പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സൂപ്പര്‍ താരം നെയ്മറാണ് തന്റെ ആരാധനാപാത്രമെന്ന് റയല്‍ മാഡ്രിഡ് മുന്നേറ്റ താരം റോഡ്രിഗോ. നെയ്മറാണ് തന്റെ ഐഡലെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ അടുത്തെങ്കിലും എത്താനാണ് തന്റെ ശ്രമമെന്നുമായിരുന്നു റോഡ്രിഗോ പറഞ്ഞത്.
ഗവര്‍ണര്‍ ഓഫ് പോക്കറിന് (Governor of Poke) നല്‍കിയ അഭിമുഖത്തിലായിരുന്നു റോഡ്രിഗോ നെയ്മറിനെ കുറിച്ച് പറഞ്ഞത്.
‘എന്നെ സംബന്ധിച്ച് നെയ്മര്‍ ഒരു വിഗ്രഹമാണ്. അദ്ദേഹം നേടിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും കുറിച്ചെല്ലാം എനിക്ക് കൃത്യമായി അറിയാം. ഒരു ദിവസം എനിക്ക് അദ്ദേഹത്തിന്റെ നേട്ടത്തിന് അടുത്തെങ്കിലും എത്താന്‍ സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം,’ താരം പറയുന്നു.
നെയ്മറിനെ പോലെ സാന്റോസ് അക്കാദമിയില്‍ നിന്നുമാണ് റോഡ്രിഗോയും കളിയടവ് പഠിച്ചത്. ശേഷം താരം റയലിലേക്ക് ചേക്കേറുകയായിരുന്നു.
സാന്റോസിനെ കുറിച്ചും റോഡ്രിഗോ സംസാരിച്ചു.
‘അവിടെ എനിക്ക് ഒരുപാട് നല്ല നിമിഷങ്ങളുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കള്‍, എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു. ഞാന്‍ എപ്പോഴും സാന്റോസിനെ ഇഷ്ടപ്പെടുന്നു. അവിടെ കളിക്കാന്‍ സാധിച്ചത് ഒരു പ്രിവിലേജായാണ് ഞാന്‍ കണക്കാക്കുന്നത്. സാന്റോസ് എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാവും,’ റോഡ്രിഗോ പറയുന്നു.
സാന്റോസില്‍ നിന്നും മാഡ്രിഡിലേക്ക് തട്ടകം മാറ്റിയ റോഡ്രിഗോ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായി.
അതേസമയം, നെയ്മറിന്റെ മികച്ച രണ്ട് അസിസ്റ്റില്‍ ബ്രസീല്‍ ഘാനയെ തറപറ്റിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീല്‍ ഘാനയെ തോല്‍പിച്ചത്.
ടോട്ടന്‍ഹാം ഹോട്സ്പറിന്റെ റിച്ചാര്‍ലിസണായിരുന്നു നെയ്മറിന്റെ അസിസ്റ്റിലൂടെ വലകുലുക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെയായിരുന്നു മനോഹരമായ ഈ രണ്ട് അസിസ്റ്റും പിറന്നത്.
മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ തന്നെ ബ്രസീല്‍ മുമ്പിലെത്തിയിരുന്നു. മാര്‍ക്വിനോസാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 28ാം മിനിട്ടിലും 40ാം മിനിട്ടിലുമാണ് നെയ്മറിന്റെ അസിസ്റ്റില്‍ റിച്ചാര്‍ലിസണ്‍ ഗോള്‍ കണ്ടെത്തിയത്.
2022 ഖത്തര്‍ ലോകകപ്പിനുള്ള ടീമില്‍ റോഡ്രിഗോയും ഇടം നേടിയിട്ടുണ്ട്.
Content Highlight: Real Madrid star Rodrygo about Neymar