ലോകകപ്പ് നേടിയെന്നതൊക്കെ ശരി;പക്ഷെ മെസിയല്ല റൊണാൾഡോയാണ് മികച്ചതെന്ന് ഇതിഹാസ ഗോൾ കീപ്പർ
football news
ലോകകപ്പ് നേടിയെന്നതൊക്കെ ശരി;പക്ഷെ മെസിയല്ല റൊണാൾഡോയാണ് മികച്ചതെന്ന് ഇതിഹാസ ഗോൾ കീപ്പർ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd March 2023, 7:56 pm

സമകാലിക ഫുട്ബോളിലെ മികച്ച രണ്ട് താരങ്ങളാണ് മെസിയും റൊണാൾഡോയും. മികച്ച താരമാര് എന്ന തർക്കത്തിൽ മെസിക്കും റൊണാൾഡോക്കുമൊപ്പം വിഭജിച്ചിരിക്കുകയാണ് ഭൂരിഭാഗം ഫുട്ബോൾ ലോകവും.

ലോകകപ്പ് നേടിയതോടെ മെസി മികച്ച താരമായി മാറി എന്ന് ഒരു വിഭാഗം ഫുട്ബോൾ ആരാധകർ വാദിച്ചപ്പോൾ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോഡുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മറു വിഭാഗം രംഗത്തെത്തിയത്.

എന്നാൽ മെസിയോ റൊണാൾഡോയോ മികച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡിന്റെയും സ്പെയ്ന്റെയും ഇതിഹാസ പരിശീലകനായ ഐക്കർ കസിയ്യസ്.

മെസിയാണോ റൊണാൾഡോയാണോ ബെസ്റ്റ് എന്ന ഒരു വ്ലോഗറുടെ ചോദ്യത്തിനാണ് ‘റൊണാൾഡോ’ എന്ന് കസിയ്യസ് ഉത്തരം പറഞ്ഞത്.
റയലിൽ റൊണാൾഡോയും കസിയ്യസും 228 മത്സരങ്ങളിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സര വിജയം നേടിയ താരങ്ങളുടെ പട്ടികയിലും റൊണാൾഡോക്ക് പിന്നാലെയാണ് കസിയ്യസിന്റെ സ്ഥാനം.

754 മത്സരങ്ങളാണ് റൊണാൾഡോ വിജയിച്ച മത്സരങ്ങളുടെ എണ്ണം. 690 വിജയങ്ങളാണ് കസിയ്യസിന്റെ പേരിലുള്ളത്. 688 വിജയങ്ങളുമായി മെസിയാണ് ഏറ്റവും കൂടുതൽ വിജയങ്ങളുള്ള താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

അതേസമയം റയൽ വിട്ട ശേഷം യുവന്റസിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിച്ച റോണോ പ്രതിവർഷം 225 മില്യൺ യൂറോക്കാണ് സൗദി ക്ലബ്ബ് അൽ നസറിലേക്ക് ചേക്കേറിയത്.

ക്ലബ്ബിനായി ആറ് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകൾ നേടിയ റൊണാൾഡോയുടെ മികവിൽ 18 മത്സരങ്ങളിൽ നിന്നും 13 വിജയങ്ങളോടെ 43 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ.


മാർച്ച് മൂന്നിന് അൽ ബത്തീനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Real Madrid legend Iker Casillas said ronaldo id greaterthan messi