| Thursday, 2nd March 2023, 9:29 pm

ക്രിസ്റ്റ്യാനോയോ മെസിയോ? ഇഷ്ടതാരത്തെ തിരഞ്ഞെടുത്ത് റയല്‍ മാഡ്രിഡ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഗോട്ട് സംവാദത്തില്‍ മെസിയെക്കാളും തനിക്കിഷ്ടം ക്രിസ്റ്റ്യാനോയെയാണെന്ന് വെളിപ്പെടുത്തി റയല്‍ മാഡ്രിഡ് ഇതിഹാസം ഇകര്‍ കാസിയസ്. റയല്‍ മാഡ്രിഡില്‍ റോണോയുടെ സഹതാരമായിരുന്നു കാസിയസ്.

ആധുനിക ഇതിഹാസങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരില്‍ ആരാണ് ഫേവറേറ്റ് എന്ന് ചോദിച്ചപ്പോഴാണ് കാസിയസ് റൊണാള്‍ഡോയുടെ പേര് പറഞ്ഞത്. റയല്‍ മാഡ്രിഡില്‍ 228 മത്സരങ്ങളില്‍ റോണോയും കാസിയസും ഒരുമിച്ച് ബൂട്ടുകെട്ടിയിട്ടുണ്ട്.

ഖത്തറില്‍ മെസി വിശ്വകിരീടം ഉയര്‍ത്തിയതോടെ ഗോട്ട് ഡിബേറ്റിന് അന്ത്യമാകുമെന്ന് കരുതിയിരുന്നെങ്കിലും റൊണാള്‍ഡോ കരിയറില്‍ നല്‍കിയ സംഭാവനകള്‍ സംവാദത്തിന് അറുതി വരുത്തുകയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മെസിയോ റൊണാള്‍ഡോയോ ആരാണ് മികച്ചത് എന്നത് ഇന്നേവരെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യമാണ്. ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 701 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 700 ഗോളുകളാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍. 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Real Madrid legend Iker Casillas picks his favourite between Messi and Cristiano

We use cookies to give you the best possible experience. Learn more