| Thursday, 5th December 2024, 6:34 pm

വീണ്ടും പെനാല്‍റ്റി മിസ്സാക്കി, ഇവനെ ഇനി എന്ത് പറഞ്ഞ് മനസിലാക്കിക്കണം; റയലിന് വീണ്ടും തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് നടന്ന (വ്യാഴം) ലാലീഗ മത്സരത്തില്‍ അത്ലറ്റിക് ക്ലബ്ബിന് റയല്‍ മാഡ്രിഡിനെതിരെ തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അത്ലറ്റിക് വിജയം സ്വന്തമാക്കിയത്.

53ാം മിനിട്ടില്‍ അല്‍ജാന്‍ഡ്രോ റെമീരിയോ നേടിയ ഗോളില്‍ അത്ലറ്റിക് മുന്നിലെത്തിയപ്പോള്‍ 78ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാം നേടിയ തകര്‍പ്പന്‍ ഗോളില്‍ റയല്‍ ഒപ്പത്തിനൊപ്പവും എത്തി. എന്നാല്‍ നിര്‍ണായകമായ അവസാന ഘട്ടത്തില്‍ ഗോര്‍ക്കാ ഗുരുസേത 80ാം മിനിട്ടില്‍ ഗോള്‍ നേടി അത്‌ലറ്റിക്കിനെ മുന്നിലെത്തിച്ചു.

മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ വീണ്ടും വീണ്ടും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 68ാം മിനിട്ടില്‍ എതിരാളികളുടെ ബോക്‌സില്‍ ലഭിച്ച ഫൗളില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയാണ് താരം വീണ്ടും നിരാശയിലാക്കിയത്.

കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ മോശം പ്രകടനം കാരണം താരത്തിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പരിശീലകന്‍ കാറിലോ ആല്‍സലോട്ടി താരത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരുന്നു. പക്ഷേ നിര്‍ണായ മത്സരത്തിലെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ എംബാപ്പെയുടെ കാര്യത്തില്‍ ടീം ആശങ്കയിലാവാന്‍ സാധ്യതയുണ്ട്.

മാത്രമല്ല വലിയ ട്രാന്‍ഫര്‍ തകയ്ക്ക് വാങ്ങിയ താരം കളിയില്‍ മികവ് പുലര്‍ത്താത്തതും ടീമിനെ കുഴക്കുകയാണ്. ജൂഡ് ബെല്ലിങ്ഹാമും വിനീഷ്യസ് ജൂനിയറുമെല്ലാം മികവ് പുലര്‍ത്തുമ്പോള്‍ എംബാപ്പെയുടെ മോശം പ്രകടനം തീര്‍ച്ചയായും ടീമിനെ ബാധിക്കുമെന്നത് ഉറപ്പാണ്.

ഇനി ഡിസംബര്‍ എട്ടിന് ജിറോണയുമായിട്ടാണ് റയിലിന്റെ അടുത്ത മത്സരം. നിലവില്‍ പോയിന്റ് ടേബിളില്‍ 16 മത്സരങ്ങളില്‍ നിന്ന് 12 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയുമായി 37 പോയിന്റുമായി ബാര്‍സലോണയാണ് മുന്നില്‍.

15 മത്സരങ്ങളില്‍ നിന്ന് 10 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 33 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റിയല്‍ മാഡ്രിഡ്. റയലിനോട് വിജയിച്ചതോടെ അത്ലറ്റിക് ക്ലബ് 29 പോയിന്റുമായി നാലാം സ്ഥാനത്തും എത്തി.

Content Highlight: Real Madrid Lose Against Athletic Club

We use cookies to give you the best possible experience. Learn more