| Sunday, 2nd June 2024, 7:42 am

ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ റയലാണെങ്കിൽ, രാജാവ് ഇങ്ങേര് തന്നെ; ചരിത്രനേട്ടത്തിൽ റയൽ ബോസ്

സ്പോര്‍ട്സ് ഡെസ്‌ക്

2023-24 ചാമ്പ്യന്‍സ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് വമ്പന്‍മാര്‍ പരാജയപ്പെടുത്തിയത്.

റയല്‍ മാഡ്രിഡിന്റെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമാണിത്. ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആണ്‍സലോട്ടി സ്വന്തമാക്കിയത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് അഞ്ച് തവണ സ്വന്തമാക്കുന്ന ആദ്യ മാനേജര്‍ എന്ന നേട്ടമാണ് ആന്‍സലോട്ടി സ്വന്തമാക്കിയത്. 2003, 2007, 2014, 2022, 2024 എന്നീ സീസണുകളിലാണ് അന്‍സലോട്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.

അതേസമയം ഇംഗ്ലണ്ടിലെ വെമ്പ്‌ളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും നേടാന്‍ സാധിച്ചിരുന്നില്ല. ആദ്യപകുതിയില്‍ ബോറൂസിയ ഡോര്‍ട്മുണ്ട് ആയിരുന്നു കളം നിറഞ്ഞു കളിച്ചത്. ഗോളടിക്കാന്‍ നിരവധി അവസരങ്ങള്‍ ഡോര്‍ട്മുണ്ട് സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങില്‍ വന്ന പിഴവ് മൂലം ഗോള്‍ നേടാതെ പോവുകയായിരുന്നു.

മത്സരത്തില്‍ 74ാം മിനിട്ടില്‍ ഡാനി കാര്‍വാജലിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. ജര്‍മന്‍ സൂപ്പര്‍താരം ടോണി ക്രൂസ് എടുത്ത ഒരു കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

83ാം മിനിട്ടില്‍ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ രണ്ടാം ഗോളും നേടി. ഡോര്‍ട്മുണ്ട് പ്രതിരോധത്തില്‍ ഉണ്ടായ പിഴവുകള്‍ മുതലെടുത്തുകൊണ്ട് താരം ഗോള്‍ കണ്ടെത്തുകയായിരുന്നു.

മത്സരത്തില്‍ 58 ശതമാനവും ബോള്‍ കൈവശം വെച്ചിരുന്നത് ലോസ് ബ്ലാങ്കോസ് ആയിരുന്നു. ഈ ടീമുകളും 13 ഷോട്ടുകള്‍ വീതമാണ് ഉതിര്‍ത്തത്. ഇതില്‍ ആറ് ഷോട്ടുകള്‍ റയല്‍ മാഡ്രിഡ് ലക്ഷ്യത്തിലേക്ക് എത്തിച്ചപ്പോള്‍ നാലെണ്ണം മാത്രമാണ് ബൊറൂസിയക്ക് ഓണ്‍ ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ സാധിച്ചത്.

Content Highlight: Real Madrid won 2023-24 ucl

We use cookies to give you the best possible experience. Learn more