ലാ ലിഗ കിട്ടിയില്ലെങ്കിൽ 'ലോകകപ്പ്' നേടാൻ റയൽ മാഡ്രിഡ്‌; അൽ നസറിന്റെ എതിരാളികളെയും നേരിടാൻ സാധ്യത
football news
ലാ ലിഗ കിട്ടിയില്ലെങ്കിൽ 'ലോകകപ്പ്' നേടാൻ റയൽ മാഡ്രിഡ്‌; അൽ നസറിന്റെ എതിരാളികളെയും നേരിടാൻ സാധ്യത
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th February 2023, 8:12 am

സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ തുടർച്ചയായി തിരിച്ചടികൾ ഏറ്റുവാങ്ങുകയാണ് റയൽ മാഡ്രിഡ്‌.
നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ മാഡ്രിഡ്‌ ക്ലബ്ബിന് പക്ഷെ ലീഗിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല.

ഞായറാഴ്ച നടന്ന മത്സരത്തിൽ മല്ലോർക്കക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ പരാജയപ്പെട്ടത്. ഇതോടെ ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെക്കാൾ എട്ട് പോയിന്റ് പിന്നിലാണ് റയൽ മാഡ്രിഡിപ്പോൾ.

ബാഴ്സ തിങ്കളാഴ്ച നടന്ന മത്സരത്തിൽ സെവിയ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തിരുന്നു.
ലീഗ് ഏകദേശം പകുതിയിലേറെ പിന്നിട്ടതോടെ ഇനി ബാഴ്സയെ മറികടക്കാൻ റയലിന് വലിയ അത്ഭുതങ്ങൾക്ക് വേണ്ടി കാത്തിരിക്കണം.

എന്നാൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയ റയൽ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് കടന്നിട്ടുണ്ട്.

ഫെബ്രുവരി 9ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഈജിപ്ഷ്യൻ ക്ലബ്ബായ അൽ അഹ്ലിയെയാണ് റയൽ നേരിടുക. മത്സരത്തിൽ വിജയിച്ചാൽ റയലിന് ക്ലബ്ബ് ലോകകപ്പ് ഫൈനലിലേക്ക് കടക്കാൻ സാധിക്കും.

ഫെബ്രുവരി 8ന് നടക്കുന്ന ആദ്യ സെമിയിൽ ഏറ്റുമുട്ടുന്ന ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമിങ്കോയും സൗദി ക്ലബ്ബ് അൽ ഹിലാലും തമ്മിലുള്ള മത്സരത്തിലെ വിജയികളെയായിരിക്കും അങ്ങനെയെങ്കിൽ റയൽ ഫൈനലിൽ നേരിടുക. നിലവിൽ ഏഴ് ക്ലബ്ബ് ലോകകപ്പ് കിരീടങ്ങൾ കൈവശമുള്ള റയൽ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഫെബ്രുവരി ഒമ്പതിന് മത്സരിക്കാനിറങ്ങുന്നത്.

അതേസമയം മല്ലോർക്കക്കെതിരെയുള്ള മത്സരത്തിൽ നാച്ചോ വഴങ്ങിയ സെൽഫ് ഗോളിലാണ് മത്സരം റയലിന്റെ കയ്യിൽ നിന്നും നഷ്‌ടമാകാൻ ഇടയാക്കിയത്. ഇരു ടീമിലെയും പ്രതിരോധ നിര ശക്തമായ മത്സരത്തിൽ ഓരോ ഷോട്ട് ഓൺ ടാർഗറ്റ് മാത്രമാണ് രണ്ട് ടീമിനും സ്വന്തമാക്കാൻ സാധിച്ചത്.

കൂടാതെ 74ശതമാനം സമയവും പന്ത് കൈവശമുണ്ടായിരുന്നിട്ടും റയലിന് മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
റയൽ ക്ലബ്ബ് ലോകകപ്പ് സെമിയിൽ അടുത്തതായി അൽ അഹ്ലിയെ നേരിടുമ്പോൾ ഫെബ്രുവരി 13ന് വിയ്യാ റയലിനോടാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.

 

Content Highlights:Real Madrid try to to win ‘World Cup’ if they not win La Liga; club world cup semi finals are started