മാഡ്രിഡ്: നിരോധിത ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി റയല്‍ മാഡ്രിഡിന്റേയും സ്‌പെയിന്‍ ദേശീയ ടീമിന്റേയും നായകന്‍ സെര്‍ജിയോ റാമോസ്. ജര്‍മന്‍ വാര്‍ത്ത മാസികയായ ഡെര്‍ സ്പീഗെലാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഡോപിങ് ടെസ്റ്റില്‍ ക്ലബ് ഗുരുതരമായ കൈകടത്തലുകള്‍ നടത്തിയെന്നും വെളിപ്പെടുത്തലുണ്ട്.
2017 യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിന് മുമ്പ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. മത്സരത്തിന് ഒരു ദിവസം മുമ്പാണ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചത്. മത്സരം യുവന്റസിനെ കീഴടക്കി റയല്‍ കിരീടം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ നിരോധിത മരുന്നിന്റെ ഉപയോഗം കണ്ടെത്തിയെങ്കിലും താരത്തിനെതിരെ യുവേഫ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചട്ടില്ല. അതേസമയം ഉത്തേജക മരുന്ന് വിവാദത്തെ റയല്‍ മാഡ്രിഡ് അധികൃതര്‍ തള്ളി. വിഷയത്തില്‍ റാമോസിനോട് വിശദീകരണം ആവശ്യപ്പെട്ട യുവേഫയോട് റാമോസ് ക്ഷമാപണം നടത്തുക മാത്രമാണ് ചെയ്തത്.
മത്സരത്തിന് മുമ്പ് ഇടത് കാല്‍മുട്ടിലും ഇടത് തോളിലുമാണ് താരം ഉത്തേജക മരുന്ന് കുത്തിവെച്ചത്. വേള്‍ഡ് ആന്റി ഡോപിങ് അതോറിറ്റി നിരോധിച്ച ബെറ്റമെതസോനും ഡെക്‌സാമെതസോനുമാണ് ഉപയോഗിച്ചിട്ടുള്ളത്.
വിഷയത്തില്‍ കൂടുതല്‍ വിശദീകരണത്തിനായി സ്പാനിഷ് മുന്‍ രാജാവ് യുവാന്‍ കാര്‍ലോസും പ്രധാനമന്ത്രിയും റാമോസിനെ സന്ദര്‍ശിച്ചു.
റയല്‍ മാഡ്രിഡ് ഡോക്ടറും റാമോസും ചെയ്തത് വലിയ തെറ്റാണ്. ഭാവിയില്‍ റയലിന്റെ നീക്കങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും യുവേഫയില്‍ നിന്ന് ഡെര്‍ സ്പീഗലിന് ലഭിച്ച കത്തിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ നടപടി സ്വീകരിക്കാതെ കേസ് ക്ലോസ് ചെയ്ത നടപടിയില്‍ വാഡയ്ക്ക് എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തില്‍ ഫിഫയോടൊപ്പം ചേര്‍ന്ന് ലൂസാന്നിലെ രാജ്യാന്തര കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.
റാമോസിന് പുറമെ റയല്‍ മാഡ്രിഡ് ക്ലബിനേയും പ്രതിചേര്‍ത്തുളള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ചാംപ്യന്‍സ് ലീഗിന് നാല് മാസം മുമ്പ് 2 യുവേഫ ഡോപിങ് കണ്‍ട്രോള്‍ ഓഫീസര്‍മാര്‍ 10 റയല്‍ മാഡ്രിഡ് കളിക്കാരില്‍ ടെസ്റ്റ് നടത്തിയിരുന്നു. പക്ഷെ അവര്‍ക്ക് ടെസ്റ്റുമായി പിന്നീട് മുമ്പോട്ട് പോകാന്‍ കഴിഞ്ഞില്ലെന്നും സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍മന്‍ താരം ടോണി ക്രൂസിന്റേയും റൊണാള്‍ഡോയുടേയും ടെസ്റ്റ് നടക്കുന്നതിനിടെ റയല്‍ ഇടപെട്ടെന്നും ഡോപിങ് ഓഫീസര്‍മാര്‍ പറഞ്ഞതായി മാസിക റിപ്പോര്‍ട്ട് ചെയ്തു.
ഡോപിങ് ഓഫീസര്‍മാര്‍ക്ക് സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള സ്വാതന്ത്രം നിലനില്‍ക്കെയാണ് ക്ലബിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. റയല്‍ മാഡ്രിഡ് ചീഫ് ഡോക്ടര്‍ അടക്കമുള്ളവര്‍ ഇടപ്പെട്ടെന്നാണ് വെളിപ്പെടുത്തല്‍.