| Sunday, 12th February 2023, 5:29 pm

മെസി ബാഴ്സയിലേക്ക് കൊണ്ട് വരുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച താരത്തെ സൈൻ ചെയ്യാൻ റയൽ മാഡ്രിഡ്‌; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാലിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി അഞ്ചാം തവണയും ക്ലബ്‌ ഫുട്ബോൾ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌.

ഇരു ടീമുകളും അറ്റാക്കിങും കൗണ്ടർ അറ്റാക്കിങും നടത്തി ആവേശകരമായ ഫുട്ബോൾ കാഴ്ച വെച്ച മത്സരത്തിൽ തോറ്റെങ്കിലും മൂന്ന് ഗോളുകൾ റയൽ ഗോൾ പോസ്റ്റിലേക്ക് അടിച്ചുകയറ്റാൻ അൽ ഹിലാലിന് സാധിച്ചിരുന്നു.

എന്നാൽ ക്ലബ്ബ് ലോകകപ്പ് നേടിയെങ്കിലും ലാ ലിഗയിൽ ചിര വൈരികളായ ബാഴ്സലോണക്ക് പിന്നിലാണ് റയൽ. അതിനാൽ തന്നെ പുതിയ സൈനിങ്‌ നടത്തി ലീഗിൽ ഉയർന്ന സ്ഥാനത്തേക്ക് കയറി വരുക എന്നതാണ് ക്ലബ്ബിന്റെ അടുത്ത ലക്ഷ്യം എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

സ്പെയിനിലെ ബാഴ്സലോണയിൽ നിന്നുള്ള മാധ്യമമായ എൽ നാഷണലിന്റെ റിപ്പോർട്ട് പ്രകാരം അർജന്റൈൻ താരം പൗലോ ഡിബാലെയെയാണ് റയൽ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. 12 മില്യൺ യൂറോ നൽകിയാണ് റോമയിൽ നിന്നും താരത്തെ റയൽ സ്പെയിനിലെത്തിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാലിപ്പോൾ ഡിബാലയെ റയൽ സൈൻ ചെയ്യാൻ ശ്രമിക്കുമെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മുമ്പ് താരത്തെ ക്ലബ്ബിലെത്തിക്കാൻ ബാഴ്സ നടത്തിയ ശ്രമങ്ങളെ മെസി എതിർത്തിരുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

ഡിബാലെയുടെ കരിയറിന്റെ തുടക്കത്തിലാണ് താരം ബാഴ്സയിൽ എത്തുന്നതിനെതിരെ മെസി നിലപാടെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.

ഡിബാലയെപ്പോലെ കളി മെനയാനും ഏത് ദുർഘടമായ പൊസിഷനിൽ നിന്നും ഗോൾ നേടാനും സാധിക്കുന്ന താരത്തെ ടീമിലെത്തിക്കുന്നത് റയലിനെ സംബന്ധിച്ച് നേട്ടമായിരിക്കുമെന്നാണ് ഫുട്ബോൾ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

താരത്തെ പ്രശംസിച്ച് ജോസ് മൗറീന്യോയും രംഗത്ത് വന്നിരുന്നു. “ഡിബാല ഒരു ക്വാളിറ്റി പ്ലെയറാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.
ഡിബാലെ വളരെ സ്മൂത്തായാണ് പന്ത് പാസ് ചെയ്യുന്നതും. അതുപയോഗിച്ച് കളിക്കുന്നതും,’ ഡിബാല കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിലായിരുന്നു ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ നിന്നും താരം റോമയിലേക്ക് ചേക്കേറിയത്.
അതേസമയം ഫെബ്രുവരി 16ന് എൽച്ചേക്കെതിരെയാണ് റയലിന്റെ ലാ ലിഗയിലെ അടുത്ത മത്സരം. ഫെബ്രുവരി 22ന് ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെയാണ് ക്ലബ്ബ് നേരിടുക.

Content Highlights:real madrid try to sign Paulo Dybala, reports

We use cookies to give you the best possible experience. Learn more