| Wednesday, 21st September 2022, 8:55 pm

എതിരെ കളിക്കുന്നവരുടെ ജീവിതം ഞാന്‍ നരകമാക്കും; അതൊക്കെ എനിക്ക് ഒരു സുഖവാ: റയല്‍ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡ് സൂപ്പര്‍താരം അന്റോണിയ റൂഡിഗര്‍ മാച്ചിലെ സ്‌കില്‍സിനൊപ്പം അഗ്രസീവ് പെരുമാറ്റത്തിനും പേര് കേട്ടയാളാണ്. മാച്ചിനിടയില്‍ എതിരെ കളിക്കുന്നവരെ പ്രകോപിപ്പിക്കും വിധം റൂഡിഗര്‍ സംസാരിക്കാറുണ്ട്. റൂഡിഗര്‍ ഒരു പേടിപ്പെടുത്തുന്ന സെന്റര്‍ ബാക്കാണെന്ന് നെയ്മര്‍ ഈയടുത്ത് അഭിപ്രായപ്പെട്ടിരുന്നു.

ഇതൊക്കെ ചില കൈവിട്ട് പോകുന്ന നിമിഷങ്ങളില്‍ സംഭവിക്കുന്ന കാര്യമാണെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. കളിയുടെ തീവ്രത കൂടുമ്പോള്‍ അങ്ങനെയൊക്കെയാണല്ലോ…

എന്നാല്‍ റൂഡിഗറിന്റെ ട്രാഷ് ടോക്ക് അങ്ങനെയൊരു കൈവിട്ട കളിയല്ല. നല്ല കൃത്യമായി പ്ലാന്‍ ചെയ്ത്, പറ്റിയ സമയം നോക്കിയാണ് മൂപ്പര് ഇത് ചെയ്യുന്നത്. അക്കാര്യം പറയുന്നത് മറ്റാരുമല്ല, സാക്ഷാല്‍ റൂഡിഗര്‍ തന്നെയാണ്.

ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ല താന്‍ ബൂട്ടണിഞ്ഞതെന്നും എതിരാളികളെ അസ്വസ്ഥരാക്കുക എന്നത് ഒരു ഡിഫന്ററെന്ന നിലയില്‍ താന്‍ ഏറെ ഇഷ്ടപ്പെട്ട് ചെയ്യുന്ന കാര്യമാണെന്നും റൂഡിഗര്‍ പറയുന്നു.

‘എല്ലാവരുടെയും കൂട്ടുകാരനാകാന്‍ വേണ്ടിയല്ല ഞാന്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറായത്. ആരെങ്കിലും എന്നെ ഇഷ്ടപ്പെടുകയാണെങ്കില്‍ അതെനിക്ക് ഇഷ്ടമാണ്.

പക്ഷെ എന്നു കരുതി എല്ലാവരെയും സന്തോഷിപ്പിച്ച് നടക്കാന്‍ എന്നെ കിട്ടില്ല. ബാക്കിയുള്ളവര്‍ക്ക് എന്ത് ബുദ്ധിമുട്ട് തോന്നിയാലും, ഞാന്‍ എന്റെ പണിയായ ഡിഫന്റിങ് ചെയ്യും.

എനിക്ക് മൈന്‍ഡ് ഗെയിംസ് ഒരുപാട് ഇഷ്ടമാണ്. പിന്നെ എതിരാളികളോട് നടത്തുന്ന ട്രാഷ് ടോക്കും. എനിക്ക് അതൊക്കെ ഒരു രസമാണ്. എന്തോ, ഞാന്‍ അങ്ങനെയൊക്കെയാണ്,’ റൂഡിഗര്‍ പറയുന്നു.

ഒരു മാച്ചിനിടയില്‍ താന്‍ എങ്ങനെയാണ് എതിരാളികളെ പറ്റി ചിന്തിക്കുകയെന്നതിനെ കുറിച്ചും ജര്‍മന്‍ താരം വിശദമായി തന്നെ പറഞ്ഞു.

‘എനിക്ക് എതിര്‍ ടീം അംഗങ്ങളെ അനലൈസ് ചെയ്യാന്‍ ഇഷ്ടമാണ്. ‘ഞാന്‍ ഒന്ന് ചെറുതായി ചൊറിഞ്ഞാല്‍ ഇവര്‍ എങ്ങനെയായിരിക്കും റിയാക്ട് ചെയ്യുക’ ഞാന്‍ ഇടക്കിടക്ക് ആലോചിക്കും. എന്നുവെച്ച് കളി തുടങ്ങുന്നതിന് മുന്‍പ് ഇന്ന് ഇയാളെ പോയി ചൊറിയാം എന്ന് ഞാന്‍ സെലക്ട് ചെയ്ത് വെക്കുകയൊന്നുമില്ല. എല്ലാം ഒരു ഫ്‌ളോയില്‍ അങ്ങ് നടക്കുന്നതാണ്,’ റൂഡിഗര്‍ പറയുന്നു.

സംഭവം ഇത്രയൊക്കെ കാല്‍കുലേറ്റ് ചെയ്താണ് ഇതൊക്കെ ചെയ്യുന്നതെങ്കിലും, ഈ അഗ്രസീവ് പെരുമാറ്റം കാരണം ഇക്കാലയളവിനുള്ളില്‍ ആറ് റെഡ് കാര്‍ഡുകള്‍ താരം വാങ്ങിക്കൂട്ടിയുണ്ട്.

പക്ഷെ, ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ മാച്ചുകളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് റൂഡിഗര്‍ ഇപ്പോള്‍. മികച്ച ഫോമുമായി കളം നിറയുന്ന താരം ഈ സീസണില്‍ ഗോളും നേടിയിരുന്നു.

Content Highlight: Real Madrid Player Antonio Rudiger about provoking his opponents on the ground

We use cookies to give you the best possible experience. Learn more