എംബാപ്പെ വരുന്നില്ലെങ്കിൽ വേണ്ട; 'പുതിയ എംബാപ്പെ' യെ പൊക്കാൻ റയൽ മാഡ്രിഡ്‌
Fooball news
എംബാപ്പെ വരുന്നില്ലെങ്കിൽ വേണ്ട; 'പുതിയ എംബാപ്പെ' യെ പൊക്കാൻ റയൽ മാഡ്രിഡ്‌
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th February 2023, 9:56 pm

കരീം ബെൻസെമ, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ് മുതലായ സൂപ്പർ താരങ്ങൾ വരും വർഷങ്ങളിൽ വിരമിക്കാനിരിക്കെ ഇവർക്ക് പറ്റിയ പകരക്കാരെ തേടുകയാണ് ലാ ലിഗ ക്ലബ്ബ് റയൽ മാഡ്രിഡ്‌.

റയലിന്റെ മുന്നേറ്റ നിരയിലെ കുന്തമുനയായ കരീം ബെൻസെമക്ക് പകരക്കാരനായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെയാണ് റയൽ മാഡ്രിഡ് തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ താരം പി.എസ്.ജിയുമായി കരാർ നീട്ടുകയും ഫ്രഞ്ച് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയുമായിരുന്നു.

പാരിസ് ക്ലബ്ബിൽ ഉയർന്ന പ്രതിഫലവും എംബാപ്പെ ആവശ്യപ്പെട്ട പ്രാധാന്യവും ഉയർന്ന സ്ഥാനവും നൽകപ്പെട്ടതോടെയാണ് താരം പി.എസ്.ജിയിൽ തന്നെ തുടരാൻ തീരുമാനിച്ചത്.

എന്നാൽ എംബാപ്പെ റയലിലേക്കെത്താൻ സാധ്യതയില്ലെന്ന് ഏകദേശം ഉറപ്പായതോടെ മൊണോക്കോയുടെ സ്ട്രൈക്കർ മലാമൈൻ എഫെക്കേലെയെ സ്വന്തമാക്കാൻ റയൽ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

18 വയസുകാരനായ താരത്തെ ടീമിലെത്തിക്കുന്നതോടെ ക്ലബ്ബിന്റെ മുന്നേറ്റനിര കൂടുതൽ ശക്തിപ്പെടുമെന്നാണ് റയൽ വിശ്വസിക്കുന്നത്.


നിരവധി പ്രമുഖ താരങ്ങൾ ഉൾപ്പെട്ട റയലിന്റെ ട്രാൻസ്ഫർ റഡാറിലാണ് ‘പുതിയ എംബാപ്പെ’ എന്നറിയപ്പെടുന്ന മലാമൈൻ എഫെക്കേലെയും ഉൾപ്പെട്ടിരിക്കുന്നത്.

എഫെക്കേലെ കൂടി ടീമിലെത്തിയാൽ എഡർ മിലിറ്റാവോ, റോഡ്രിഗോ, ഫെഡറിക്കോ വാൽവെർഡെ, വിനീഷ്യസ് ജൂനിയർ എന്നിവർ ഉൾപ്പെടുന്ന 20 കളിലുള്ള ക്ലബ്ബിന്റെ ഭാവി സ്‌ക്വാഡ് കൂടുതൽ മികവുള്ളതാകും എന്നാണ് റയൽ മാനേജ്മെന്റ് വിശ്വസിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എംബാപ്പെയുടെ കളി ശൈലിയുമായി വലിയ സാമ്യമുള്ള എഫെക്കേലെ മൊണോക്കോയുടെ അണ്ടർ-19 ടീമിലാണ് കളിക്കുന്നത്. 25 മില്യൺ യൂറോയാണ് താരത്തിന് ക്ലബ്ബ് ഇട്ടിരിക്കുന്ന മൂല്യം എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഞായറാഴ്ച ലോസ്ക് ലില്ലിയുമായിട്ടുള്ള മത്സരത്തിൽ എംബാപ്പെ രണ്ട് ഗോളുകൾ സ്കോർ ചെയ്തിരുന്നു. എംബാപ്പെയും മെസിയും നെയ്മറും സ്കോർ ചെയ്ത മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ലോസ്ക് ലില്ലിക്കെതിരെ പി.എസ്.ജി വിജയിച്ചത്.

 

Content Highlights:Real Madrid try to sign Malamine Efekele