| Monday, 9th October 2023, 3:21 pm

പല തവണ അവസരം ലഭിച്ചെങ്കിലും റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോയുമായി സൈനിങ് നടത്തിയില്ല; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പല തവണ സൈന്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും റയല്‍ മാഡ്രിഡ് നിരസിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടിയും ഫ്ളോറന്റിനോ പെരേസും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് എല്‍ ഫുട്‌ബോളെറോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിലാണ് അല്‍ നസറിലേക്ക് ചേക്കേറിയത്.

എന്നാല്‍ താരത്തിന് ഏഷ്യന്‍ ക്ലബ്ബിന് വേണ്ടി ബൂട്ട്‌കെട്ടുന്നതിനോട് വിയോജിപ്പുണ്ടായിരുന്നെന്നും അവസാന നിമിഷം വരെ റയല്‍ മാഡ്രിഡിന്റെ വിളിയും കാത്തിരിക്കുകയായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

റൊണാള്‍ഡോക്ക് തന്റെ പഴയ ക്ലബ്ബായ റയലിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ക്ലബ്ബ് താരത്തെ ക്ഷണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലെത്തിയ ശേഷം കരിയറില്‍ 850 ഗോള്‍ നേടുന്ന ആദ്യ താരം എന്ന ഐതിഹാസിക നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. സൗദി പ്രോ ലീഗില്‍ അല്‍ ഹസമിനെതിരായ മത്സരത്തില്‍ നേടിയ ഗോളിന് പിന്നാലെയാണ് റൊണാള്‍ഡോ 850 എന്ന മാജിക്കല്‍ നമ്പര്‍ പൂര്‍ത്തിയാക്കിയത്.

കരിയറില്‍ റൊണാള്‍ഡോ ഏറ്റവുമധികം ഗോള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. പകുതിയിലധികം ഗോളും താരം നേടിയത് ലോസ് ബ്ലാങ്കോസിന് വേണ്ടിയായിരുന്നു. 450 തവണയാണ് റൊണാള്‍ഡോ റയലിനായി എതിരാളികളുടെ വല കുലുക്കിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുണ്ടായിരുന്ന രണ്ട് കാലഘട്ടങ്ങളിലുമായി 145 ഗോള്‍ നേടിയപ്പോള്‍ 123 ഗോളുകള്‍ പോര്‍ച്ചുഗീസ് നാഷണല്‍ ടീമിന് വേണ്ടിയായിരുന്നു സ്‌കോര്‍ ചെയ്തത്. യുവന്റസിനായി 101 ഗോളുകള്‍ നേടിയ റൊണാള്‍ഡോ, താന്‍ കളിയടവ് പഠിച്ച ബോയ്ഹുഡ് ക്ലബ്ബായ സ്പോര്‍ട്ടിങ് ലിബ്സണിന് വേണ്ടി അഞ്ച് ഗോളാണ് സ്വന്തമാക്കിയത്.

Content Highlights: Real Madrid was not ready to sign with Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more