ഈ സീസണില്‍ എംബാപ്പെയെ ക്ലബ്ബിലെത്തിക്കണം; റയല്‍ മാഡ്രിഡ് വീണ്ടും രംഗത്ത്
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്കായി റയല്‍ മാഡ്രിഡ് വീണ്ടും രംഗത്ത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടിയായിരുന്നു പി.എസ്.ജിയുടെ വാദം.
ഇരുകൂട്ടര്‍ക്കും അനുകൂലമായ തീരുമാനമെടുക്കാന്‍ സാധിക്കാതെ വരികയും ജപ്പാനില്‍ വെച്ച് നടന്ന പി.എസ്.ജിയുടെ പ്രീ സീസണ്‍ മാച്ചുകളില്‍ നിന്ന് എംബാപ്പെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരാര്‍ പുതുക്കുന്നതിനെ ചൊല്ലി പി.എസ്.ജിയുമായുള്ള തര്‍ക്കം താത്കാലികമായി അവസാനിപ്പിച്ച് എംബാപ്പെ വീണ്ടും കളത്തിലിറങ്ങിയിരുന്നു. ടൊലീസോക്കെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി പതിമൂന്നാം മിനിട്ടില്‍ താരം ഗോളടിക്കുകയും ചെയ്തു.
എംബാപ്പെയെ ഈ സീസണില്‍ തന്നെ ക്ലബില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 250 ദശലക്ഷം യൂറോ വരെയാണ് പി.എസ്.ജി എംബാപ്പെക്കായി ഇതുവരെ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ 150 ദശലക്ഷം യൂറോ വരെയായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കുന്നതിന് മുമ്പായി ഓഗസ്റ്റ് 29നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ എംബാപ്പെക്കായുള്ള അവസാന ഓഫര്‍ റയല്‍ പി.എസ്.ജിക്ക് മുമ്പില്‍ വെക്കുമെന്ന് ജര്‍മന്‍ മാധ്യമമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 120 മില്യണ്‍ യൂറോ ആയിരിക്കും എംബാപ്പെക്കായി റയല്‍ വാഗ്ദാനം ചെയ്യുക.
അതേസമയം, എംബാപ്പെക്കായി 120 മില്യണ്‍ യൂറോ മുടക്കാന്‍ റയല്‍ ഡയറക്ടര്‍ ബോര്‍ഡും അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത സീസണൊടുവില്‍ എംബാപ്പെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമെന്നതിനാല്‍ 120 മില്യണ്‍ യൂറോക്ക് തന്നെ എംബാപ്പെയെ നല്‍കാന്‍ പി.എസ്.ജി നിര്‍ബന്ധിതരാകുമെന്നാണ് റയലിന്റെ കണക്കുകൂട്ടല്‍.
Content Highlights: Real Madrid wants to sign with Mbappe this season