ഒടുവില്‍ ജയം പി.എസ്.ജിക്കൊപ്പം തന്നെ; നിരാശനായി എംബാപ്പെ
Sports News
ഒടുവില്‍ ജയം പി.എസ്.ജിക്കൊപ്പം തന്നെ; നിരാശനായി എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th August 2023, 6:58 pm

ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. 2025 വരെ പി.എസ്.ജിക്കൊപ്പം തുടരാനാകില്ലെന്ന് താരം മാനേജ്‌മെന്റിനെ അറിയിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാവുകയായിരുന്നു. 2024ല്‍ ഫ്രീ ഏജന്റായി ക്ലബ്ബ് വിടാനായിരുന്നു എംബാപ്പെയുടെ ആഗ്രഹം. തുടര്‍ന്ന് തന്റെ സ്വപ്ന ക്ലബ്ബായ റയല്‍ മാഡ്രിഡിനൊപ്പം ചേരാനും താരം പദ്ധതിയിട്ടിരുന്നു.

എന്നാല്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടര്‍ന്നില്ലെങ്കില്‍ താരത്തെ വെറുതെ പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.എസ്.ജിയുടെ നിലപാട്. ലോകത്തെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ഒരാളെ ഫ്രീ ഏജന്റായി വിട്ടയച്ചാല്‍ അത് ക്ലബ്ബിനുണ്ടാക്കിയേക്കാവുന്ന നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പാരീസിയന്‍സിന്റെ വാദം. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിട്ട് പോകണമെന്നും പി.എസ്.ജി എംബാപ്പെയെ അറിയിച്ചിരുന്നു.

റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരേസിന്റെ സ്വപ്നമാണ് ഫ്രഞ്ച് സൂപ്പര്‍ താരത്തെ ക്ലബ്ബിലെത്തിക്കുക എന്നുള്ളത്. എന്നാല്‍ പി.എസ്.ജി നിലപാട് ശക്തമാക്കിയതിനാല്‍ എംബാപ്പെയെ ഈ സീസണില്‍ സ്വന്തമാക്കാന്‍ റയലിന് മറ്റുമാര്‍ഗങ്ങള്‍ ഒന്നുമില്ലതാനും. താരം ഫ്രീ ഏജന്റ് ആകുന്നത് വരെ കാത്തിരിക്കാനാണ് ലോസ് ബ്ലാങ്കോസിന്റെ തീരുമാനം.

ഇതിനിടക്ക് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് ഞെട്ടിക്കുന്ന ഓഫര്‍ എംബാപ്പെയെ തേടിയെത്തിയെങ്കിലും സൈനിങ്ങിനെ കുറിച്ച് സംസാരിക്കാന്‍ പോലും താരം കൂട്ടാക്കിയില്ലെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍ പി.എസ്.ജിയുടെ പ്രീ സീസണ്‍ മത്സരങ്ങളും താരത്തിന് നഷ്ടമായി. ജപ്പാനിലേക്ക് തിരിച്ച പി.എസ്.ജിയുടെ സ്‌ക്വാഡില്‍ എംബാപ്പെ ഇടം പിടിച്ചിരുന്നില്ല. ക്ലബ്ബിന്റെ പരിശീലന സെഷനുകളില്‍ നിന്നും താരം പുറത്തായിരുന്നു.

കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്നതല്ലാതെ എംബാപ്പെക്ക് അനുകൂലമായ അന്തരീക്ഷം ഇതുവരെ ഉണ്ടായില്ല. പി.എസ്.ജിയുടെ കണ്ടീഷന്‍സ് പാലിച്ച് എംബാപ്പെ ക്ലബ്ബില്‍ തുടരാന്‍ തീരുമാനിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാഡ്രിഡ് സോണിനെ ഉദ്ധരിച്ച് സ്‌കൈ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത സമ്മറില്‍ ഫ്രീ ഏജന്റാകുന്നത് വരെ ക്ലബ്ബില്‍ തുടരാന്‍ സമ്മതമാണെന്ന് എംബാപ്പെ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Real Mandrid have no other options to acquire Mbappe this season as PSG have strengthened their position