| Thursday, 1st June 2023, 11:55 pm

'ശനിയാഴ്ച കളിയുണ്ട്, ഇന്റര്‍നെറ്റിലുള്ളതെല്ലാം ശരിയാകണമെന്നില്ല'; സൗദി ക്ലബ്ബുമായി കരാറിലായെന്ന വാര്‍ത്തയില്‍ ബെന്‍സെമ

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദുമായി താന്‍ കരാറിലേര്‍പ്പെട്ടുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് റയല്‍ മന്‍ഡ്രിഡ് താരം കരിം ബെന്‍സെമ. ഇപ്പോള്‍ താന്‍ റയലിലുണ്ടെന്നും ശനിയാഴ്ച തങ്ങള്‍ക്ക് മത്സരമുണ്ടെന്നും കരിം ബെന്‍സെമ പ്രതികരിച്ചു.

ഇന്റര്‍നെറ്റില്‍ തന്റെ ഭാവിയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത എല്ലാം ശരിയാകണമെന്നില്ലെന്നും റയല്‍ മാന്‍ഡ്രിനെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും താരം പ്രതികരിച്ചു. മാര്‍ക്ക ലെയെന്‍ഡ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബെന്‍സെമ.

‘റയല്‍ മാഡ്രിഡ് പോലെ മറ്റൊരു ക്ലബ്ബും ഇല്ല. കായികരംഗത്തെ ഏറ്റവും മികച്ച കളിക്കാര്‍ കളിച്ച സ്ഥലമാണിത്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ കളിക്കുക എന്നത് എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നമായിരുന്നു. കാരണം അത് ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്. എന്റെ കരിയറില്‍ അഭിമാനമുണ്ട്.

എന്റെ ഭാവിയെക്കുറിച്ച് റയല്‍ ആരാധകരോട് സംസാരിക്കണമെന്ന് പറയുന്നു. എന്തിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുക? ഞാന്‍ ഇവിടെ മാഡ്രിഡില്‍ ആണെങ്കില്‍ എന്തിനാണ് എന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത്,’ ബെന്‍സെമ പറഞ്ഞു

അതേസമയം, ജനുവരിയില്‍ സൗദി അറേബ്യയിലേക്ക് മാറുന്നതിന് ബെന്‍സെമക്ക് 400 മില്യണ്‍ യൂറോയുടെ രണ്ട് വര്‍ഷത്തെ കരാര്‍ അല്‍ ഇത്തിഹാദ് വാഗ്ദാനം ചെയ്തതായിട്ടായിരുന്നു നേരത്തെ ഇ.എസ്.പി.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

35 കാരനായ ബെന്‍സെമ 2009ലാണ് ലിയോണില്‍ നിന്ന് മാഡ്രിഡില്‍ ചേരുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നാല് ലാ ലിഗ കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. റയലിനായി 647 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 353 ഗോളുകള്‍ നേടിയിട്ടുണ്ട്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചു.

Content Highlight: Real Madrid star Karim Benzema has responded to reports that he has signed a contract with Saudi club Al Ittihad

We use cookies to give you the best possible experience. Learn more