| Wednesday, 11th December 2024, 6:08 pm

വിമര്‍ശകര്‍ക്ക് 10ാം മിനിട്ടില്‍ മറുപടി; ഇത് എംബാപ്പെയുടെ തിരിച്ചുവരവോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് (ബുധന്‍) നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അറ്റ്ലാന്റയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ വിജയിച്ചു കയറിയത്.

റയലിനു വേണ്ടി പത്താം മിനിട്ടില്‍ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനത്തിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു അറ്റ്ലാന്റക്കെതിരെ കണ്ടത്.

കഴിഞ്ഞ മത്സരങ്ങളില്‍ എംബാപ്പെ പെനാല്‍റ്റി പാഴാക്കിയതിന് ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറെ നിരാശയില്‍ ആയിരുന്നു. രണ്ടാം വട്ടവും പിഴവ് സംഭവിച്ചതോടെ മുന്‍ ഫ്രഞ്ച് താരങ്ങള്‍ അടക്കം താരത്തിനെതിരെ വന്നിരുന്നു. എന്നാല്‍ റയല്‍ പരിശീലകന്‍ താരത്തിന് പിന്തുണ നല്‍കുകയായിരുന്നു.

എതിരാളികളുടെ റൈറ്റ് വിങ് ഡിഫന്‍സ് മറികടന്ന് സ്ട്രൈക്കര്‍ എംബാപ്പെക്ക് ലഭിച്ച മികച്ച അവസരം വലയില്‍ എത്തിക്കുകയായിരുന്നു. ശേഷം അറ്റ്ലാന്റയുടെ ഷാര്‍ലസ് ആദ്യപകുതിയുടെ എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി സമനില പിടിച്ചു.

തുടര്‍ന്ന് റയലിന്റെ വിനീഷ്യസ് ജൂനിയര്‍ 56ാം മിനിട്ടില്‍ ലീഡ് നേടി ടീമിന് മുന്നിലെത്തിച്ചു.
പിന്നീട് ജൂഡ് ബെല്ലിങ്ഹാം 59ാം മിനിട്ടില്‍ മൂന്നാം ഗോള്‍ കണ്ടെത്തിയതോടെ ലീഡ് ഉയര്‍ത്തി.

പിന്നീട് വാശിയേറിയ പോരാട്ടത്തില്‍ അറ്റ്ലാന്റയുടെ എഡിമോള ലുക്മാന്‍ 65ാം മിനിട്ടില്‍ ടീമിന് രണ്ടാം ഗോള്‍ നല്‍കിയെങ്കിലും റയലിനെതിരെ ലീഡ് നേടാന്‍ സാധിച്ചില്ല.

റയലിന്റെ മൂന്ന് മികച്ച താരങ്ങളും ഗോള്‍ കണ്ടെത്തി മികച്ച ഫോമിലേക്ക് തിരിച്ചുവന്നെന്ന് വിശ്വസിക്കുകയാണ് ആരാധകര്‍. ശേഷിക്കുന്ന മത്സരങ്ങളില്‍ റയല്‍ തങ്ങളുടെ ആധിപത്യം തുടരുക തന്നെ ചെയ്യും എന്നാണ് ഫുട്ബോള്‍ ലോകം വിശ്വസിക്കുന്നത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ 16 മത്സരങ്ങളില്‍ നിന്നും 11 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 36 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയല്‍. ഒന്നാം സ്ഥാനത്ത് 17 മത്സരങ്ങളില്‍ നിന്ന് 12 വിജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 38 പോയിന്റുമായി ബാര്‍സലോണയാണ് ഉള്ളത്.

Content Highlight: Real Madrid Won Against Atlanta

We use cookies to give you the best possible experience. Learn more