'സിനിമയില്‍ കുറഞ്ഞു പോയി; ഒരു ചെറിയ സംഭവമായിരുന്നില്ല അന്ന് നടന്നത്' യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ് സംസാരിക്കുന്നു
Film News
'സിനിമയില്‍ കുറഞ്ഞു പോയി; ഒരു ചെറിയ സംഭവമായിരുന്നില്ല അന്ന് നടന്നത്' യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ് സംസാരിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 4:32 pm

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമകളില്‍ ഒന്നായിരുന്നു ഇത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ ആ സിനിമയെ കുറിച്ചും തങ്ങളുടെ അനുഭവങ്ങളെ കുറിച്ചും പറയുകയാണ് യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ്.

സിനിമ കണ്ട ശേഷം ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അന്ന് തങ്ങള്‍ക്ക് 22 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഈ സംഭവം വീട്ടിലറിഞ്ഞാല്‍ തങ്ങള്‍ക്ക് പിന്നെ എവിടെയും ടൂര്‍ പോകാന്‍ പറ്റിലായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ കൃഷ്ണകുമാറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അരുണ്‍ കുര്യനായിരുന്നു.

‘അന്ന് ഞങ്ങള്‍ക്ക് 22 വയസല്ലേയുള്ളൂ. ഇങ്ങനെയൊരു സംഭവം നടന്നത് വീട്ടിലറിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് എവിടെയും ടൂര്‍ പോകാന്‍ പറ്റിലായിരുന്നു. പൊലീസിനെ പേടിച്ചല്ല വീട്ടുകാരെ പേടിച്ചായിരുന്നു ആരോടും പറയാതിരുന്നത്,’ കൃഷ്ണകുമാര്‍ പറഞ്ഞു.

ഈ സംഭവം പിന്നീട് ഒരു സിനിമയാകുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് അന്ന് കുഴിയില്‍ വീഴുമെന്ന് പോലും വിചാരിച്ചിരുന്നില്ലെന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിലെ കുട്ടന്‍ പറഞ്ഞത്. ചിത്രത്തില്‍ സൗബിനായിരുന്നു കുട്ടന്റെ കഥാപാത്രം ചെയ്തിരുന്നത്.

‘ഇത് ഒരു ചെറിയ സംഭവമായിരുന്നില്ല വലിയ കാര്യമായിരുന്നു. വീട്ടില്‍ ഇതുകേട്ടാല്‍ എങ്ങനെയാകും പ്രതികരണമെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് ആരെയും അറിയിക്കേണ്ടെന്ന് തീരുമാനിച്ചു.

എന്നാല്‍ തമിഴ്‌നാട്ടില്‍ ഇത് പത്രത്തിലൊക്കെ വന്നിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ അത് നാട്ടിലുള്ള ഒരാള്‍ കണ്ടതോടെയാണ് പുറത്തറിയുന്നത്. പിന്നെ മാധ്യമങ്ങളും വാര്‍ത്തയുമായി ഞങ്ങള്‍ ഫേയ്മസായി,’ കുട്ടന്‍ പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ സുഭാഷായിരുന്നു ഗുണാ കേവില്‍ അകപ്പെട്ടത്. സിനിമയില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ശ്രീനാഥ് ഭാസിയായിരുന്നു. ചിത്രത്തെ പറ്റി ചോദിച്ചപ്പോള്‍ സിനിമയില്‍ അത് കുറഞ്ഞു പോയെന്നായിരുന്നു സുഭാഷ് പറഞ്ഞത്.

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ദീപക് പറമ്പോല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.


Content Highlight: Real Manjummel Boys Talks About Movie