ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകകരമായ ക്ലബ്ബാണ് റയൽ മാഡ്രിഡ്. 14 തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ക്ലബ്ബിന്റെ പേരിൽ എട്ട് ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളുമുണ്ട്.
ഇപ്പോൾ 2022-2023 മൊറോക്കൻ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിൽ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് റയലിപ്പോൾ. സെമി ഫൈനലിൽ ഈജിപ്ഷ്യൻ ക്ലബ്ബായ അൽ അഹ്ലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
കലാശപ്പോരാട്ടത്തിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിനെയാണ് റയൽ മാഡ്രിഡ് നേരിടുന്നത്.
എന്നാലിപ്പോൾ ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കാനായി സ്‌ക്വാഡ് ഡെപ്ത്ത് വർധിപ്പിക്കാൻ പുതിയ താരത്തെ സൈൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് റയൽ മാഡ്രിഡ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
19 വയസുകാരനായ സെനിത്ത് എഫ്.സി പ്ലെയർ റോബർട്ട് റെനനെയാണ് റയൽ മാഡ്രിഡ് തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ശ്രമം നടത്തുന്നത്.
ഏകദേശം 40 മില്യൺ യൂറോ നൽകിയാണ് ബ്രസീലിയൻ താരത്തെ റയൽ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നത്.
റെനൻ കൂടി ക്ലബ്ബിലെത്തുന്നതോടെ തങ്ങളുടെ പ്രതിരോധ നിര കൂടുതൽ മെച്ചപ്പെടുമെന്നാണ് റയൽ മാഡ്രിഡ് ക്യാമ്പിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
നിലവിൽ റഷ്യയിൽ കളിക്കുന്ന താരത്തെ അണ്ടർ-20 ലോകകപ്പിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് റയലിലെത്തിക്കാൻ ക്ലബ്ബ് ശ്രമം ആരംഭിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് കൊറിന്ത്യൻസിൽ നിന്നും താരത്തെ റഷ്യൻ ക്ലബ്ബ് സെന്റ് പീറ്റേഴ്സ്ബർഗ് സെനിത്ത് സ്വന്തമാക്കിയത്.
റെനൻ കൂടി ടീമിലെത്തുന്നതോടെ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എഡർ മിലിറ്റാവോ എന്നിവർക്കൊപ്പം ക്ലബ്ബിലെ ബ്രസീലിയൻ താരങ്ങളുടെ എണ്ണം ഇനിയും വർധിക്കും.
അടുത്തിടെ 60 മില്യൺ യൂറോ നൽകി 16വയസുകാരൻ ബ്രസീലിയൻ താരം എൻറിക്കിനെ റയൽ സൈൻ ചെയ്തിരുന്നു.
ഫെബ്രുവരി 12ന് ഇന്ത്യൻ സമയം രാത്രി 12:30നാണ് അൽ ഹിലാലുമായിട്ടുള്ള റയലിന്റെ ഫൈനൽ മത്സരം.