| Thursday, 4th May 2023, 12:19 pm

കരിം ബെന്‍സെമക്ക് പകരം അര്‍ജന്റൈന്‍ സൂപ്പര്‍താരം റയല്‍ മാഡ്രിഡിലേക്ക്? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡില്‍ കരിം ബെന്‍സെമയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഈ സീസണിന്റെ അവസാനത്തോടെ ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബില്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാലിപ്പോള്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ജൂലിയന്‍ അല്‍വാരസിനെ ബെന്‍സെമക്ക് പകരക്കാരനായി ക്ലബ്ബിലെത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരെസ് റിവര്‍പ്ലേറ്റില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്. ടീമില്‍ ഏര്‍ലിങ് ഹാലന്‍ണ്ട് എന്ന ശക്തനായ പോരാളി ഉള്ളതിനാല്‍ പകരക്കാരനായിട്ടാണ് അല്‍വാരെസ് പലപ്പോഴും കളത്തില്‍ ഇറങ്ങാറുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ച എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത ഒരേയൊരു താരവും അല്‍വാരസാണ്.

ഇത്തവണ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, എഫ്.എ കപ്പ് എന്നീ ടൈറ്റിലുകള്‍ നേടാന്‍ താരത്തിനാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി താരത്തിന്റെ വേതനം ഉയര്‍ത്തിയിട്ടുണ്ടെന്നും 2028 വരെ കരാര്‍ പുതുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള മുന്നേറ്റ നിര താരമായ ഹാലണ്ടിനാണ് ഈ സീസണില്‍ പ്രാധാന്യം കൊടുക്കുന്നത്. ക്ലബ്ബിലെ അടുത്ത താരമെന്നാണ് അല്‍വാരസിനെ കോച്ച് വിശേഷിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍ അല്‍വാരസിന് അവസരം നല്‍കിയ പെപ് താരത്തിന്റെ പ്രകടനത്തില്‍ സന്തുഷ്ടനായിരുന്നെന്നും ഹാലണ്ടിനൊപ്പം മികച്ച പങ്കാളിത്തം വഹിക്കാന്‍ അല്‍വാരസിന് സാധിക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരെയും മുന്‍ നിര്‍ത്തി കിരീടങ്ങള്‍ ക്ലബ്ബിലെത്തിക്കാനാണ് സിറ്റി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

മത്സരത്തിന് പിന്നാലെ അല്‍വാരസിനെ നോട്ടമിട്ട് റയല്‍ മാഡ്രിഡ് രംഗത്തെത്തുകയായിരുന്നെന്നാണ് എല്‍ ഫുട്‌ബോളെറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെന്‍സെമയുടെ കരാര്‍ അവസാനിച്ച് താരം വൈറ്റ് ഹൗസ് വിടുന്നതോടെ അല്‍വാരസുമായി സൈനിങ് നടത്താനാണ് റയല്‍ മാഡ്രിഡിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം യുണൈറ്റഡുമായി നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.
മത്സരത്തില്‍ എര്‍ലിങ് ഹാലണ്ട്, നാഥന്‍ ആക്കെ, ഫില്‍ ഫോഡന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

പ്രീമിയര്‍ ലീഗില്‍ ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ നിന്ന് 25 ജയവുമായി 79 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 34 മത്സരങ്ങളില്‍ നിന്ന് 24 ജയത്തോടെ ഒരു പോയിന്റ് വ്യത്യാസത്തില്‍ ആഴ്സണലാണ് രണ്ടാം സ്ഥാനത്ത്. മെയ് ആറിന് ലീഡ്സ് യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം.

അതേസമയം, ബുധനാഴ്ച്ച റയല്‍ സോസീഡാഡിനെതിരെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു സോസീഡാഡിന്റെ ജയം. ഇതോടെ 33 മത്സരങ്ങളില്‍ നിന്ന് 21 ജയവുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് റയല്‍ മാഡ്രിഡ്. ഇത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 26 ജയവുമായി 14 പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് ബാഴ്‌സലോണയാണ്.

മെയ് ഏഴിന് കോപ്പ ഡെല്‍ റേയില്‍ ഒസാസുനക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.

Content Highlights: Real Madrid wants to replace Karim Benzema with Julian Alvarez

We use cookies to give you the best possible experience. Learn more