2023-24 സീസണിലെ ലാ ലിഗ കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. കാഡിസിനെതിരെയുള്ള മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് റയല്‍ മാഡ്രിഡ് കിരീടം ചൂടിയത്. കാഡിസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
വിജയത്തോടെ 34 മത്സരങ്ങളില്‍ നിന്നും 27 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 87 പോയിന്റ് നേടിക്കൊണ്ടാണ് ലോസ് ബ്ലാങ്കോസ് സ്പാനിഷ് ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിയത്.
ഫുട്‌ബോള്‍ ചരിത്രത്തില്‍ റയല്‍ മാഡ്രിഡിന്റെ 36ാം ലാലിഗ കിരീടമാണ് ഇത്. മറ്റൊരു ടീമിനും ഇത്രയധികം കിരീടങ്ങള്‍ നേടാന്‍ സാധിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.
റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു റയല്‍ മാഡ്രിഡ് മൂന്ന് ഗോളുകളും നേടിയത്.
51ാം മിനിട്ടില്‍ ഇബ്രാഹിം ഡയസ്സിലൂടെയാണ് റയല്‍ ഗോളടി മേളം തുടങ്ങിയത്. 68ാം മിനിട്ടില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം റയല്‍ മാഡ്രിഡിന്റെ ഗോള്‍ നേട്ടം രണ്ടാക്കി മാറ്റി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ജോസേലു മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും റയല്‍ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ 19 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് റയല്‍ മാഡ്രിഡ് ഉതിര്‍ത്തത്. ഇതില്‍ ഒമ്പത് എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ഏഴ് ഷോട്ടുകളില്‍ നിന്നും രണ്ടെണ്ണം മാത്രമേ റയലിന്റെ പോസ്റ്റിലേക്ക് കാഡിസിന് അടിക്കാന്‍ സാധിച്ചത്.
റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം മെയ് ഒമ്പതിനാണ് നടക്കുന്നത്. ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിന്റെ സെക്കന്റ് ലെഗില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക് ആണ് റയലിന്റെ എതിരാളികള്‍.
ബയോണിന്റെ ഹോം ഗ്രൗണ്ട് ആയ അലിയന്‍സ് അരീനയില്‍ നടന്ന ആദ്യപാദത്തില്‍ ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ റയലിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചുകൊണ്ട് ഫൈനലിലേക്ക് മുന്നേറാന്‍ ആയിരിക്കും ആന്‍സലോട്ടിയും സംഘവും ലക്ഷ്യമിടുക.
Content Highlight: Real Madrid won La Liga tittle