2023-24 സീസണിലേക്കുള്ള റയല്‍ മാഡ്രിഡിന്റെ പുതിയ ജേഴ്‌സി കിറ്റ് പുറത്തിറക്കി. പരമ്പരാഗതമായി വെള്ള നിറത്തില്‍ തന്നെയാണ് പുതിയ ജേഴ്‌സിയും. പ്രമുഖ സ്‌പോര്‍ട്‌സ ബ്രാന്റായ അഡിഡാസാണ് സ്‌പോണ്‍സര്‍മാര്‍.
121 വര്‍ഷത്തെ ചരിത്രത്തിലുടനീളം ക്ലബ്ബും അതിന്റെ ആരാധകരും തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കുന്നതാണ് പുതിയ കിറ്റെന്ന് റയല്‍ മാന്‍ഡ്രിഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
റയല്‍ ആരാധകരുടെ പ്രശസ്ത മുദ്രാവാക്യമായ ‘ഹാല മാഡ്രിഡ്!’ എന്ന് ജേഴ്‌സിയുടെ കോളറിന്റെ പിറകുവശത്ത് എഴുതിയിട്ടുണ്ട്. ജേഴ്‌സിയുടെ തോളിലും അഗ്രഭാഗങ്ങളിലും സ്വര്‍ണ- കറുപ്പ് നിറത്തിലുള്ള വരകള്‍ കാണാം.
ജേഴ്‌സിയെ കുറിച്ച് പൂര്‍ണ വിവരം നല്‍കുന്ന ഒരു വീഡിയോയും അഡിഡാസ് പുറത്തുവിട്ടിട്ടുണ്ട്. റീസൈക്കിള്‍ ചെയ്ത വസ്തുക്കളില്‍ നിന്നാണ് ജേഴ്സി നിര്‍മിച്ചിരിക്കുന്നതെന്ന് റയല്‍ മാന്‍ഡ്രഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ഹീറ്റ്. ആര്‍.ഡി.വൈ(HEAT.RDY) എന്ന ടെക്‌നോളജി ഉപയോഗിച്ചാണ് ജേഴ്‌സി നിര്‍മിച്ചിട്ടുള്ളതെന്നും ഇത് കളിക്കാര്‍ക്ക് കൊടും ചൂടില്‍ നിന്ന് സംരക്ഷണമേകുമെന്നും റയല്‍ മാഡ്രഡ് പറയുന്നു.
അമേരിക്കയില്‍ നടക്കുന്ന പ്രീ-സീസണ്‍ മത്സരങ്ങളിലായിരിക്കും ടീം ആദ്യമായി പുതിയ ജേഴ്‌സി ധരിക്കുക. നിലവില്‍ അഡിഡാസ് വഴിയും റയല്‍ മാഡ്രിഡ് വഴിയും മാത്രമായിരിക്കും ജേഴ്‌സിയുടെ വില്‍പ്പനയുണ്ടാകുക.
അതേസമയം, കഴിഞ്ഞ സീസണില്‍ റയലിനെ സംബന്ധിച്ച് നിരാശാജനകമായിരുന്നു. ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ടീമിന് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. അതുകൂടാതെ സൂപ്പര്‍ താരം കരീം ബെന്‍സിമ സീസണ്‍ അവസാനം ക്ലബ്ബ് വിട്ട് സൗദി ലീഗിലും ചേര്‍ന്നിട്ടുണ്ട്. പുതിയ സീസണില്‍ ടീമിനെ ആകെ ഉടച്ചുവാര്‍ത്ത് കൂടുതല്‍ മികച്ച താരങ്ങളെ എത്തിക്കാനാണ് റയലിന്റെ തീരുമാനം.