| Wednesday, 18th October 2023, 10:57 am

ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡില്‍ തിരിച്ചെത്തുന്നു; കളിക്കാനല്ല, താരമെത്തുന്നത് മറ്റൊരു റോളില്‍

സ്പോര്‍ട്സ് ഡെസ്‌ക്

തങ്ങളുടെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്ലബ്ബില്‍ തിരിച്ചെത്തിക്കാന്‍ റയല്‍ മാഡ്രിഡ് പദ്ധതിയിടുന്നതായ റിപ്പോര്‍ട്ട്. എന്നാല്‍ ലാ ലിഗ വമ്പന്മാര്‍ താരത്തെ തിരിച്ചെത്തിക്കുന്നത് കളിക്കാരനായിട്ടല്ലെന്നും ക്ലബ്ബിന്റെ അംബാസിഡര്‍ പദവിയിലേക്കാണെന്നും സ്പാനിഷ് മാധ്യമമായ എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ സൗദി പ്രോ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് റോണോ കാഴ്ചവെക്കുന്നത്. സീസണില്‍ ഇതുവരെ നടന്ന 11 മത്സരങ്ങളില്‍ നിന്ന് 11 ഗോളും ആറ് അസിസ്റ്റുകളും താരം അക്കൗണ്ടിലാക്കി കഴിഞ്ഞു. എന്നിരുന്നാലും ഒരു കൂടിച്ചേരലിന് തങ്ങളുടെ ഇതിഹാസത്തെ ക്ഷണിച്ചാല്‍ റോണോ അത് നിരസിക്കില്ലെന്നാണ് റയല്‍ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്.

കരിയറില്‍ റൊണാള്‍ഡോ ഏറ്റവുമധികം ഗോള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. പകുതിയിലധികം ഗോളും താരം നേടിയത് ലോസ് ബ്ലാങ്കോസിന് വേണ്ടിയായിരുന്നു. 450 തവണയാണ് റൊണാള്‍ഡോ റയലിനായി എതിരാളികളുടെ വല കുലുക്കിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുണ്ടായിരുന്ന രണ്ട് കാലഘട്ടങ്ങളിലുമായി 145 ഗോള്‍ നേടിയപ്പോള്‍ 123 ഗോളുകള്‍ പോര്‍ച്ചുഗീസ് നാഷണല്‍ ടീമിന് വേണ്ടിയായിരുന്നു സ്‌കോര്‍ ചെയ്തത്. യുവന്റസിനായി 101 ഗോളുകള്‍ നേടിയ റൊണാള്‍ഡോ, താന്‍ കളിയടവ് പഠിച്ച ബോയ്ഹുഡ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിബ്‌സണിന് വേണ്ടി അഞ്ച് ഗോളാണ് സ്വന്തമാക്കിയത്.

Content Highlights: Real Madrid wants to re join with Cristiano Ronaldo

We use cookies to give you the best possible experience. Learn more