| Tuesday, 6th August 2024, 4:18 pm

എതിരാളികളെ വീഴ്ത്താൻ എംബാപ്പെ പുതിയ റോളിൽ; പടക്കോപ്പും പരിവാരങ്ങളുമായി റയൽ എത്തുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. കഴിഞ്ഞ സീസണിലെ കിരീടനേട്ടങ്ങളുടെ ആവര്‍ത്തനം ഈ സീസണിലും കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ നേടിയെടുക്കാനാണ് റയല്‍ മാഡ്രിഡ് ഇറങ്ങുന്നത്.

ഒരുപിടി യുവ താരങ്ങളെ ഇതിനോടകം തന്നെ ടീമിലെത്തിച്ചുകൊണ്ട് തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കിയിരിക്കുകയാണ് ലോസ് ബ്ലാങ്കോസ്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് റയലിന്റെ ഈ സീസണിലെ ശ്രദ്ധേയമായ സൈനിങ്.

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് എംബാപ്പെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ എത്തിയത്. എംബാപ്പെക്ക് പുറമെ ബ്രസീലിയന്‍ വണ്ടര്‍കിഡ് എന്‍ഡ്രിക്കും തുര്‍ക്കിയുടെ യുവതാരം അര്‍ധ ഗുലറും കൂടി ടീമിന്റെ ഭാഗമാകുന്നതോടെ ലോസ് ബ്ലാങ്കോസ് കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നുറപ്പാണ്.

യുവതാരങ്ങള്‍ക്ക് പുറമേ തന്റെ 38ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യവുമായി ലൂക്ക മോഡ്രിച്ച് ക്യാപ്റ്റന്റെ റോളില്‍ എത്തും.

ഇപ്പോഴിതാ പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി കളിക്കളത്തില്‍ ഓരോ താരങ്ങള്‍ക്കും കൃത്യമായ ചുമതല നല്‍കിയിരിക്കുകയാണ് ആന്‍സലോട്ടി.

മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ സീസണില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രീകിക്ക് എടുക്കുക എംബാപ്പെയായിരിക്കുമെന്നാണ് പറയുന്നത്. ടീമിന്റെ പെനാല്‍ട്ടി എടുക്കാനുള്ള ചുമതല ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിനാണ് നല്‍കിയിരിക്കുന്നത്.

കളിക്കളത്തില്‍ ലഭിക്കുന്ന സെറ്റ് പീസുകള്‍ എടുക്കാനായി അഞ്ച് താരങ്ങളെയാണ് ആന്‍സലോട്ടി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. അര്‍ധ ഗുലര്‍, മോഡ്രിച്ച്, ഫെഡറിക്കോ വാല്‍വെര്‍ദേ, ജൂഡ് ബെല്ലിങ്ഹാം, ഡേവിഡ് അലാബ എന്നീ താരങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

അതേസമയം പ്രീ സീസണിലെ അവസാനത്തെ രണ്ട് മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോസ് ബ്ലാങ്കോസ് തോല്‍വി വഴങ്ങിയത്. പിന്നീട് ചിരവൈരികളായ ബാഴ്‌സലോണയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും റയല്‍ തോല്‍വി നേരിട്ടിരുന്നു.

സൗഹൃദ മത്സരത്തില്‍ നാളെയാണ് റയലിന്റെ അടുത്ത മത്സരം. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും എതിരാളികള്‍.

Content Highlight: Real Madrid Great Plans For New Season

We use cookies to give you the best possible experience. Learn more