ഒരു കട്ടിലില്‍ കയറി കിടന്നു. ഞാന്‍ കരഞ്ഞിരിക്കുകയാണ്. വിശക്കുന്നുമുണ്ട്. കൊണ്ടുപോയതില്‍ നിന്ന് എന്തോ എടുത്തു കഴിച്ചു. പിന്നെ ഉറങ്ങിപ്പോയി. രാവിലെ നോക്കിയപ്പോള്‍ ആ കട്ടിലില്‍ കിടന്ന ആളില്ല. വെള്ളമില്ല, ഭക്ഷണമില്ല. ആടുകള്‍ മാത്രം. ജീവിതം അവസാനിച്ചെന്ന് ഉറപ്പിച്ചു,’ നജീബ് പറയുന്നു.

Content Highlight: Real najeeb about his life and struggles on desert

We use cookies to give you the best possible experience. Learn more