| Wednesday, 17th July 2024, 10:23 pm

ആ കാര്യത്തില്‍ മെസിയെക്കാള്‍ മുന്നില്‍ ഞാനാണ്; വമ്പന്‍ പ്രസ്താവനയുമായി റയല്‍ മാഡ്രിഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

2024 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയാണ് ചാമ്പ്യന്‍മാരായത്. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം ചൂടിയത്. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.

നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ എക്സട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലൗട്ടാറോ മാര്‍ട്ടീനസിലൂടെയായിരുന്നു അര്‍ജന്റീന വിജയഗോള്‍ നേടിയത്. കൊളംബിയന്‍ പ്രതിരോധം മറികടന്നുകൊണ്ട് പാസ് സ്വീകരിച്ച താരം കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.

എന്നാല്‍ അര്‍ജന്റീന്‍ നായകന്‍ ലയണല്‍ മെസിക്ക് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. ഈ കോപ്പ അമേരിക്കയില്‍ ഒരു അസിസ്റ്റും ഒരു ഗോളുമാണ് അര്‍ജന്റീനിയന്‍ നായകന് നേടാന്‍ സാധിച്ചത്. അതേ സമയം ഫൈനലില്‍ പരിക്ക് മൂലം പുറത്ത് നില്‍ക്കേണ്ടിവന്ന മെസി കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. ഇതുവരെ 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളും 303 അസിസ്റ്റുകളുമാണ് ഇതിഹാസ താരം നേടിയത്.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് റയല്‍ മാഡ്രിഡ് താരമായ അല്‍ഫോണ്‍സോ ഡേവിസ്. ഡേവിഡാണോ മെസി ആണോ വേഗതയേറിയ താരം എന്ന ചോദ്യത്തിന് ആരാധകരോട് മറുപടി പറയുകയായിരുന്നു താരം.

‘ഏറ്റവും വേഗതയേറിയ താരം ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ എന്നെ തന്നെ തെരഞ്ഞെടുക്കും. അതില്‍ മെസിയേക്കാള്‍ കേമന്‍ ഞാന്‍ തന്നെയാണ്. പക്ഷെ ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന് ചോദിച്ചാല്‍ എനിക്ക് എന്നോട് തന്നെ കള്ളം പറയാന്‍ സാധിക്കില്ലലോ, അത് കൊണ്ട് ഞാന്‍ ലയണല്‍ മെസിയുടെ പേര് പറയും,’ അല്‍ഫോന്‍സോ ഡേവിസ് പറഞ്ഞു.

ഫൈനല്‍ വിജയത്തോടെ കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനും അര്‍ജന്റീനക്ക് സാധിച്ചിട്ടുണ്ട്. 16 കിരീടങ്ങളാണ് അര്‍ജന്റീന കോപ്പയില്‍ നേടിയത്. 15 കിരീടങ്ങള്‍ നേടിയ ഉറുഗ്വയെ മറികടന്നുകൊണ്ടാണ് അര്‍ജന്റീന ഈ നേട്ടം സ്വന്തമാക്കിയത്.

Content Highlight: Real Madrid star Alphonso Davies Talking About Messi

We use cookies to give you the best possible experience. Learn more