തട്ടിക്കളയാന്‍ സാധിക്കാത്ത ഓഫര്‍, കണ്ണുതള്ളി ആരാധകര്‍; എംബാപ്പെയെ വിടാതെ റയല്‍
Sports News
തട്ടിക്കളയാന്‍ സാധിക്കാത്ത ഓഫര്‍, കണ്ണുതള്ളി ആരാധകര്‍; എംബാപ്പെയെ വിടാതെ റയല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th June 2023, 11:51 am

പി.എസ്.ജിയില്‍ തുടരാന്‍ തതാപര്യമില്ല എന്ന ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ അറിയിച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താരത്തിനായുള്ള നീക്കങ്ങള്‍ക്ക് വേഗം കൂട്ടുകയാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. ടീം വിട്ട കരീം ബെന്‍സെമക്ക് പകരക്കാരനാകാനുള്ള പെര്‍ഫെക്ട് ഓപ്ഷനായാണ് ലോസ് ബ്ലാങ്കോസ് തങ്ങളുടെ ഡ്രീം സൈനിങ്ങിനെ കാണുന്നത്.

200 മില്യണ്‍ യൂറോയുടെ ഓഫറാണ് റയല്‍ എംബാപ്പെക്ക് മുമ്പില്‍ വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഡേന എസ്.ഇ.ആറിന്റെ റിപ്പോര്‍ട്ട് പ്രകാരം റയല്‍ ഇതിനോടകം തന്നെ എംബാപ്പെക്കായി നീക്കം തുടങ്ങിയിട്ടുണ്ട്.

 

 

ടീമില്‍ തുടരാന്‍ താത്പര്യമില്ല എന്ന് എംബാപ്പെ അറിയിച്ചതോടെ താരത്തിന് വില്‍ക്കാന്‍ പാരീസ് സെന്റ് ഷെര്‍മാങ്ങും നിര്‍ബന്ധിതരാകും. താരത്തിന്റെ കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്നതിനേക്കാള്‍ ലാഭകരം പി.എസ്.ജിയെ സംബന്ധിച്ച് എംബാപ്പെയെ വില്‍ക്കുന്നത് തന്നെയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 വരെ ടീമില്‍ തുടരാന്‍ സാധിക്കില്ല എന്നാണ് താരം പി.എസ്.ജിയെ അറിയിച്ചത്. അടുത്ത സീസണോടെ താന്‍ ടീം വിടുമെന്ന് എംബാപ്പെ പി.എസ്.ജിയുടെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

2024ല്‍ പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ആയിരുന്നു പി.എസ്.ജി നേരത്തെ പദ്ധതിയിട്ടിരുന്നത്.

എംബാപ്പെ 2025 വരെ ടീമില്‍ തുടരാന്‍ താത്പര്യമില്ല എന്ന് അറിയിച്ചതിന് പിന്നാലെ താരം റയല്‍ മാഡ്രിഡുമായി കരാര്‍ ഒപ്പുവെക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ എംബാപ്പെ ഇക്കാര്യം നിഷേധിച്ചിരുന്നു.

‘നുണയാണിത്. പി.എസ്.ജിയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അടുത്ത സീസണില്‍ പി.എസ്.ജിയില്‍ തുടരുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്,’ ഇതുസംബന്ധിച്ച് പ്രചരിക്കുന്ന ഒരു വാര്‍ത്ത പങ്കുവെച്ച് എംബാപ്പെ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ സീസണിലും എംബാപ്പെയെ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്‍കി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. ഇക്കാര്യത്തില്‍ റയല്‍ പരിശീലകന്‍ ആന്‍സലോട്ടിക്ക് താരത്തിനോട് ദേഷ്യമുണ്ടെന്ന് നേരത്തെ സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

Content highlight: Real Madrid to pay 200 million euro to sign Mbappe, Reports