| Thursday, 9th February 2023, 5:21 pm

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ നിന്നും പുറത്തായാൽ ഹാലണ്ടിനെ പൊക്കാം; തന്ത്രങ്ങൾ മെനഞ്ഞ് റയൽ മാഡ്രിഡ്‌

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടിയാണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ മുഖാന്തരം ഉണ്ടാകുന്നത്.
2008ൽ അബുദാബി ആസ്ഥാനമായുള്ള സിറ്റി ഗ്രൂപ്പ്‌ മേധാവി ഷെയ്ഖ് മൻസൂർ ക്ലബ്ബിനെ ഏറ്റെടുത്തത് മുതൽ സിറ്റി ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന ആരോപണങ്ങളാണ് ക്ലബ്ബിന് നേരെ ഉയർന്ന് വന്നത്.

ഇതിനെ തുടർന്നായിരുന്നു ഫിനാൻഷ്യൽ ഫെയർ പ്ലേയുടെ ലംഘനവുമായി ബന്ധപ്പെട്ട് അധികൃതർ സിറ്റി ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിച്ചത്.അന്വേഷണത്തിൽ ക്ലബ്ബ് മാനേജ്മെന്റ് കുറ്റം ചെയ്തെന്ന് തെളിയിക്കപ്പെട്ടാൽ ലീഗിൽ നിന്നും പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ ക്ലബ്ബിന് നേരിടേണ്ടി വന്നേക്കാം.

ഇതൊടെ ക്ലബ്ബ് തെറ്റ് ചെയ്തെന്ന് തെളിഞ്ഞാൽ താൻ ടീം വിട്ട് പോകുമെന്ന് പരിശീലകനായ പെപ്പ് ഗ്വാർഡിയോള അഭിപ്രായപ്പെട്ടിരുന്നു.

എന്നാലിപ്പോൾ പ്രീമിയർ ലീഗിൽ നിന്നും സിറ്റി പുറത്താക്കപ്പെട്ടാൽ സിറ്റിയുടെ സൂപ്പർ താരമായ ഹാലണ്ടിനെ സ്വന്തമാക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ് റയൽ മാഡ്രിഡ്‌ എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.

എൽ ഫുട്ബോളെറോയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പുകൾ തെളിയിക്കപ്പെട്ടാൽ ലീഗിൽ നിന്നും സിറ്റി പുറത്താക്കപ്പെടും അങ്ങനെയെങ്കിൽ പെപ്പ് ഗ്വാർഡിയോള ക്ലബ്ബ് വിടുമെന്ന കാര്യവും തീർച്ചയാണ്. ഇങ്ങനെയൊരു സാഹചര്യം ഒത്തുവന്നാൽ ഹാലണ്ടിനെ സ്പെയ്നിലേക്ക് എത്തിക്കാനുള്ള പദ്ധതികളാണ് റയൽ തയ്യാറാക്കുന്നത് എന്നാണ് എൽ ഫുട്ബോളെറോയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ഗ്വാർഡിയോളയുടെ കീഴിൽ കളിക്കാനാണ് ഹാലണ്ട് സിറ്റിയിൽ തുടരുന്നതെന്നും അദ്ദേഹം ക്ലബ്ബ് വിട്ടാൽ ഹാലണ്ടും സിറ്റി വിടുമെന്ന് നേരത്തെ താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ കരീം ബെൻസെമയുടെ വിരമിക്കലിന് ശേഷം റയലിനെ മുന്നിൽ നിന്നും നയിക്കാൻ എംബാപ്പെയെ സൈൻ ചെയ്യാനുള്ള ശ്രമത്തിൽ നിന്നും ക്ലബ്ബ് ഇത് വരേക്കും പിന്നാക്കം പോയിട്ടില്ല.

പി.എസ്.ജിയിൽ നിന്നും താരത്തെ സ്പെയ്നിലേക്ക് ക്ലബ്ബ് എത്തിക്കും എന്ന് തന്നെയാണ് റയൽ ആരാധകർ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.


അതേസമയം ഫെബ്രുവരി 12ന് ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ അൽ ഹിലാലിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം.

മത്സരം വിജയിച്ചാൽ എട്ടാം തവണ ക്ലബ്ബിന് ലോകകപ്പ് ട്രോഫി സ്വന്തമാക്കാൻ സാധിക്കും.

Content Highlights:real madrid plan to sign haaland if manchester city will terminate premier league

We use cookies to give you the best possible experience. Learn more