'വിനീഷ്യസിനെ ചൊടിപ്പിക്കാന്‍ പറ്റില്ല'; എംബാപ്പെയുടെ രണ്ട് ഡിമാന്‍ഡുകള്‍ തള്ളിക്കളഞ്ഞ് റയല്‍ മാഡ്രിഡ്
Football
'വിനീഷ്യസിനെ ചൊടിപ്പിക്കാന്‍ പറ്റില്ല'; എംബാപ്പെയുടെ രണ്ട് ഡിമാന്‍ഡുകള്‍ തള്ളിക്കളഞ്ഞ് റയല്‍ മാഡ്രിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th July 2023, 9:48 am

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പി.എസ്.ജി വിട്ട് സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. പുതിയ ക്ലബ്ബുമായി സൈനിങ് നടത്താന്‍ ഒരുങ്ങുമ്പോള്‍ എംബാപ്പെ മുന്നോട്ടുവെച്ച രണ്ട് ഡിമാന്‍ഡുകള്‍ റയല്‍ മാഡ്രിഡ് തള്ളിക്കളഞ്ഞുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പാരീസിയന്‍ ക്ലബ്ബില്‍ സ്‌ട്രൈക്കര്‍ ആയി കളിച്ചിരുന്ന എംബാപ്പെക്ക് ലോസ് ബ്ലാങ്കോസിന്റെ സെന്‍ട്രല്‍ റോളില്‍ ബൂട്ടണിയാന്‍ താത്പര്യമില്ലെന്നും പകരം വിങ്ങറായി റയലില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനാണ് താത്പര്യമെന്നും അദ്ദേഹം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ വിനീഷ്യസിന്റെ പൊസിഷനില്‍ മാറ്റം വരുത്തിക്കൊണ്ട് എംബാപ്പെയുടെ ആഗ്രഹം നിറവേറ്റാനാകില്ലെന്നാണ് റയല്‍ മാഡ്രിഡിന്റെ ഭാഷ്യം.

പാരീസിയന്‍ ക്ലബ്ബിലെ തന്റെ ഏഴാം നമ്പര്‍ ജേഴ്‌സി റയലില്‍ അണിയാന്‍ അനുവദിക്കണമെന്നായിരുന്നു എംബാപ്പെയുടെ രണ്ടാമത്തെ ആവശ്യം. എന്നാല്‍ വിനീഷ്യസ് അടുത്തിടെ തെരഞ്ഞെടുത്ത ഏഴാം നമ്പര്‍ മാറ്റാന്‍ ഒരുക്കമാകില്ലെന്ന് റയല്‍ മാഡ്രിഡ് എംബാപ്പയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.

മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്. കഴിഞ്ഞ സീസണില്‍ എംബാപ്പെയെ സൈന്‍ ചെയ്യാനായി റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്‍കി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. ഇക്കാര്യത്തില്‍ റയല്‍ പരിശീലകന്‍ ആന്‍സലോട്ടിക്ക് താരത്തിനോട് ദേഷ്യമുണ്ടെന്ന് നേരത്തെ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും റയല്‍ മാനേജ്മെന്റിന് എംബാപ്പെയെ ഇപ്പോഴും വാങ്ങാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ വലിയ തുക മുടക്കാന്‍ നിലവിലെ സാഹചര്യത്തില്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഈ സീസണില്‍ താരം ലോസ് ബ്ലാങ്കോസിനൊപ്പം ചേരില്ലെന്നാണ് സ്പോര്‍ട്ട്സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തത്. 2024ല്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ എംബാപ്പെയുമായി ചര്‍ച്ചകള്‍ നടത്താന്‍ റയലിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Real Madrid refused Mbappe’s demands to make Vinicus happy