'കയ്യിൽ പത്തിന്റെ പൈസയില്ല'; ആറ് സൂപ്പർ താരങ്ങളെ വിൽക്കാനൊരുങ്ങി റയൽ മാഡ്രിഡ്‌; റിപ്പോർട്ട്
football news
'കയ്യിൽ പത്തിന്റെ പൈസയില്ല'; ആറ് സൂപ്പർ താരങ്ങളെ വിൽക്കാനൊരുങ്ങി റയൽ മാഡ്രിഡ്‌; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th March 2023, 3:14 pm

‘സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയിൽ കഴിഞ്ഞ തവണത്തെ തങ്ങളുടെ തേരോട്ടത്തിന്റെ നിഴലിലാണ് റയൽ മാഡ്രിഡിപ്പോൾ. നിലവിലെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ക്ലബ്ബിന് ഈ സീസണിൽ അതിശയിപ്പിക്കുന്ന പ്രകടനമൊന്നും പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്ത് മാത്രമാണ് ക്ലബ്ബിന്റെ സ്ഥാനം.

എന്നാലിപ്പോൾ പുതിയ സ്‌ക്വാഡിനെ വാങ്ങാനായി ക്ലബ്ബ്‌ തങ്ങളുടെ പഴയ ആറ് താരങ്ങളെ വിൽക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ജെസ്യൂസ് വല്ലേജോ, മരിയാനോ ഡയസ്, ഈഡൻ ഹസാഡ്, ആൻഡ്രി ലൂണിൻ, അൽവാരോ ഒഡ്രിയോസോലൊ, മാർക്കോ അസൻസിയോ എന്നീ താരങ്ങളെയാണ് റയൽ വിൽക്കാനൊരുങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ശേഷം പുതിയ താരങ്ങളെ ഉൾപ്പെടുത്തി തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത്ത് വർധിപ്പിക്കാൻ റയൽ ശ്രമിക്കുന്നുണ്ടെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ഫിച്ചാജെസ് (Fichajes) ആണ് റയലിന്റെ സ്‌ക്വാഡ് ഡെപ്ത്ത് വിപുലീകരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
പരിശീലകൻ കാർലോ ആൻസലോട്ടിയുടെ തീരുമാന പ്രകാരം സ്‌ക്വാഡ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റയൽ തങ്ങളുടെ സ്‌ക്വാഡിൽ അഴിച്ചുപണിക്ക് ശ്രമിക്കുന്നത് എന്നാണ് ഫിച്ചാജെസിന്റെ റിപ്പോർട്ട്.

വല്ലേജോക്കും ഈഡൻ ഹസാഡ്ഡിനും ക്ലബ്ബിൽ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. ലുനിനേയും ഒഡ്രിയോസോലോയേയും അത്യാവശ്യ സാഹചര്യങ്ങളിൽ ബാക്ക് അപ്പ് ആയി മാത്രമാണ് റയൽ ഉപയോഗിക്കുന്നത്. ഡയസിന് മാനേജ്മെന്റിന്റെ പ്രീതി പിടിച്ചു പറ്റാനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ താരങ്ങളെയെല്ലാം തങ്ങളുടെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കാനായി റയൽ തീരുമാനിച്ചിരിക്കുന്നത്.


അടുത്ത ട്രാൻസ്ഫർ ജാലകത്തെ പറ്റിയുള്ള തന്റെ പ്രതീക്ഷ ആൻസലോട്ടിയും തുറന്ന് പറഞ്ഞിട്ടുണ്ട്.

“ഞങ്ങൾ കഴിഞ്ഞ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ രീതിയിൽ ഇടപെട്ടിട്ടില്ല. കാരണം ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ലായിരുന്നു. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്‌ക്വാഡിനെ ശക്തിപ്പെടുത്താം എന്നായിരുന്നു ഞങ്ങൾ വിചാരിച്ചിരുന്നത്. ഞങ്ങൾക്ക് അടുത്ത ട്രാൻസ്ഫർ ജാലകത്തെക്കുറിച്ച് മികച്ച പദ്ധതികൾ കയ്യിലുണ്ട്,’ കാർലോ ആൻസലോട്ടി പറഞ്ഞു.

അതേസമയം ലീഗിലെ പ്രകടനം മികച്ചതല്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ ഗംഭീര പ്രകടനം നടത്താൻ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ ലിവർപൂളിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ തകർത്തത്.

നിലവിൽ പോയിന്റ് ടേബിളിൽ 24 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളോടെ 53 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ക്ലബ്ബിന് മാർച്ച് 11ന് ലാ ലിഗയിൽ എസ്പ്യാനോളിനെയാണ് അടുത്തതായി നേരിടാനുള്ളത്.

Content Highlights:real madrid planning to sale six players in their squad: reports