റയല്‍ മാഡ്രിഡ് കോപ്പ ഡെല്‍റേയില്‍ നിന്നും പുറത്ത്. അത്ലറ്റികോ മാഡ്രിഡ് രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിനെ തകര്‍ത്തത്.
സീസണിലെ റയല്‍ മാഡ്രിഡ് രണ്ടാം തോല്‍വിയായിരുന്നു ഇത്. റയല്‍ മാഡ്രിഡ് ഈ സീസണില്‍ രണ്ടു തോല്‍വിയും ഏറ്റുവാങ്ങിയത് അത്ലറ്റികോ മാഡ്രിഡിനോടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.
അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ട് ആയ സിവില്‍ട്ടാസ് മെട്രോപൊളിറ്റിയന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-5-2 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-1-2 എന്ന ശൈലിയായിരുന്നു റയല്‍ മാഡ്രിഡ് പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 39ാം മിനിട്ടില്‍ സാമുവല്‍ നിനോയിലൂടെ അത്ലറ്റിക്കോ മാഡ്രിഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അത്ലറ്റികോ ഗോള്‍ കീപ്പര്‍ ജാന്‍ ഒബ്ലാക്കിന്റെ പിഴവില്‍ നിന്നും റയല്‍ മാന്‍ മത്സരത്തിലൊപ്പമെത്തുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 57ാം മിനിട്ടില്‍ അല്‍വരോ മൊറാട്ടയിലൂടെ ആതിഥേയര്‍ രണ്ടാം ഗോള്‍ നേടി. എന്നാല്‍ 82ാം മിനിട്ടില്‍ ജൊസേലുവിലൂടെ റയല്‍ മാഡ്രിഡ് വീണ്ടും സമനില പിടിക്കുകയായിരുന്നു.
ഒടുവില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനിലൂടെ ആതിഥേയര്‍ വീണ്ടും മത്സരത്തില്‍ ലീഡ് എടുക്കുകയായിരുന്നു.
മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി റോഡ്രിഗോ റിക്ക്വല്‍മിയിലൂടെ അത്ലറ്റികോ മാഡ്രിഡ് നാലാം ഗോളും നേടിയതോടെ ആതിഥേയര്‍ മത്സരം പൂര്‍ണമായും സ്വന്തമാക്കുകയായിരുന്നു.
അതേസമയം ലാ ലിഗയില്‍ 49 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും 38 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ് അത്ലറ്റികോ മാഡ്രിഡ്.
ലാ ലിഗയില്‍ ജനുവരി 21ന് അല്‍മേരിയക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. ജനുവരി 23ന് ഗ്രനേഡയാണ് അത്ലറ്റികോ മാഡ്രിഡിന്റെ എതിരാളികള്‍.
Content Highlight: Real Madrid loss two time against Athletico Madrid.