റയല്‍ മാഡ്രിഡില്‍ തന്റെ സഹതാരങ്ങളില്‍ ഏറ്റവും മികച്ച കളിക്കാരനെ തെരഞ്ഞെടുത്ത് ഈഡന്‍ ഹസാര്‍ഡ്. കളത്തില്‍ ഒരുമിച്ച് സമയം ചെലവഴിച്ചിട്ടും ഹസാര്‍ഡ് കരിം ബാന്‍സെമ, ലൂക്ക മോഡ്രിച്ച്, തിബൗട്ട് കുര്‍ട്ടോയിസ് എന്നീ താരങ്ങളുടെ പേര് പറഞ്ഞില്ല.
ലോസ് ബ്ലോങ്കോസിലെ നിര്‍ണായക താരം ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. വിനീഷ്യസ് മികച്ച കളിക്കാരനാണെന്നും അതുകൊണ്ടാണ് കളിയില്‍ അദ്ദേഹത്തിന് കൂടുതല്‍ ഫൗളുകള്‍ വീഴുന്നതെന്നും ഹസാര്‍ഡ് പറഞ്ഞു. എതിരാളികള്‍ക്ക് വിനിയെ എങ്ങനെ തടയണമെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക ഫുട്‌ബോളര്‍മാരില്‍ ഏറ്റവും മികച്ച താരമാണ് താനെന്ന് വിനീഷ്യസ് മനസിലാക്കണമെന്നും റയല്‍ മാഡ്രിഡില്‍ മാറ്റിനിര്‍ത്തപ്പെടാന്‍ സാധിക്കാത്ത കളിക്കാരനാണ് അദ്ദേഹമെന്നും ഹസാര്‍ഡ് പറഞ്ഞു. സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഈ സീസണില്‍ മികച്ച പ്രകടനമാണ് വിനീഷ്യസ് റയല്‍ മാഡ്രിഡില്‍ കാഴ്ചവെക്കുന്നത്. കാര്‍ലോ ആന്‍സലോട്ടയുടെ പരിശീലനത്തിന് കീഴില്‍ സീസണില്‍ ഇതുവരെ 22 ഗോളുകളും 17 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ഡിസംബറിലാണ് ഈഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിരമിക്കല്‍.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില വഴങ്ങിയതോടെ ബെല്‍ജിയം ലോകകപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ദേശീയ ടീമിന് വേണ്ടി ഇതുവരെ 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
2014, 2018, 2022 ലോകകപ്പുകളിലാണ് ഹസാര്‍ഡ് ബെല്‍ജിയം ടീമിനൊപ്പം കളിച്ചത്. ഖത്തര്‍ ലോകകപ്പില്‍ മികച്ച ഫോമില്‍ കളിക്കാന്‍ സാധിക്കാത്തതിനാലാണ് താരം പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ലാ ലിഗയില്‍ 30 മത്സരങ്ങളില്‍ നിന്ന് 20 ജയവുമായി 65 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. ഏപ്രില്‍ 29ന് അല്‍മിറക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.