| Thursday, 20th April 2023, 3:57 pm

ബെന്‍സെമക്ക് പകരം ഹാലണ്ട് റയലിലേക്ക്?; നിര്‍ണായക നീക്കവുമായി സിറ്റി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബുണ്ടസ്‌ലിഗ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് നോര്‍വീജിയന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ഈ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് റെക്കോഡുകള്‍ വാരിക്കൂട്ടുന്ന ഹാലണ്ടിനെ നോട്ടമിട്ട് മുന്‍ നിര ക്ലബ്ബുകള്‍ രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്.

താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് രംഗത്തുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നതോടെ ഒത്ത പകരക്കാരനെ ക്ലബ്ബിലെത്തിക്കുകയാണ് ലോസ് ബ്ലാങ്കോസിന്റെ ലക്ഷ്യം.

കരിം ബെന്‍സെമയെ പോലൊരു സൂപ്പര്‍ സ്‌ട്രൈക്കരുടെ നിലവാരത്തിലുള്ള വളരെ ചുരുക്കം കളിക്കാരെ യൂറോപ്പിലുള്ളൂ എന്നിരിക്കെ ഹാലണ്ടാണ് പെര്‍ഫെക്ട് സബ്സ്റ്റിറ്റിയൂട്ട് എന്നാണ് റയലിന്റെ വിലയിരുത്തല്‍.

എന്നാല്‍ റയലിന്റെ നീക്കം മുന്നില്‍ കണ്ട മാഞ്ചസ്റ്റര്‍ സിറ്റി 22കാരനായ ഹാലണ്ടുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 51 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് സിറ്റി ഹാലണ്ടിന്റെ കരാര്‍ പുതുക്കുക.

അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബയേണ്‍ മ്യൂണിക്കുമായി സമനില വഴങ്ങുകയായിരുന്നു. സിറ്റിക്കായ ഹാലണ്ട് ഒരു ഗോള്‍ നേടിയപ്പോള്‍ ജോഷ്വാ കിമ്മിച്ച് ആണ് ബയേണിനായി ഗോള്‍ നേടിയത്.

ഈ സീസണില്‍ 47 മത്സരങ്ങളില്‍ നിന്ന് 40 ഗോളുകളാണ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കായി അക്കൗണ്ടിലാക്കിയിരിക്കുന്നത്. ഒറ്റ സീസണില്‍ ഇത്ര ഗോളുകള്‍ നേടുന്ന ആദ്യ പ്രീമിയര്‍ ലീഗ് താരമാണ് ഹാലണ്ട്.

ഏപ്രില്‍ 22ന് ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം.

Content Highlights: Real Madrid wants to sign with Manchester city super star Erling Haaland

We use cookies to give you the best possible experience. Learn more