അർജന്റൈൻ സൂപ്പർതാരത്തെ റാഞ്ചാൻ മുൻനിര ക്ലബ്ബുകൾ; വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ക്ലബ്ബ് മാനേജ്മെന്റ്
Football
അർജന്റൈൻ സൂപ്പർതാരത്തെ റാഞ്ചാൻ മുൻനിര ക്ലബ്ബുകൾ; വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ക്ലബ്ബ് മാനേജ്മെന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd January 2023, 12:46 pm

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ കയ്യടി നേടുന്ന താരമാണ് അർജന്റീനയുടെ വണ്ടർ കിഡ് എന്നറിയപ്പെടുന്ന അലസാൻഡ്രോ ഗർനാച്ചോ. പതിനെട്ട് വയസ് മാത്രം പ്രായമുള്ള താരം അത്ലറ്റികോ മാഡ്രിഡിൽ നിന്ന് യുണൈറ്റഡ് യൂത്ത് ടീമിലെത്തി തുടർന്ന് സീനിയർ ടീമിനൊപ്പം ചേർന്ന് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ​ഗാർനാച്ചോയാണ് യുണൈറ്റഡിന്റെ വിജയഗോളിന് മാർക്കസ് റാഷ്‌ഫോഡിന് അസിസ്റ്റ് നൽകിയത്.

യുണൈറ്റഡിൽ എറിക് ടെൻ ഹാ​ഗിന് കീഴിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വണ്ടർ കിഡിനായി നിരവധി ക്ലബ്ബുകളാണ് രം​ഗത്തെത്തിയിരിക്കുന്നത്. യുണൈറ്റഡുമായി ഒന്നര വർഷത്തെ കരാർ ബാക്കി നിൽക്കെ താരത്തെ റാഞ്ചാൻ മുന്നിൽ നിൽക്കുന്ന ക്ലബ്ബ് റയൽ മാഡ്രിഡ് ആണ്.

സ്‌പാനിഷ്‌ പൗരത്വമുള്ള ഗർനാച്ചോക്കായുള്ള റയൽ മാഡ്രിഡിന്റെ ശ്രമങ്ങൾ ഭീഷണിയായതിനാൽ അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

​ഗാർനാച്ചോക്ക് എട്ട് വർഷത്തെ കരാർ നൽകാനാണ് യുണൈറ്റഡ് ഒരുങ്ങുന്നത്. ഇതിനുപുറമെ താരത്തിന്റെ പ്രതിഫലം കുത്തനെ ഉയർത്താനും ക്ലബ്ബ് പദ്ധതിയിടുന്നുണ്ട്. സാധാരണ ദൈർഘ്യമേറിയ കാലയളവിലേക്കുള്ള കരാർ നൽകുന്ന പതിവ് യുണൈറ്റഡിനില്ല.

എന്നാൽ ഭാവി വാഗ്‌ദാനമായി മാറാൻ കഴിവുള്ള ഗർനാച്ചോയിൽ വിശ്വാസമുറപ്പിച്ചതിനാലാണ് ക്ലബ്ബ് മാനേജ്മെന്റ് ഇത്ര വലിയ കരാർ നൽകാൻ ഒരുങ്ങുന്നത്.

നിലവിൽ പതിനെട്ട് മത്സരങ്ങളിൽ മാത്രമാണ് ​​ഗാർനാച്ചോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനൊപ്പം കളിക്കാനായത്. കൂടുതൽ സമയവും പകരക്കാരനായി എത്തിയ ​ഗാർനാച്ചോ രണ്ട് ഗോളുകൾ അക്കൗണ്ടിലാക്കുകയും നിരവധി ഗോളുകൾക്ക് അവസരം സൃഷ്ടിക്കുകയും ചെയ്‌തിട്ടുണ്ട്‌.

അതേസമയം ​ഗാർനാച്ചോ തന്റെ ഭാവി പദ്ധതികളെ കുറിച്ച് സംസാരിക്കുകയോ ട്രാൻസ്ഫർ വിഷയത്തിൽ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ജനുവരി 29ന് റീഡിങ്ങിന് എതിരെയാണ് അടുത്ത മത്സരം.

Content Highlights: Real Madrid wants to sign with Manchester United’s Argentine player Alejandro Garnacho