| Wednesday, 2nd May 2018, 7:55 am

ബെന്‍സേമയ്ക്ക് ഇരട്ട ഗോള്‍: റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ കടന്ന് റയല്‍ മാഡ്രിഡ്. സെമിയുടെ ഇരു പാദങ്ങളിലുമായി ബയേണ്‍ മ്യൂണിച്ചിനെ 4-3ന് മറികടന്നാണ് റയലിന്റെ ഫൈനല്‍ പ്രവേശം. ഇന്നലെ നടന്ന രണ്ടാം പാദ സെമി സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇരുവരും രണ്ട് ഗോള്‍ വീതമാണ് നേടിയത്.

റയലിനായി കരീം ബെന്‍സേമ ഇരട്ട ഗോളുകള്‍ നേടി. നേരത്തെ ആദ്യ പാദത്തിലെ ജയത്തിന്റെ ആനുകൂല്യത്തിലാണ് റയല്‍ ഫൈനലിലേക്ക് മുന്നേറിയത്. ഇന്ന് നടക്കുന്ന ലിവര്‍പൂള്‍ റോമ മത്സര വിജയിയെയാണ് ഫൈനലില്‍ റയല്‍ നേരിടുക.

മൂന്നാം മിനുട്ടില്‍ തന്നെ ബയേണ്‍ തങ്ങളുടെ ലക്ഷ്യം ഫൈനല്‍ മാത്രമാണെന്ന് റയലിനെ അറിയിച്ചു. ആദ്യ പാദത്തിലെന്ന പോലെ കിമ്മിച്ച് തന്നെ ബയേണിനായി റയല്‍ വലകുലുക്കി. കിമ്മിച്ചിന്റെ ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണിലെ നാലാം ഗോള്‍. എന്നാല്‍ 11ാം മിനുട്ടില്‍ മാര്‍സെലോയുടെ എണ്ണം പറഞ്ഞൊരു ക്രോസ് ഇടതുവിങ്ങില്‍ നിന്ന് റയലിന് വേണ്ടി വലകുലുക്കി. ബെന്‍സീമയുടെ ഒരു ക്ലിയര്‍ ഹെഡറിലൂടെയായിരുന്നു റയല്‍ തിരിച്ചടിച്ചത്. സ്‌കോര്‍ 1-1

പിന്നീട് ഇരു ഗോള്‍ മുഖത്തേക്കും തുടര്‍ച്ചയായ അക്രമങ്ങള്‍ നടത്തുകയായിരുന്നു. പകുതിയുടെ തുടക്കത്തില്‍ ബെന്‍സീമയുടെ വക ബയേണിന്റെ വലയില്‍ എത്തിച്ചു. ഇത്തവണ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട പണിയെ ബെന്‍സീമയ്ക്ക് ഉണ്ടായുള്ളൂ. ബെന്‍സീമയുടെ 55ാം ചാമ്പ്യന്‍സ് ലീഗ് ഗോള്‍ നേടിയപ്പോള്‍ സ്‌കോര്‍ 2-1, അഗ്രിഗേറ്റില്‍റയലിന് അനുകൂലമായി 4-2 എന്ന സ്‌കോര്‍.

പിന്നീട് ഡിഫന്‍ഡിംഗിലേക്ക് ടാക്ടിക്‌സ് മാറ്റിയ റയലിന്റെ ഗോള്‍ മുഖം നിരന്തരം വിറച്ചു. നവാസിന്റെ ഇടപെടലുകള്‍ കുറച്ചുനേരം റയലിനെ ലീഡില്‍ നിലനിര്‍ത്തി എങ്കിലും 63ാം മിനുട്ടില്‍ നവാസ് വീണ്ടും കീഴടങ്ങേണ്ടി വന്നു. ഇത്തവണ റയലിന്റെ തന്നെ മിന്നും താരം ഹാമെസ് റോഡ്രിഗസായിരുന്നു റയലിന്റെ വലയലിലേക്ക് പന്ത് കയറ്റിയത്. സ്‌കോര്‍ 2-2-, ബയേണ്‍ 3-4 റയല്‍, എന്നായി അഗ്രിഗേറ്റ്.

ഒരു ഗോള്‍ കൂടെ നേടിയാല്‍ എവേ ഗോള്‍ ആനുകൂല്യത്തില്‍ ഫൈനലിലേക്ക് മുന്നേറാം എന്ന അവസ്ഥയായി ബയേണ്‍ മ്യൂണിക്കിന്. അതോടെ നവാസിന് ജോലി കൂടി. മികച്ച സേവുകളുമായി നവാസ് മാഡ്രിഡിനെ പലപ്പോഴായി രക്ഷിച്ചു. ആ രക്ഷപ്പെടുത്തലുകള്‍ ഫൈനല്‍ വിസില്‍ വരെ നീണ്ടത് റയലിന് ഭാഗ്യമായി. ഫൈനല്‍ വിസില്‍ വന്നപ്പോള്‍ റയല്‍ ഫൈനലില്‍. ബയേണ്‍ പൊരുതി തലയുയര്‍ത്തി തന്നെ ചാമ്പ്യന്‍സ് ലീഗിന് പുറത്തേക്കും.

റയല്‍ മാഡ്രിഡിന്റെയും സിദാന്റെയും തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. അത് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടമായി മാറാന്‍ ഇനിയുള്ള ഏക കടമ്പ ഇന്ന് നടക്കുന്ന റോമ-ലിവര്‍പൂള്‍ മത്സരത്തിലെ വിജയികള്‍ മാത്രമാകും.

We use cookies to give you the best possible experience. Learn more