അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന ട്രാന്‍ഫര്‍ വിന്‍ഡോയില്‍ മൂന്ന് താരങ്ങളെ വിട്ടയക്കാനൊരുങ്ങി റയല്‍ മാഡ്രിഡ്. ഔറേലിയന്‍ ചൗമേനി, ഫെര്‍ലാന്‍ഡ് മെന്‍ഡി, ഡേവിഡ് അലബ എന്നീ താരങ്ങളെ ഒഴിവാക്കാനാണ് റയല്‍ മാഡ്രിഡ് തീരുമാനിച്ചത്. സീസണില്‍ മോശം പ്രകടനമാണ് ടീമെന്ന നിലയില്‍ റയല്‍ കാഴ്ചവെച്ചത്. ഇതോടെ മൂന്ന് മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു മൂവിന് ക്ലബ്ബ് ശ്രമിക്കുന്നത്.
ഈ സീസണില്‍ സ്ഥിരമായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ അവസരം കിട്ടിയിട്ടും ഔറേലിയന്‍ ചൗമേനി നിരാശപ്പെടുത്തി. ഫ്രഞ്ചുകാരന്‍ ഈ സീസണില്‍ 15 തവണ മത്സരങ്ങളില്‍ കളിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ മികച്ചതായിരുന്നില്ല.
റിപ്പോര്‍ട്ട് അനുസരിച്ച് പ്രീമിയര്‍ ലീഗില്‍ നിന്നുള്ള താല്‍പ്പര്യങ്ങള്‍ക്കിടയില്‍ അനുയോജ്യമായ ഓഫര്‍ ലഭിച്ചാല്‍ റയല്‍ മാഡ്രിഡ് താരത്തെ വിട്ടയക്കാന്‍ തയ്യാറാണ്. ഡേവിഡ് അലബയുടെ നിരന്തരമായ പരിക്കുകളാണ് താരത്തെ ഒഴിവാക്കാന്‍ കാരണം.
സീസണിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ബാഴ്‌സലോണയോടും എ.സി മിലാനോടും റയല്‍ പരാജയപ്പെട്ടിരുന്നു. മുന്‍ നിര താരങ്ങളായ കിലയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയ മികച്ച താരനിര ഉണ്ടായിട്ട് പോലും ടീമിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
നിലവിലെ ചാമ്പ്യന്മാരായ റയല്‍ 11 മത്സരങ്ങള്‍ക്ക് ശേഷം ലാലിഗ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഒരു ഗെയിം കൂടുതല്‍ കളിച്ച ബാഴ്‌സയെക്കാള്‍ ഒമ്പത് പോയിന്റിന് പിന്നിലാണ് റയല്‍. മാത്രമല്ല ഈ സീസണില്‍ പ്രതീക്ഷയ്ക്ക് ഒത്ത് മികവ് കാണിക്കാന്‍ ടീം പാടുപെടുകയാണ്.
Content Highlight: Real Madrid Going To Release Three Players