കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ സ്പാനിഷിന്റെ റയല്‍ മാഡ്രിഡ് ലക്ഷ്യമിട്ടിരുന്ന സൂപ്പര്‍ താരമാണ് കിലിയന്‍ എംബാപ്പെ. താരത്തെ സ്വന്തമാക്കാന്‍ റയല്‍ ശ്രമം നടത്തിയിരുന്നെങ്കിലും പി.എസ്.ജിയുമായി കരാര്‍ പുതുക്കാനായിരുന്നു എംബാപ്പെയുടെ തീരുമാനം. റയല്‍ മാഡ്രിഡ് ആരാധകര്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഉദ്ദേശം നടക്കാതെ വന്നപ്പോള്‍ ഹാലണ്ടിനെ സ്വന്തമാക്കാമെന്നായി റയല്‍. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി അതിനകം ഹാലണ്ടിനെ റാഞ്ചിക്കൊണ്ടുപോയിരുന്നു. അതോടെ ബെന്‍സിമക്ക് പകരക്കാരനില്ലാതെ റയല്‍ വലയാന്‍ തുടങ്ങി.
എംബാപ്പേക്കും ഹാലണ്ടിനും നേരെയുള്ള റയലിന്റെ നോട്ടം അപ്പോഴും നിലച്ചില്ലായിരുന്നു. റയല്‍ പ്രസിഡണ്ട് ഫ്‌ലോറെന്റീനോ പെരസ് ഇരു താരങ്ങള്‍ക്കും വേണ്ടിയുള്ള ശ്രമം തുടരുകയാണെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചില സോഷ്യോസുമായി പെരസ് നടത്തിയ ചര്‍ച്ചയില്‍ ഇതിനെ കറച്ചുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എംബാപ്പെയെ കുറിച്ചോ ഹാലണ്ടിനെ കുറിച്ചോ തങ്ങളൊന്നും ചോദിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും പെരസ് ഇങ്ങോട്ട് വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നെന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു സോഷ്യോ പറഞ്ഞത്.
”ഇന്നലെ നടന്ന ചര്‍ച്ചയില്‍ എംബാപ്പെയുടെയും ഹാലണ്ടിന്റെയും ട്രാന്‍സ്ഫറിനെ കുറിച്ച് ഞങ്ങള്‍ ചോദിച്ചിരുന്നില്ല. റയല്‍ മാഡ്രിഡ് ഇപ്പോഴും അവരുടെ വാതിലുകള്‍ ഇരു താരങ്ങള്‍ക്കുമായി തുറന്നിരിക്കുകയാണെന്ന് പെരസ് ഇങ്ങോട്ട് പറയുകയായിരുന്നു,” അദ്ദേഹം വ്യക്തമാക്കി.
ഭാവിയില്‍ റയല്‍ മാഡ്രിഡ് ഇവര്‍ക്ക് വേണ്ടിയുള്ള ശ്രമം നടത്തുമെന്ന ആര്‍.എം.സി സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും മികച്ച് പ്രകടനമാണ് മത്സരങ്ങളില്‍ പുറത്തെടുക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് 14 ഗോള്‍ നേടിയപ്പോള്‍ 10 ഗോളുകളാണ് പി.എസ്.ജി താരം തന്റെ ക്ലബ്ബിന് വേണ്ടി നേടിയിട്ടുള്ളത്.
മികച്ച താരനിരയുണ്ടെങ്കിലും എംബാപ്പെയെ ചുറ്റിപ്പറ്റിയാണ് പി.എസ്.ജി തന്ത്രങ്ങള്‍ മെനയുന്നത്. വരാനിരിക്കുന്ന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച് പി.എസ്.ജിയെ മുന്നോട്ട് നയിക്കുന്നതില്‍ എംബാപ്പെ കരുത്താകുമെന്ന ആത്മവിശ്വാത്തിലാണ് ആരാധകര്‍.
ഒരു മത്സരത്തില്‍ ഒരു ഗോളെങ്കിലും നേടുക എന്നതാണ് എര്‍ലിങ് ഹാലണ്ടിന്റെ ശീലം. മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയതിന് ശേഷവും ഗോളുകള്‍ വാരിക്കൂട്ടി കയ്യടി നേടുന്ന ഹാലണ്ടിനെ പോലുള്ള താരത്തിന് വേണ്ടി ക്ലബ്ബുകള്‍ കണ്ണുവെക്കുന്നതില്‍ സംശയമൊന്നുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
Content Highlights: Real Madrid open doors for Kylian Mbappe and Erling Haland