|

മുങ്ങുന്ന കപ്പലില്‍ ചാടിക്കയറി ബ്രസീലിയന്‍ സൂപ്പര്‍ താരം; റയലിന്റെ മിഡ്ഫീല്‍ഡര്‍ ഇനി മാഞ്ചസ്റ്ററില്‍

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ മധ്യനിരയിലെ വിശ്വസ്തന്‍ കാസിമെറോ ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. റയലിനൊപ്പം നീണ്ട ഏഴ് വര്‍ഷത്തെ കളി മതിയാക്കിയാണ് താരം റെഡ് ഡെവിള്‍സിനൊപ്പം ചേരുന്നത്.

ബാഴ്‌സയില്‍ നിന്നും ഫ്രാങ്കി ഡി യോങ്ങിനെ ടീമിലെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മാഞ്ചസ്റ്റര്‍ കാസിമെറോയെ ടീമിലെത്തിച്ചത്.

60 ദശലക്ഷം പൗണ്ടിനാണ് താരം മാഞ്ചസ്റ്ററുമായി കൈകോര്‍ക്കുന്നത്. മധ്യനിരയിലെയും പ്രതിരോധത്തിലെയും പോരായ്മകളും പിഴവുകളും കാസിമെറോ എത്തുന്നതോടെ അവസാനിക്കുമെന്നാണ് ടീം കരുതുന്നത്.

എന്നാല്‍ കാസിമെറോ ടീമില്‍ വന്നുകയറുന്ന സമയവും സന്ദര്‍ഭവും അത്ര നല്ലതല്ല. നിവലില്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വിയുമായി അവസാന സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

സീസണ്‍ തുടങ്ങുന്നതിന് മുമ്പ് പുതിയ പരിശീലകന്‍ എറിക് ടെന്‍ഹാഗിനെയെത്തിച്ച് നടത്തിയ അഴിച്ചുപണികളും ഫലവത്തായില്ല. പല വമ്പന്‍ താരങ്ങളെയും ടീമിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആവുകയായിരുന്നു.

കിസ്റ്റ്യാനോ റൊണാള്‍ഡോയും മാനേജ്‌മെന്റുമായുള്ള ഉലച്ചിലുകളും സൂപ്പര്‍ താരം പോള്‍ പോഗ്ബ ടീം വിട്ടതും ടീമിന് തിരിച്ചടിയായിട്ടുണ്ട്. ഇതിനേക്കാള്‍ വലിയ തലവേദനയാകുന്നതാവട്ടെ മറ്റ് സൂപ്പര്‍ താരങ്ങളുടെ മോശം ഫോമും.

ഈ സാഹചര്യത്തിലാണ് കാസിമെറോ ടീമിലെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലെ വലിയ പേരുകളിലൊന്നാണ് റയല്‍ മാഡ്രിഡിന്റെ മധ്യനിരയിലെ സ്ഥിരം മുഖമായ കസിമെറോ. 30കാരനായ കാസിമെറോ അവസാന ഏഴ് വര്‍ഷങ്ങളായി റയല്‍ മാഡ്രിഡിനൊപ്പമുണ്ട്. അഞ്ച് ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ 18 കിരീടങ്ങള്‍ താരം റയലിനൊപ്പം നേടിയിട്ടുണ്ട്.

ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ യുവന്റസിന്റെ അഡ്രിയാന്‍ റാബിയോട്ട്, ബ്രൈറ്റന്‍ താരം മോയ്‌സെസ് കൈസെഡോ എന്നിവരുമായും യുണൈറ്റഡ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

അത്‌ലറ്റിക്കോയുടെ അല്‍വാരോ മൊറാട്ട, ബാഴ്‌സലോണ താരം ഒബമയാങ്ങ് എന്നിവരെയും ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമം നടത്തിയിരുന്നു.

Content Highlight: Real Madrid Midfielder Casemiro joins Manchester United